സൗദി കോടതി മുറികളില്‍ ഇനി സ്ത്രീ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാം

പുരുഷ മേധാവിത്വം നിലനില്‍ക്കുന്ന സൗദി അറേബ്യന്‍ കോടതിമുറികളില്‍ ഇനിമുതല്‍ ഒരു സ്ത്രീശബ്ദവും ഉയര്‍ന്നു കേള്‍ക്കാം. ഇക്കാലമത്രയും സ്ത്രീകള്‍ക്ക് ചുറ്റും അരുതായ്മകളുടെ വേലിക്കെട്ടുകള്‍ തീര്‍ത്തിരിക്കുകയായിരുന്നു അവിടെ. എല്ലാ സ്ത്രീകള്‍ക്കും ഒരു ആണ്‍ രക്ഷാധികാരി വേണമെന്ന് നിയമമുള്ള രാജ്യം. അവിടെ നിന്നാണ് ബയാന്‍ മഹമൂദ് അല്‍-സഹ്‌റന്‍ എന്ന യുവതി സൗദിയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സ് സ്വന്തമാക്കുന്നത്. ഒപ്പം സ്ത്രീകളുടെ നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിന് വേണ്ടി ഒരു നിയമകാര്യ ഓഫീസ് തുറക്കുകയും ചെയ്തു. ബയാനിനെ പോലെ അഭിഭാഷക ലൈസന്‍സ് സ്വന്തമാക്കിയ ജിഹാന്‍ ഖുര്‍ബാന്‍, സാറ അല്‍ ഒമാരി, അമീര ഖുക്വാനി എന്നീ യുവതികളും സ്ത്രീകള്‍ക്കുള്ള നിയമ സഹായവുമായി ബയാനൊപ്പമുണ്ട്.

ഒരു വര്‍ഷക്കാലം ലീഗല്‍ കണ്‍സള്‍ട്ടന്റായി ജോലി നോക്കിയിരുന്ന ബയാന്‍ കഴിഞ്ഞവര്‍ഷം നവംബറില്‍ ജിദ്ദയിലെ ജനറല്‍ കോടതിയില്‍ ഒരു പ്രതിക്ക് വേണ്ടി ഹാജരായതോടെയാണ് സൗദിയിലെ ആദ്യത്തെ വനിതാഅഭിഭാഷകയായി മാറിയത്. ‘സ്ത്രീ അഭിഭാഷകര്‍ക്ക് നിയമവ്യവസ്ഥിതിക്ക് വേണ്ടി ധാരാളം സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് എന്റെ വിശ്വാസം.’ ബയാന്‍ പറയുന്നു. കോടതി കേസുകളുടെയും സ്ത്രീകളെ സംബന്ധിക്കുന്ന വ്യവഹാരങ്ങളുടേയും ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തന്റെ പുതിയ ഉദ്യമത്തിലൂടെ സാധിക്കുമെന്നാണ് ബയാന്‍ വിശ്വസിക്കുന്നത്.

Loading...

സൗദിയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്താനും അവരുടെ അവകാശത്തിന് വേണ്ടി കുറച്ചുകൂടി നന്നായി പ്രവര്‍ത്തിക്കുന്നതിനും ഈ പുതിയ സംരഭത്തിലൂടെ സാധിക്കുമെന്നാണ് ബയാന്‍ കരുതുന്നത്. സ്വന്തം കാര്യങ്ങള്‍ തുറന്നു പറയാനും പറയുന്നത് അതേപടി ഉള്‍ക്കൊള്ളാനും തങ്ങള്‍ക്കുവേണ്ടി നിലകൊള്ളാനും ഒരു വനിതാഅഭിഭാഷക ഉണ്ടാകുന്നത് തീര്‍ച്ചയായും സൗദിയിലെ വനിതകള്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും. കോടതിയെ സമീപിക്കാനുള്ള അവരുടെ ഭയവും കുറയും എന്നും കണക്കാക്കുന്നു.

കാര്യം വനിതകളുടെ അവകാശത്തിനുവേണ്ടിയൊക്കെയാണ് നിലകൊള്ളുന്നതെങ്കിലും സൗദിയില്‍ നിലനില്‍ക്കുന്ന ശരിയ നിയമം തന്നെ ഇവരും പിന്തുടരണമെന്ന് സൗദിയിലെ അധികാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടതിക്കുള്ളില്‍ മറ്റേതൊരു സ്ത്രീയേയും പോലെ ഇസ്ലാം അനുശാസിക്കുന്ന ഹിജാബ് ഇവര്‍ക്ക് ധരിക്കേണ്ടതായും വരും. ഏതായാലും സൗദിയുടെ ചരിത്രത്തിലെ തന്നെ വലിയൊരു നാഴികക്കല്ലായിരിക്കും ബയാന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പ്രമുഖര്‍ വിലയിരുത്തുന്നത്.

ബയാന്റെ പിതാവ് ഷെയ്ക്ക് മഹമൂദ് അല്‍-സഹ്‌റന്‍ മകള്‍ക്ക് പിന്തുണയുമായി കൂടെത്തന്നെയുണ്ട്. ‘സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന മകളെ കുറിച്ചോര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്. പുരുഷ അഭിഭാഷകരുടെ അടുത്ത് പോയി സ്വന്തം പ്രായാസങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കാത്ത സ്ത്രീകള്‍ക്ക് ഇതൊരു വലിയ അനുഗ്രഹമായിരിക്കും’ അദ്ദേഹം പറയുന്നു.

‘സൗദി കോടതിക്കും നിയമത്തിനും നേരെയുള്ള വളരെ പോസിറ്റീവായ മുന്നേറ്റമാണ് ഇത് എന്നാണ് അഭിപ്രായപ്പെടുന്നത്. ഇന്ന് നാല് വനിതകള്‍ക്ക് ലൈസന്‍സ് കിട്ടിക്കഴിഞ്ഞിരിക്കുന്നു.ഭാവിയില്‍ ഇപ്രകാരം ലൈസന്‍സ് നേടുന്നവരുടെ എണ്ണം കൂടുമെന്നാണ് ഞാന്‍ കരുതുന്നത് ‘ ബയാന്‍ തന്റെ പ്രതീക്ഷ പങ്കുവച്ചു.

ഇതോടെ സൗദിയിലെ സ്ത്രീകളുടെ അവസ്ഥയില്‍ ക്ഷിപ്രഗതിയില്‍ വലിയൊരുമാറ്റം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയൊന്നും വേണ്ട. പക്ഷേ വലിയൊരു മുന്നേറ്റത്തിലേക്കുള്ള ഒരു ഉറച്ച ചുവടുവയ്പ്പായി തീര്‍ച്ചയായും ഈ മുന്നേറ്റത്തെ സ്വീകരിക്കാവുന്നതാണ്.