മരണ വാർത്ത കേട്ടാൽ മാത്രം ഉറക്കം ഉണരുന്ന ഭക്ഷ്യസുരക്ഷാ വകുപ്പ് ; ഇനിയും എത്ര ജീവൻ പൊലിയണം ?

തിരുവനന്തപുരം : നാടും നഗരവും ജീവിതവും രീതികളും എല്ലാം മാറിക്കഴിഞ്ഞു. മലയാളികൾ ഫാസ്റ്റ് ഫുഡ് തങ്ങളുടെ ജീവിതശൈലിയുടെ ഭാഗമായിട്ട് കാലങ്ങൾ ഏറെയായി. ഇതിൽ മാറ്റം വരുത്താൻ ആകാത്ത അവസ്ഥയിലെത്തി. എന്നാൽ സുരക്ഷിതമായ ഭക്ഷണം കഴിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. ഇത് ഉറപ്പു വരുത്തേണ്ടവരുടെ ഉറക്കമാണ് പ്രശ്നം. ഹോട്ടലുകളിൽ കാര്യമായ രീതിയിലുള്ള പരിശോധനകൾ നടക്കുന്നത് മിക്കപ്പോഴും ഒരു ഭക്ഷ്യവിഷബാധ മരണത്തിന് പിന്നലെയാണ്. എന്തുകൊണ്ട് ഇതിന് മുൻപ് ഇത്തരം പരിശോധനകൾ കൃത്യമായി നടക്കുന്നില്ല.

ഇത് നടത്താനല്ലെങ്കിൽ എന്തിനാണ് സംസ്ഥനത്തിന് ഒരു ഭക്ഷ്യസുരക്ഷാ വകുപ്പ്. കൃത്യമായി ഇവർ തങ്ങളുടെ ജോലി ചെയ്തിരുന്നെങ്കിൽ ഒഴുവാക്കാമായിരുന്നില്ലേ ഈ മരണങ്ങൾ. അപ്പോൾ ഈ മരണങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പും ഒരുതരത്തിൽ ഉത്തരവാദികളല്ലേ ? ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രം ഉണർന്ന് പ്രവർത്തിക്കുന്നതായി മാറുകയാണ് ഭക്ഷ്യസുരക്ഷാ സംവിധാനം എന്നുവേണം അനുമാനിക്കാൻ. കോട്ടയത്തു ഭക്ഷ്യവിഷബാധയേറ്റു യുവതി മരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ആകമാനം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന എന്ന പ്രഹസനം നടന്നു. ഒറ്റദിവസം കൊണ്ട് നാനൂറിലധികം ഹോട്ടലുകൾക്ക് എതിരെ നടപടിയെടുത്തു എന്നും പറയപ്പെടുന്നു.

Loading...

എന്നിട്ടെന്തുണ്ടായി ആറ് ദിവസത്തിനിടെ രണ്ടാമതൊരു മരണത്തിന് കൂടി കേരളം സാക്ഷ്യം വഹിച്ചു. കോട്ടയത്തെ നഴ്സ്, രശ്മിയുടെ ജീവൻ എടുത്തത് അൽഫാം ആയിരുന്നു എങ്കിൽ ഇന്ന് കാസർകോട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയെ കൊന്നത്, കുഴിമന്തി ആണ്. കാസർകോട്ടെ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ അഞ്ജു ശ്രീ പാർവതിക്ക് ശാരീരിക അസ്വസ്ഥത ആരംഭിച്ചു. ഗുരുതര അവസ്ഥയിലായ പെൺകുട്ടിയെ ആദ്യം കാസർകോടും പിന്നീട് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ആരോഗ്യ നില ഗുരുതരമായ പെൺകുട്ടി മരണത്തിന് കീഴടങ്ങുക ആയിരുന്നു.

മരണത്തിന് വിശദ റിപ്പോർട്ട് ആരോഗ്യമന്ത്രി വീണ ജോർജും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 29ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം കഴിച്ചാണ് രശ്മി മരിച്ചത്, കൃത്യം ആറു ദിവസങ്ങൾക്ക് ഇപ്പുറം അഞ്ജു ശ്രീ പാർവതിയും. അത്യാഹിതങ്ങൾ നടക്കുമ്പോൾ മാത്രം പരിശാധന പ്രഹസനം നടത്തുന്ന ഉദ്യോഗസ്ഥർ ഈ മരണങ്ങൾക്ക് ഉത്തരം പറയാൻ
ബാധ്യസ്ഥരാണ്.