തമിഴ്നാട് മുന്‍മന്ത്രി എസ്.എസ് കൃഷ്ണമൂര്‍ത്തി അറസ്റ്റില്‍

ചെന്നൈ: കൃഷിവകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുത്തുകുമാരസാമി ആത്മഹത്യ ചെയ്ത കേസില്‍ തമിഴ്‌നാട് മുന്‍ കൃഷിമന്ത്രി അഗ്രി എസ്.എസ്. കൃഷ്ണമൂര്‍ത്തി, കൃഷി വകുപ്പ് ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സെന്തില്‍ എന്നിവര്‍ അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് സംസ്ഥാന പോലീസിലെ സി.ബി.സി.ഐ.ഡി. വിഭാഗം കൃഷ്ണമൂര്‍ത്തിയെ ഞായറാഴ്ച അറസ്റ്റുചെയ്തത്. ഇരുവരെയും തിരുനെല്‍വേലി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി. 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇവരെ പാളയംകോട്ട ജയിലിലേക്കുമാറ്റി.

കൃഷിവകുപ്പില്‍ താത്കാലിക ഡ്രൈവര്‍മാരുടെ നിയമനത്തിന് കൈക്കൂലി പിരിച്ചുകൊടുക്കാന്‍ മുത്തുകുമാരസാമിക്കുമേല്‍ മന്ത്രിയുടെ ഓഫീസില്‍നിന്നും സെന്തിലിന്റെ ഭാഗത്തുനിന്നും സമ്മര്‍ദമുണ്ടായെന്നാണ് സി.ബി.സി.ഐ.ഡി.യുടെ കണ്ടെത്തല്‍. കഴിഞ്ഞ ഫെബ്രുവരിയിലാണ് മുത്തുകുമാരസാമി തിരുനെല്‍വേലിയില്‍ തീവണ്ടിക്കുമുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. സംഭവം തമിഴ്‌നാട്ടില്‍ രാഷ്ട്രീയവിവാദമാവുകയും മാര്‍ച്ച് ഏഴിന് കൃഷ്ണമൂര്‍ത്തി കൃഷിമന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തു. പാര്‍ട്ടിപദവികളില്‍നിന്ന് അദ്ദേഹത്തെ എ.ഐ.എ.ഡി.എം.കെ. നേതൃത്വം നീക്കം ചെയ്യുകയുമുണ്ടായി.

Loading...