സെന്റ് ജോര്‍ജ് (യൂട്ടാ): ഇന്ത്യന്‍ വംശജയും കുപ്രസിദ്ധ ബോംബ്ഷെല്‍ ബാങ്ക് കൊള്ളക്കാരിയുമായ സന്ദീപ് കൗര്‍ (24)നെ അഞ്ചര വര്‍ഷവും 40,000 ഡോളര്‍ പിഴയ്ക്കും കോടതി ശിക്ഷിച്ചു. മൂന്നു സംസ്ഥാനങ്ങളിലായി നാല് ബാങ്കുകള്‍ കൊള്ളചെയ്ത കുറ്റത്തിനാണ് ചൊവ്വാഴ്ച യൂട്ടായിലെ സെന്റ് ജോര്‍ജ് ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതി ഇവരെ ശിക്ഷിച്ചത്. തന്റെ കൈവശം ബോംബ് ഉണ്ടെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണ് കൗര്‍ ബാങ്കുകള്‍ കൊള്ളയടിച്ചിരുന്നതെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണി പോള്‍ കോളര്‍ പറഞ്ഞു.

Sandeep Kaur1ഇന്ത്യന്‍ പഞ്ചാബി വംശജയായ ഇവര്‍ കാലിഫോര്‍ണിയയിലെ യൂണിയന്‍ സിറ്റി നിവാസിയാണ്.

Loading...

പ്രായക്കുറവും പെണ്‍കുട്ടിയെന്ന പരിഗണനയും നല്‍കി ശിക്ഷകുറയ്ക്കണമെന്നുള്ള കൗറിന്റെ അറ്റോര്‍ണി ജേ വിന്‍വേര്‍ഡിന്റെ വാദം കോടതി പരിഗണനയ്ക്കെടുത്തില്ല. ശിക്ഷ 48 മാസമായി ചുരുക്കണമെന്നായിരുന്നു വിന്‍വേര്‍ഡിന്റെ അപേക്ഷ. കൂടാതെ ഇവര്‍ ബാങ്കുകളില്‍ നിന്നും മോഷ്ടിച്ചെടുത്ത പണം തിരികെ നല്‍കാമെന്നും അദ്ദേഹം കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു.

ഇന്ത്യന്‍ കുടുംബ പശ്ചാത്തലത്തില്‍ വളര്‍ന്ന കൗര്‍ ബിരുദധാരിണിയും വിവാഹിതയുമാണ്. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെറുപ്രായത്തില്‍ വിവാഹിതയായ കൗറിന്റെ വിവാഹജീവിതം ദുരിതപൂര്‍ണമായിരുന്നു. ഭര്‍ത്താവിന്റെ പീഡനങ്ങളില്‍ നിന്ന് രക്ഷപെട്ട് മാറി താമസിച്ച കൗര്‍ സ്റ്റോക്ക് മാര്‍ക്കെറ്റ് ക്രയവിക്രയങ്ങളിലൂടെ പണം സമ്പാദിച്ചിരുന്നു. തുടര്‍ന്ന് ലോസ് വെഗാസില്‍ ചൂതാട്ടകേന്ദ്രങ്ങളില്‍ എത്തപ്പെടുകയും, ചൂതുകളികള്‍ക്ക് അടിമയായി സ്റ്റോക്ക് മാര്‍ക്കെറ്റില്‍ നിന്നു സമ്പാദിച്ചതും കൈവശമുണ്ടായിരുന്നതുമായ സകല സമ്പത്തും നശിപ്പിച്ചു. കൂടാതെ കടങ്ങളും വര്‍ദ്ധിച്ചു. പിന്നീട് ജീവിക്കുവാനുള്ള പണത്തിനുവേണ്ടിയാണ് കൗര്‍ ബാങ്ക് കൊള്ള ആരംഭിച്ചതെന്ന് കൗറിന്റെ വക്കീല്‍ വിന്‍വേര്‍ഡ് പറഞ്ഞു.

2014-ലായിരുന്നു ഇവര്‍ ബാങ്കുകള്‍ കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായത്. കാലിഫോര്‍ണിയയില്‍ തുടങ്ങിയ ബാങ്ക് മോഷണങ്ങള്‍ യൂട്ടായിലെ സെന്റ് ജോര്‍ജ് വരെ തുടര്‍ന്നു. പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവില്‍ നെവാഡയില്‍ വച്ചാണ് ഇവര്‍ കസ്റ്റഡിയില്‍ ആകുന്നത്. കറുത്ത കണ്ണടയും, വസ്ത്രങ്ങളും ധരിച്ച് മുഖമൂടിയണിഞ്ഞായിരുന്നു കൗര്‍ കൊള്ളകള്‍ നടത്തിയത്.കൂടാതെ തന്റെ കൈയ്യില്‍ ബോംബുണ്ടെന്നു പറഞ്ഞ് ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇവര്‍ കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നു.