മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു

ന്യൂഡൽഹി. മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് (75) അന്തരിച്ചു. അദ്ദേഹം ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാവ് കൂടിയാണ്. മകൾ സുഭാഷിണി ശരത് ട്വിറ്ററിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19നായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായിരുന്നു.

7 തവണ ലോക്സഭാംഗവും 4 തവണ രാജ്യസഭാംഗവുമായിരുന്ന ശരദ് യാദവ് 1989–90, 1999–04 കാലഘട്ടങ്ങളിൽ കേന്ദ്രമന്ത്രിയുമായി. 1989ൽ വിപി സിങ് സർക്കാരിൽ ടെക്സ്റ്റൈൽസ്, ഭക്ഷ്യസംസ്കരണ വകുപ്പുകളും 1999ലെ വാജ്പേയി സർക്കാരിൽ വ്യോമയാന, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു. 33 വർഷം പാർലമെന്റ് അംഗമായി.

Loading...

മധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയിലെ ബാബായ് ഗ്രാമത്തിൽ നന്ദ് കിഷോർ യാദവിന്റെയും സുമിത്ര യാദവിന്റെയും മകനായി 1947 ജൂലൈ ഒന്നിനായിരുന്നു ജനനം. ജബൽപുർ എൻജിനീയറിങ് കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. ഭാര്യ: ഡോ.രേഖ യാദവ്. മക്കൾ: സുഭാഷിണി, ശന്തനു.