ഇന്ത്യയില്‍ നിലവിലുള്ളത് അസാധാരണമായ സാമ്പത്തിക മാന്ദ്യം ;പ്രധാനമന്ത്രിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി: രാജ്യം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് നരേന്ദ്രമോദിയുടെ തന്നെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ കേന്ദ്രത്തിനെതിരെ തുറന്നടിച്ചിരിക്കുന്നത്. നിലവില്‍ രാജ്യം നേരിടുന്നത് അസാധാരണമായ സാമ്പത്തിക മാന്ദ്യമാണെന്നാണ് അരവിന്ദ് സുബ്രഹ്മണ്യന്‍ വ്യക്തമാക്കിയിരിക്കുന്നത്. ജിഡിപി കണക്കുകള്‍ രാജ്യവ്യാപകമായി അംഗീകരിക്കുന്നുണ്ടെന്നും അതിനാല്‍ കണക്കുകളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കി പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2011 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയില്‍ 2.5 ശതമാനം പോയിന്റുകള്‍ അധികമായി കണക്കാക്കിയിരുന്നതായി അരവിന്ദ് സുബ്രഹ്മണ്യന്‍ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ജിഡിപി കണക്കുകളെക്കുറിച്ച് വിശദമാക്കിയത്.

ഇറക്കുമതി, കയറ്റുമതി നിരക്കുകള്‍, അസംസ്‌കൃത വസ്തു വ്യവസായത്തിന്റെ വളര്‍ച്ച, ഉപഭോക്തൃ വസ്തുക്കളുടെ നിര്‍മാണത്തിലെ വളര്‍ച്ച എന്നിവ സാമ്പത്തിക അഭിവൃദ്ധിയുടെ സൂചകങ്ങളാണ്. എന്നാല്‍ ഇതെല്ലാം നിലവില്‍ താഴ്ന്നിരിക്കുകയാണ്.

Loading...

2000 മുതല്‍ 2002 വരെയുള്ള സാമ്പത്തിക മാന്ദ്യ കാലയളവില്‍ കയറ്റുമതി,ഉപഭോക്തൃ,നികുതി വരുമാന കണക്കുകള്‍ തുടങ്ങിയ സൂചകങ്ങളെല്ലാം പോസിറ്റീവായിരുന്നു. എന്നാല്‍ നിലവില്‍ ഈ സൂചകങ്ങളെല്ലാം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു സാധാരണ സാമ്പത്തിക മാന്ദ്യമല്ലെന്നും ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഏഴ് പാദവാര്‍ഷിക കണക്കുകളിലും ഇന്ത്യയുടെ ജിഡിപി നിരക്ക് താഴേക്ക് പോകുന്നതായാണ് സര്‍ക്കാര്‍ കണക്കുകളില്‍ വ്യക്തമാക്കുന്നത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 8 ശതമാനമുണ്ടായിരുന്ന ജിഡിപി 2019-20 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 4.5 ലേക്ക് കൂപ്പു കുത്തിയിരുന്നു.

ഐഐഎം അഹമ്മദാബാദ്, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അരവിന്ദ് സുബ്രഹ്മണ്യന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനാണ്. 2014 മുതല്‍ 2018 വരെയാണ് അദ്ദേഹം നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഇരുന്നത് .