അമേരിക്ക വീണ്ടും വംശീയ കലാപത്തില്‍: കറുത്തവംശജനെ വെളുത്തവംശജനായ പോലീസുകാരന്‍ വെടിവെച്ചു കൊലപ്പെടുത്തി

നോര്‍ത്ത് ചാള്‍സ്റ്റണ്‍ (എസ്.സി): അമേരിക്കയെ വംശീയതയുടെ വിവാദാഗ്നിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഇതാവീണ്ടും ഒരു കറുത്ത വംശജന്‍ വെളുത്ത വംശജനായ പോലീസുകാരന്റെ ക്രൂരതയ്ക്കിരയായി.

walter Scott
കൊല്ലപ്പെട്ട വാള്‍ട്ടര്‍ സ്കാട്ട് (50)

Loading...

നാലു കുട്ടികളുടെ പിതാവും ദക്ഷിണ കരോളിന ചാള്‍സ്റ്റണ്‍ നിവാസിയുമായ വാള്‍ട്ടര്‍ സ്കാട്ട് (50) ആണ് ഇത്തവണ നരാധമനായ പോലീസുകാരന്റെ തോക്കിനിരയായത്. സംഭവുമായി ബന്ധപ്പെട്ട് മൈക്കിള്‍ സ്ലോഗര്‍ (33) എന്ന പോലീസുകാരന്‍ അറസ്റ്റിലാവുകയും, ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു.

Micheal Slagger
പോലീസുകാരന്‍ മൈക്കിള്‍ സ്ലോഗര്‍ (33)

പോലീസിനെ കണ്ട്‌ പേടിച്ചോടിയ നിരായുധനായ സ്കാട്ടിനെയാണ് സ്ലോഗര്‍ വെടിവെച്ച്‌ കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങള്‍ പുറത്തുവിട്ടു. അമേരിക്കയില്‍ കോളിളക്കം സൃഷ്‌ടിക്കാന്‍ പോന്ന അടുത്ത സംഭവത്തില്‍ പിന്നില്‍ നിന്നും കറുത്തവര്‍ഗ്ഗക്കാരന്റെ പുറത്ത്‌ അഞ്ചു തവണ വെടി വെയ്‌ക്കുന്നതിന്റെയും ജീവനില്ലാതെ നിലത്ത്‌ കിടക്കുന്ന ശരീരത്തിന്റെ കൈകള്‍ പിന്നില്‍ കെട്ടി വിലങ്ങു വെയ്‌ക്കുന്നതിന്റെയും ക്രൂര ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും.

ഏകദേശം 15 മുതല്‍ 20 അടി വരെ അകലത്തില്‍ വെച്ചാണ്‌ സ്ലോഗര്‍ സ്‌കോട്ടിനെ വെടിവെയ്‌ക്കുന്നത്‌. സ്കാട്ടിനെ നിരവധി തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയ ശേഷം സ്‌ളാഗര്‍ വീണുകിടന്ന സ്‌കോട്ടിന്റെ മൃതദേഹത്തിനരികിലെത്തി സ്‌ളാഗര്‍ കൈകള്‍ പുറകില്‍ പിടിച്ചുവച്ച് വിലങ്ങണിയിച്ചു. എന്നാല്‍ സ്‌കോട്ടിന്‌ വേണ്ട പ്രഥമശുശ്രൂഷ നടത്താന്‍ തയ്യാറായില്ല.

മകന്റെ കൊലപാതകത്തില്‍ തങ്ങള്‍ക്ക്‌ നീതി ലഭിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സ്‌കോട്ടിന്റെ മാതാപിതാക്കള്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. അമേരിക്കയില്‍ കറുത്തവംശജര്‍ക്ക് നേരെ വെളുത്തവംശജരായ പോലീസുകാരുടെ ക്രൂരതയ്ക്കെതിരെ ജനരോഷം ആളിക്കത്തുന്ന സമയത്താണ് ഇതു നടന്നതെന്നതും കൂടുതല്‍ വംശീയ കലാപത്തിലേക്ക് അമേരിക്കയെ കൊണ്ടെത്തിക്കുന്നു.

വഴക്കിനിടയില്‍ സ്‌കോട്ട്‌ തന്നെ കൊല്ലുമെന്ന്‌ വന്നതോടെയാണ്‌ തനിക്ക്‌ നിറയൊഴിക്കേണ്ടി വന്നതെന്ന ഇയാളുടെ ന്യായീകരണം വീഡിയോ പുറത്തു വന്നതോടെ തെറ്റാണെന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. ഇയാള്‍ ഇതിനുമുമ്പും ഇതുപോലെ നിരായുധരായ നിരവധി ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ ഒരു കേസില്‍ ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.