പീഡിതര്‍ക്കും ഫേസ് ബുക്ക് സഹായം: ബഹ്റിനില്‍ പീഡനത്തിനിരയായ യുവതിയെ ഫേസ്ബുക്ക് രക്ഷിച്ചു

മനില: ഫേസ് ബുക്ക് കാണാതായവരെ കണ്ടെത്തുന്നതിനും, വിവാഹ മോചനത്തിനും, കുറ്റാന്വേഷണത്തിനും ഉപകരിക്കുന്നതോടൊപ്പം പീഡിതര്‍ക്കും അന്യായ തടങ്കലില്‍ പാര്‍ക്കുന്നവര്‍ക്കും സഹായമാകുന്നു. ബഹ്‌റിനില്‍ വീട്ടു ജോലിക്കാരിയായി കൊടും പീഡനമനുഭവിച്ചുവന്ന ഫിലിപ്പിനോ യുവതിയെ രക്ഷപെടുത്തിയത്‌ ഫേസ്‌ബുക്ക്‌! നിരന്തരമായി ബലാത്സംഗത്തിനും മര്‍ദ്ദനത്തിനും ഇരയായിരുന്ന അബ്ബി ലൂണ എന്ന 28 കാരി തന്റെ ഫേസ്‌ബുക്ക്‌ പേജില്‍ പോസ്‌റ്റു ചെയ്‌ത മൂന്ന്‌ മിനിറ്റ്‌ വീഡിയോ ആണ്‌ അവര്‍ക്ക്‌ തുണയായത്‌.

മയക്കുമരുന്നിന്‌ അടിമയായ വീട്ടുടമയുടെ മകന്‍ തന്നെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുന്നുവെന്നും രക്ഷിക്കണമെന്നും അബ്ബി പൊട്ടിക്കരഞ്ഞുകൊണ്ട്‌ പറയുന്നതാണ്‌ വെബ്‌ക്യാം വീഡിയോയുടെ ഉളളടക്കം. തന്നെ രക്ഷപെടുത്താന്‍ എംബസിയെ ഇടപെടുത്തണമെന്ന സന്ദേശവും പോസ്‌റ്റു ചെയ്‌തിരുന്നു.

Loading...

വ്യാഴാഴ്‌ച പോസ്‌റ്റു ചെയ്‌ത വീഡിയോയ്‌ക്ക് വലിയ പ്രതികരണമാണ്‌ ലഭിച്ചത്‌. 78,000 പേര്‍ ഷെയര്‍ ചെയ്‌ത സന്ദേശത്തിന്‌ പെട്ടെന്നു ഫലം സിദ്ധിക്കുകയും ചെയ്‌തു. നിസ്സഹായയായ അബ്ബിയെ രക്ഷപെടുത്താന്‍ ഫിലിപ്പീന്‍സ്‌ എംബസി തന്നെ മുന്നിട്ടിറങ്ങി. വെളളിയാഴ്‌ച തന്നെ അവരെ എംബസിയുടെ സംരക്ഷണയിലാക്കി.

മകന്റെ ഉപദ്രവത്തെ കുറിച്ച്‌ വീട്ടുടമയോട്‌ പരാതിപ്പെട്ടുവെങ്കിലും പ്രതികരണം മോശമായിരുന്നുവെന്ന്‌ അബ്ബി പറയുന്നു. ഗര്‍ഭിണിയാകുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നടത്തിയാല്‍ മതിയെന്നും കരാര്‍ കാലാവധി കഴിയാതെ നാട്ടിലേക്ക്‌ മടങ്ങാന്‍ അനുവദിക്കില്ലെന്നും വീട്ടുടമ കര്‍ശനമായി പറഞ്ഞു.

ബലാത്സംഗ വിവരം പുറത്തറിഞ്ഞാല്‍ കൊന്ന്‌ മരുഭൂമിയില്‍ കുഴിച്ചുമൂടുമെന്നായിരുന്നു വീട്ടുടമയുടെ മകന്‍ ഭീഷണിപ്പെടുത്തിയിരുന്നത്‌. ക്രുരത മൂലം തന്റെ സ്വകാര്യ ഭാഗങ്ങള്‍ക്ക്‌ മുറിവേറ്റുവെന്നും എതിര്‍ക്കാതിരിക്കാന്‍ തന്റെ കാലുകള്‍ ഇടിച്ചു ചതച്ചുവെന്നും അബ്ബി പറയുന്നു. സംഭവത്തെ കുറിച്ച്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. അതേസമയം, വീട്ടുടമയും മകനും ഫിലിപ്പിനോ യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചിരിക്കുകയാണ്‌.