ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മൂന്ന് ദിവസ൦ നീണ്ടു നിന്ന ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസങ്ങളിലായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. അതേസമയം പ്രതികളുടെ ഫോൺ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. വധഭീഷണി കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഫോൺ മാറ്റി. ദിലീപ്, അനുപ്, സൂരജ് അപ്പു എന്നിവർ ആണ് ഫോൺ മാറ്റിയത്. ദിലീപിന്റെ വീട്ടിൽ നിന്ന് അന്വേഷണസംഘത്തിന് കിട്ടിയത് പുതിയ ഫോൺ ആണ്. തെളിവുകൾ നശിപ്പിക്കാൻ ആണ് ഫോൺ ഒളിപ്പിച്ചതെന്നാണ് സംശയം.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപടക്കം അഞ്ചു പ്രതികളെ മൂന്നു ദിവസം ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാമെന്നായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പ്രോസിക്യൂഷൻ ഹാജരാക്കിയ ദിലീപിനെതിരായ തെളിവുകൾ ഗൗരവമുളളതെന്ന് വിലയിരുത്തിയ കോടതി അന്വേഷണത്തിൽ ഇടപെടരുതെന്ന ശക്തമായ താക്കീതും പ്രതികൾക്ക് നൽകിയിട്ടുണ്ട്.

Loading...

രാവിലെ 9 മണി മുതൽ രാത്രി വരെ എട്ടുവരെ ചോദ്യം ചെയ്യാം. പ്രതികൾ അന്വേഷണത്തോട് പൂർണമായി സഹകരിക്കണം, കേസിൽ ഇടപെട്ടാൽ കടുത്ത നിലപാടെടുക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി. ഈ മാസം 27 വരെ പ്രതികളുടെ അറസ്റ്റു കോടതി തടഞ്ഞു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ഡിജിപിയോട് ആവശ്യപ്പെട്ടു. 27ന് രാവിലെ 10.15ന് കോടതി ചേർന്ന് തുടർ നടപടി തീരുമാനിക്കും.

പ്രോസിക്യൂഷന്‍റേത് കളളക്കേസെന്നായിരുന്നു വാദത്തിന്‍റെ തുടക്കം മുതൽ പ്രതിഭാഗം നിലപാട്. ദീലീപും കൂട്ടുപ്രതികളും നടത്തിയ പ്രസ്താവന എങ്ങനെ കൊലപാതക ഗൂഡാലോചനയാകുമെന്ന് കോടതി പലവട്ടം സർക്കാരിനോട് ചോദിച്ചു. അതിനുളള തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. തുടർന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ സിംഗിൾ ബെഞ്ച് ചേമ്പറിൽ വെച്ച് പരിശോധിച്ചു. ക്രൈംബ്രാഞ്ചിന്‍റെ പക്കലുളള ദിലീപിനെതിരായ തെളിവുകൾ ആശങ്കയുളവാക്കുന്നതും ഗുരുതരവുമാണെന്ന് കോടതി നീരീക്ഷിച്ചു. തൊട്ടുപിന്നാലെയാണ് കോടതി നിർദേശിക്കുന്ന എന്ത് വ്യവസ്ഥകളോടെയും അന്വേഷണത്തോട് സഹകരിക്കാമെന്ന് ദിലീപും കൂട്ടുപ്രതികളും നിലപാടെടുത്തത്.

അതിനിടെ, നടിയെ ആക്രമിച്ച കേസിൽ അധിക സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കാൻ ഹൈക്കോടതി 10 ദിവസം കൂടി സമയം അനുവദിച്ചു. അധിക സാക്ഷികളിൽ രണ്ടുപേരെ കൂടിയാണ് ഇനി വിസ്തരിക്കാൻ ഉള്ളത്. സാക്ഷികളിൽ ഒരാൾ സംസ്ഥാനത്തിനു പുറത്തും മറ്റൊരാൾ കോവിഡ് ബാധിച്ച ചികിത്സയിലും ആണ്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കോടതി സമയം നീട്ടി നൽകിയത്.