ഗുരുവായൂരിൽ ഫോട്ടോഷൂട്ടിനിടെ ഇടഞ്ഞ ആന ഇന്നും ഇടഞ്ഞു

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഫോട്ടോഷൂട്ടിനിടെ പാപ്പാനെ തുമ്പിക്കൈയ്യിൽ കോരിയെടുക്കാൻ നോക്കിയ ആന വീണ്ടും ഇടഞ്ഞു. ദാമോദർദാസ് എന്ന ആനയാണ് ക്ഷേത്രത്തിൽവെച്ച് വീണ്ടും ഇടഞ്ഞത്. കഴിഞ്ഞ മാസം ദമ്പതികളുടെ ഫോട്ടോഷൂട്ടിനിടെയും ആന ഇടഞ്ഞത് വാർത്തയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ശീവേലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു ആന ഇടഞ്ഞത്. പടിഞ്ഞാറേ നടയിൽ എത്തിയപ്പോൾ ആന അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ആനയുടെ നാല് കാലിലും ചങ്ങലയുണ്ടായിരുന്നു. അതിനാൽ വലിയ പരാക്രമങ്ങൾ നടത്തിയില്ല.

Loading...

ഇടഞ്ഞ ദാമോദർദാസിനെ ഉടൻ ആനക്കോട്ടയിലേക്ക് മാറ്റും.കഴിഞ്ഞ 10ാം തിയതിയായിരുന്നു ദാമോദർദാസ് ഇടഞ്ഞത്. ശീവേലി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ഈ സമയം വിവാഹം കഴിഞ്ഞ നവദമ്പതികളുടെ ഫോട്ടോഷൂട്ടും നടക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നിലൂടെ നടന്നുനീങ്ങവേ ആന പെട്ടന്ന് ഇടയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അന്ന് പാപ്പാനെ തുമ്പിക്കൈയിൽ കോരിയെടുക്കാൻ ശ്രമിച്ചെങ്കിലും അരയിൽ ചുറ്റിയിരുന്ന മേൽമുണ്ട് മാത്രമാണ് ആനയുടെ തുമ്പിക്കൈയ്യിൽ കിട്ടിയത്. അത്ഭുതകരമായി പാപ്പാൻ രക്ഷപ്പെടുകയായിരുന്നു.