സംസ്ഥാനത്തെ ഹോട്ടലുകളിൽ വ്യാപക പരിശോധന; മിക്കയിടത്തും പഴകിയ ഭക്ഷണം

തിരുവനന്തപുരം: കാസർകോട് വിദ്യാർത്ഥിനി ഷവർമ കഴിച്ച് മരിച്ച സംഭവത്തെത്തുടർന്ന് സംസ്ഥാനത്ത് പരിശോധന കർശനമാക്കിയിരിക്കുകയാണ് ആരോ​ഗ്യ വകുപ്പ്.ഹോട്ടലുകളിൽ ഇപ്പോഴും മിന്നൽ പരിശോധന തുടരുകയാണ്. ഇതുവരെ 110 ലധികം ഹോട്ടലുകൾ പൂട്ടിച്ചു. ഇപ്പോളഅ‍ ബാർ ഹോട്ടലുകളിലേക്കും സ്റ്റാർ ഹോട്ടലുകളിലേക്കും മാർജിൻഫ്രീ ഷോപ്പുകളിലേക്കും പരിശോധന വ്യാപിപ്പിച്ചിരിക്കുകയാണ് ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകൾ. തിരുവനന്തപുരത്ത് ആശുപത്രി കാൻറീനിലും മെസ്സിലും ബാർ ഹോട്ടലിൽ നിന്നുമായി പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി.

കാസർഗോഡ് തമിഴ്നാട്ടിൽ നിന്നും എത്തിയ 200 കിലോ പഴകിയ മത്സ്യം പിടികൂടി. വിവിധ ജില്ലകളിലായി വഴിയോര ഭക്ഷണശാലകളിലേക്കും തട്ടുകടകളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം.തിരുവനന്തപുരം നെടുമങ്ങാട് ബാർ ഹോട്ടൽ സൂര്യ, ഇന്ദ്രപ്രസ്ഥ, സെൻട്രൽ പ്ലാസ എന്നിവിടങ്ങളിൽ ഇന്ന് ഭക്ഷ്യ സുരക്ഷാ-തദ്ദേശ വകുപ്പുകളുടെ പരിശോധന നടന്നു. വൃത്തിഹീനമായി സൂക്ഷിച്ച ചിക്കൻ, ബീഫ്, മുട്ട, പൊറോട്ട ഉൾപ്പടെ കണ്ടെത്തി. എസ്.യു.ടി ആശുപത്രിയിലെ മെസ്സിൽ നിന്നും കാന്റീനിൽ നിന്നുമായി പഴകിയ മീനും എണ്ണയും കണ്ടെടുത്തു. വാളിക്കോട് ജംക്ഷനിലെ കോട്ടൂരാൻ എന്ന കട പൂട്ടി. കച്ചേരി ജംക്ഷനിൽ മാർജിൻ ഫ്രീ ഷോപ്പിൽ സാധനങ്ങൾ വെച്ച മുറിയിൽ എലിയെ പിടിക്കാൻ കൂടുവെച്ച നിലയിലായിരുന്നു. ഈ മാർജിൻ ഫ്രീ ഷോപ്പിന് നോട്ടീസ് നൽകി. തിരുവനന്തപുരം നഗരത്തിലും വ്യാപക പരിശോധന നടക്കുകയാണ്. പ്രധാന ഹോട്ടലുകളെത്തന്നെ കേന്ദ്രീകരിച്ചാണ് പരിശോധന. നാല് സ്ക്വാഡുകളാണ് നഗരത്തിൽ ചുറ്റുന്നത്. പരിശോധനയറിഞ്ഞ് മിക്കവരും ജാഗരൂകരാണെങ്കിലും പലയിടത്തും കാഴ്ച്ചകൾക്ക് മാറ്റമുണ്ടായില്ല.

Loading...