കേരളത്തില്‍ വൈദ്യുതി ഉപയോഗം കൂടുന്നു; മഴ ലഭിച്ചില്ലെങ്കില്‍ അധികവില വരും

തിരുവനന്തപുരം. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം കേരളത്തില്‍ കൂടുകയാണ്. ബുധനാഴ്ച മാത്രം 88.31 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 74.34 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളം പുറത്ത് നിന്നും വാങ്ങിയതാണ്. വേനല്‍ മഴ കുറഞ്ഞതോടെ ചൂട് വര്‍ധിച്ചതാണ് വൈദ്യുതി ഉപഭോഗം കൂടുവാന്‍ കാരണം. കേരളത്തിലെ ജലസംഭരണികളില്‍ 50 ശതമാനത്തില്‍ താഴെയാണ് ജലം അവശേഷിക്കുന്നത്.

വേനല്‍ ചൂട് കൂടുന്നതോടെ വൈദ്യുതി ഉപയോഗവും കൂടും. വൈദ്യുതി ഉപയോഗം കൂടിയാല്‍ യൂണിറ്റിന് 9 പൈസ മുതല്‍ 40 പൈസവരെ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുവാന്‍ നീക്കമുണ്ട്. മാസം 200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 100 രൂപ അധികം വരും. സംസ്ഥാനത്ത് 2023 മാര്‍ച്ച് മുതല്‍ മെയ് 31 വരെ 5363 കോടിരൂപയുടെ 774 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കേണ്ടത്.

Loading...

ഇതില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് 1350 കോടിയുടെ വൈദ്യുതി മാത്രമാണ്. പവര്‍ കട്ട് ഒഴിവാക്കുന്നതിന് ദീര്‍ഘകാല, ഹ്രസ്വകാല കരാറിലൂടെയുംവന്‍ വിലയ്ക്ക് ഓപ്പണ്‍ സോഴ്‌സില്‍ നിന്നും വാങ്ങിയുമാണ് ചെയ്യുന്നത്. സാധാരണ 70 ദശലക്ഷം യൂണിറ്റാണ് പ്രതിദിന ഉപയോഗം. അടുത്തകാലത്ത് വൈദ്യുതി ഉപയോഗത്തില്‍ ഉണ്ടായ ഏറ്റവും വലിയ വര്‍ധന കഴിഞ്ഞ ഏപ്രില്‍ എട്ടിന് 92.88 ദശലക്ഷം യൂണിറ്റാണ്.