പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌കറ്റില്‍ തുടങ്ങി; സ്‌കൂള്‍ ബാഗില്‍ ലഹരി കടത്ത്

കോഴിക്കോട്. ലഹരിക്ക് അടിമയായ ഏട്ടാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നത്. പരിചയക്കാരിയായ ചേച്ചി തന്ന ബിസ്‌കറ്റിലായിരുന്നു എല്ലാം തുടങ്ങിയതെന്ന് കുട്ടി പറയുന്നു. കബഡി ടീമില്‍ അംഗമായതിനാല്‍ നന്നായി കളിക്കാന്‍ സഹായിക്കുമെന്ന് പറഞ്ഞ് പിന്നെ ഒരു പൊടി മൂക്കിലൂടെ വലിപ്പിച്ചു.

പിന്നീടത് സിറിഞ്ച് വഴി കുത്തി വച്ചു. എംഡിഎംഎ ആണ് അവസാനമായി നല്‍കിയത് മുതിര്‍ന്ന പെണ്‍കുട്ടികള്‍ വഴി ലഹരി സംഘം വലയിലാക്കുകയും ലഹരിക്കടത്തിനു വരെ ഉപയോഗിക്കുകയും ചെയ്ത എട്ടാം ക്ലാസുകാരിയുടെ വാക്കുകളാണിത്. കൗണ്‍സലിങ്ങിലും ചികിത്സയിലും കഴിയുന്ന പെണ്‍കുട്ടി ലഹരിസംഘത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് കൃത്യമായ വിവരം കൊടുത്തെങ്കിലും പോലീസ് ഗൗരവപൂര്‍ണമായ സമീപനം സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്.

Loading...

മയക്കുമരുന്ന് കണ്ണിയിലേക്ക് പെണ്‍കുട്ടിയെ കൂട്ടിച്ചേര്‍ത്ത യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. പല പെണ്‍കുട്ടികളും ഇത്തരത്തില്‍ ലഹരിക്ക് അടിമയാണെന്നും കുട്ടി പറയുന്നു. സ്‌കൂള്‍ ബാഗില്‍ കൊണ്ടു പോയി ലഹരി കൈമാറ്റത്തിനും സംഘം പ്രേരിപ്പിച്ചു. സുഹൃത്തിന്റെ വീട്ടില്‍ പോകുന്നുവെന്ന് വീട്ടില്‍ കള്ളം പറഞ്ഞാണ് പലയിടങ്ങളില്‍ പോയത്. കാലിലോ കൈയിലോ വരയ്ക്കുന്ന ഇസഡ് അക്ഷരം അല്ലെങ്കില്‍ സ്‌മൈല്‍ ഇമോജിയായിരുന്നു കൈമാറ്റത്തിനുള്ള അടയാളം.

ഭക്ഷണം കഴിക്കാനുള്ള താല്‍പര്യക്കുറവിനു പുറമേ കുട്ടിയുടെ ഉന്മേഷം നഷ്ടപ്പെട്ടു തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്ക് സംശയം തോന്നിയത്. കൗണ്‍സലിങ്ങിലൂടെയാണ് ലഹരി വഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. ലഹരി കൈമാറ്റത്തിന് വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തിയതിനു പുറമേ മാഹി കോളജിലെ ഡിഗ്രി വിദ്യാര്‍ഥിയായ യുവാവ് കൂട്ടി കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവവുമുണ്ടായി.

പോക്‌സോ കേസ് മാത്രം എടുത്ത ചോമ്പാല്‍ പോലീസ് സംഭവം നടന്ന ദിവസം യുവാവ് കോളജില്‍ ഹാജരായ രേഖയും ഇയാള്‍ കോളജിലുണ്ടായിരുന്നുവെന്ന അധ്യാപകരുടെ മൊഴിയും കണക്കിലെടുത്ത് വിട്ടയച്ചെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.