ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്‍കി മാനഭംഗപ്പെടുത്തി

കല്‍പ്പറ്റ: അമ്പലവയലില്‍ ആദിവാസി പെണ്‍കുട്ടികളെ ഒരു സംഘം ആളുകള്‍ മാനഭംഗപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പുറ്റാട്‌ സ്വദേശി പൗലോസി (50)നെയും ഭാര്യ ശാന്തയെയും പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

അമ്പലവയല്‍ പഞ്ചായത്തിലെ ഒരു പണിയ കോളനിയിലെ പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ ഏഴ്‌ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തഅന്‍ ശ്രമിച്ചു എന്നാണ് ആരോപണം. എന്നാല്‍, സംഭവം വിവാദമായതോടെ പോലീസ്‌ അന്വേഷണത്തിനെത്തിയപ്പോള്‍ പല പെണ്‍കുട്ടികളും കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല.

Loading...

തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന ഒരു പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇവരുടെ ബന്ധുവായ അമ്പലവയല്‍ പുറ്റാട്‌ സ്വദേശി പൗലോസി (50)നെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പൗലോസിന്‌ ഒത്താശ ചെയ്‌തെന്ന പരാതിയില്‍ വെളിപ്പെടുത്തലില്‍ ഭാര്യ ശാന്തക്കെതിരേയും കേസെടുത്തു.

പൗലോസും ശാന്തയും ചേര്‍ന്ന്‌ തന്നെ കെട്ടിയിട്ട ശേഷം ബലമായി മദ്യം കുടിപ്പിച്ചെന്നും പിന്നീട്‌ ശാന്ത തന്റെ ചുരിദാര്‍ കീറിക്കളയാന്‍ ശ്രമിച്ചെന്നുമാണ്‌ പതിനേഴ്‌ വയസുള്ള പെണ്‍കുട്ടി വെളിപ്പെടുത്തിയത്‌. ഈ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ ഒരു യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു.

കോളനിയിലുള്ള ആറിലും ഏഴിലും പഠിക്കുന്ന പെണ്‍കുട്ടികളെ മദ്യം കൊടുത്ത്‌ നിരന്തരം മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണമുയര്‍ന്നത്‌. പല പെണ്‍കുട്ടികളും സ്‌കൂളില്‍ പോകാത്തവരാണ്‌. മാതാപിതാക്കള്‍ പണിക്കു പോകുമ്പോള്‍ കുട്ടികള്‍ മാത്രമാണ്‌ കോളനികളില്‍ ഉണ്ടാകാറുള്ളത്‌. ഈ സാഹചര്യം മുതലെടുത്തായിരുന്നു പീഡനമെന്നു കോളനിക്കാര്‍ പറയുന്നു.

തന്റെ മകളെ വശീകരിച്ച ശേഷം മദ്യം നല്‍കി മയക്കി കെട്ടിയിട്ട്‌ പൗലോസ്‌ ഉപദ്രവിച്ചതായി ഒരു മാതാവ്‌ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരോട്‌ വെളിപ്പെടുത്തിയിട്ടുണ്ട്‌. വൈകിട്ട്‌ പണി കഴിഞ്ഞ്‌ വന്നപ്പോള്‍ മകള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നീട്‌ മകളെ അവശനിലയിലാണു കണ്ടതെന്നും ഇവര്‍ പറയുന്നു.

കൂടാതെ കോളനിയിലുള്ള അവിവാഹിതയായ ഒരു പെണ്‍കുട്ടി ഗര്‍ഭിണിയാണ്‌. ഈ വിവരം ഒരു സാമൂഹിക പ്രവര്‍ത്തക അമ്പലവയല്‍ പോലീസില്‍ അറിയിച്ചിരുന്നു. ഇതിനിടെ കുടെ താമസിച്ചിരുന്ന യുവാവ്‌ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന്‌ പറഞ്ഞതിന്റെ അടിസ്‌ഥാനത്തില്‍ നടപടിയൊന്നും ഉണ്ടായില്ല. ഇതുവരെ വിവാഹം നടന്നിട്ടില്ലെങ്കിലും പെണ്‍കുട്ടി പരാതിപ്പെടാന്‍ തയാറായിട്ടുമില്ല.

പുറമെനിന്നുള്ള ആളുകള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നുണ്ടെന്ന്‌ പരാതി നല്‍കിയിരുന്നുവെന്ന്‌ കോളനിക്കാര്‍ പറയുമ്പോള്‍ അങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്നാണു പോലീസിന്റെ നിലപാട്‌. പല പെണ്‍കുട്ടികളും ഉപദ്രവിക്കപ്പെട്ടിട്ടുണ്ടെങ്കിലും മിക്കവരും പരാതി പറയാന്‍ മടിക്കുകയാണെന്ന്‌ ആദിവാസി സംഘടനാ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത്‌ കേസന്വേഷണത്തെ ബാധിക്കുന്നുണ്ട്‌. പണവും മറ്റ്‌ വാഗ്‌ദാനങ്ങളും നല്‍കി ഇരകളെ നിശബ്‌ദരാക്കാനുളള നീക്കവും നടക്കുന്നുണ്ട്‌.

ഇന്നലെ കോളനിയിലെത്തിയ ജനപ്രതിനിധികളുടെയും ആളുകളുടെയും മുന്നില്‍വച്ചാണ്‌ പോലീസ്‌ പെണ്‍കുട്ടികളെയും വീട്ടുകാരെയും ചോദ്യം ചെയ്‌തത്‌. ആളുകളുടെ മുമ്പില്‍ വച്ച്‌ കാര്യങ്ങള്‍ തുറന്നു പറയാന്‍ പെണ്‍കുട്ടികള്‍ മടികാണിച്ചു. പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കിയശേഷം മൊഴിയെടുക്കാനായി ഉടന്‍ മജിസ്‌ട്രേറ്റിനു മുമ്പില്‍ ഹാജരാക്കുമെന്ന്‌ മാനന്തവാടി ഡിവൈ.എസ്‌.പി: എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു.

തുടര്‍ന്ന്‌ ഇവരെ ചൈല്‍ഡ്‌ വെല്‍ഫെയര്‍ സമിതി മുമ്പാകെ ഹാജരാക്കി കൗണ്‍സലിങ്‌ നല്‍കാനും പോലീസ്‌ തീരുമാനിച്ചിട്ടുണ്ട്‌. കണ്ണൂര്‍ ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ്‌, വയനാട്‌ എസ്‌.പി. അജിതാബീഗം, ഡിവൈ.എസ്‌.പി: എ.ആര്‍. പ്രേംകുമാര്‍, ബത്തേരി സി.ഐ. ബിജുരാജ്‌ തുടങ്ങിയവര്‍ കോളനിയില്‍ എത്തി അന്വേഷണം നടത്തി.

മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടും

തിരുവനന്തപുരം: വയനാട്‌ അമ്പലവയലില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുമെന്ന്‌ അധ്യക്ഷന്‍ ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍. സംഭവം സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നടത്തിയ സിറ്റിങ്ങിനുശേഷം പത്രസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ജസ്‌റ്റിസ്‌ കെ.ജി. ബാലകൃഷ്‌ണന്‍.