മാണിയെക്കുറിച്ച് പി.സി. ജോര്‍ജിന് ഒന്നും അറിയില്ല, ജോര്‍ജിന്റെ അഭിപ്രായവും മാറും: ഉണ്ണിയാടന്‍

തൃശ്ശൂര്‍: കെ.എം. മാണിയെക്കുറിച്ച് പി.സി ജോര്‍ജിന് ഒന്നും അറിയില്ലെന്നും പി.സി തോമസിനുണ്ടായിരുന്ന അഭിപ്രായം മാറിയതുപോലെ പി.സി. ജോര്‍ജ്ജിന്റെ അഭിപ്രായവും മാറുമെന്നും ഗവ. ചീഫ് വിപ്പായി നിയമിതനായ തോമസ് ഉണ്ണിയാടന്‍ പറഞ്ഞു. തൃശ്ശൂര്‍ പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാണിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളാണ് പി.സി. തോമസ്. എന്നാല്‍, കുറ്റം തെളിയുന്നതുവരെ മാണിയെ പ്രതിയായി കണക്കാക്കാനാകില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതുപോലെ പി.സി. ജോര്‍ജ്ജിന്റെ അഭിപ്രായവും മാറും. ജോര്‍ജ്ജ് യു.ഡി.എഫിന്റെ ഭാഗമാണെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ഉണ്ണിയാടന്‍ പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ്ജിന്റെ വോട്ടും യു.ഡി.എഫിന് കിട്ടുമെന്ന് ഉറപ്പാക്കും. അനൈക്യം ഉണ്ടാക്കുകയല്ല, ഐക്യം ഉറപ്പിക്കുകയാണ് തന്റെ ലക്ഷ്യം. എല്ലാവരെയും ഒരു കുടക്കീഴില്‍ നിര്‍ത്താനുള്ള ഉത്തരവാദിത്വമാണുള്ളത്. നിയമസഭയുടെ പ്രവര്‍ത്തനത്തിന് ഇടതുപക്ഷത്തിന്റെ സഹകരണവും ഉറപ്പാക്കാന്‍ ശ്രമിക്കും. തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും ചീഫ് വിപ്പിന്റെ അധികാരങ്ങളും കടമകളും വ്യക്തമാക്കുന്ന നിയമനിര്‍മ്മാണത്തിന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...