ജര്‍മന്‍ വിമാന ദുരന്തം: സഹപൈലറ്റിന്റെ ക്രൂരകൃത്യം

പാരീസ്‌: ആല്‍പ്‌സ്‌ പര്‍വതനിരകളില്‍ 150 ജീവന്‍ പൊലിഞ്ഞ ജര്‍മന്‍ വിങ്‌സ്‌ വിമാനദുരന്തം സഹപൈലറ്റ്‌ മനഃപൂര്‍വ്വം സൃഷ്ടിച്ചത്. പറക്കലിനിടെ പ്രധാന പൈലറ്റ്‌ ബാത്ത് റൂമില്‍ പോകാനായി പുറത്തിറങ്ങിയ തക്കം നോക്കി കോക്‌പിറ്റിന്റെ വാതില്‍ അകത്തുനിന്നു പൂട്ടിയ സഹപൈലറ്റ്‌ വിമാനം ആല്‍പ്‌സില്‍ ഇടിച്ചിറക്കുകയായിരുന്നെന്ന്‌ ഫ്രഞ്ച്‌ അന്വേഷകര്‍ വെളിപ്പെടുത്തി.ബ്ലാക്‌ ബോക്‌സില്‍ നിന്നു ലഭിച്ച ശബ്‌ദരേഖ വിശകലനം ചെയ്‌താണ്‌ ദുരന്തം സഹ പൈലറ്റിന്റെ സൃഷ്‌ടിയാണെന്നു സ്‌ഥിരീകരിച്ചത്‌.

സുരക്ഷാ കോഡ്‌ ഉപയോഗിച്ച്‌ കോക്‌പിറ്റിന്റെ വാതില്‍ തുറന്ന്‌ അകത്തു കടക്കാനുള്ള പ്രധാന പൈലറ്റിന്റെ ശ്രമം പരാജയപ്പെട്ടു. വാതിലില്‍ മുട്ടി വിളിച്ചിട്ടും സഹ പൈലറ്റ്‌ പ്രതികരിക്കാതിരുന്നതോടെ അദ്ദേഹം വാതില്‍ തകര്‍ക്കാനുള്ള വൃഥാ ശ്രമം നടത്തി- വിമാനത്തിന്റെ പറക്കലിലെ അവസാന 10 മിനിറ്റ്‌ സംഭവങ്ങള്‍ വിശദീകരിച്ച്‌ പ്രോസിക്യുട്ടര്‍ ബ്രൈസ്‌ റോബിന്‍ പറഞ്ഞു.

Loading...

38000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം പൊടുന്നനെ കൂപ്പുകുത്തുകയായിരുന്നു.38000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം 100 അടി ഉയരത്തില്‍ പറക്കുന്നതിനായി ഓട്ടോ പൈലറ്റ് ലൂബിറ്റ്സ് പ്രോഗ്രാം ചെയ്തിരുന്നതായി ബ്ലാക്ബോക്സില്‍ നിന്നുള്ള രേഖകള്‍ സൂചിപ്പിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലംപതിക്കാറായപ്പോള്‍ വിമാനത്തിലെ അലാം അത്യുച്ചത്തില്‍ മുഴങ്ങുന്നതു ബ്ലാക്‌ ബോക്‌സിലെ റെക്കോഡറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവസാന നിമിഷങ്ങളില്‍ മാത്രമാണു യാത്രക്കാര്‍ വിവരമറിഞ്ഞതെന്നും അവരുടെ നിലവിളി ഉയര്‍ന്നപ്പോഴേക്കും ദുരന്തം സംഭവിച്ചിരുന്നെന്നും റോബിന്‍ പറഞ്ഞു.

ലുഫ്‌താന്‍സ എയര്‍ലൈന്‍സിന്റെ സഹ സ്‌ഥാപനമാണു ജര്‍മന്‍വിങ്‌സ്‌. പരിചയസമ്പന്നനായ എസ്‌. പാട്രിക്‌ ആയിരുന്നു പ്രധാന പൈലറ്റ്‌. ദുരന്തമുണ്ടാക്കിയത്‌ ജര്‍മന്‍കാരനായ ആന്‍ഡ്രിയാസ്‌ ഗുന്തര്‍ ലൂബിറ്റ്‌സ്‌ എന്ന 28-കാരനാണെന്ന് അധികൃതര്‍ സ്‌ഥിരീകരിച്ചു. വെറും 600 മണിക്കൂര്‍ മാത്രമായിരുന്നു പറക്കല്‍ പരിചയമെങ്കിലും പ്രാഗത്ഭ്യത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ആളാണു ലൂബിറ്റ്‌സ്‌.

അനധികൃതമായി ആരും കടക്കാതിരിക്കാനായി സവിശേഷ കോഡ്‌ കൊണ്ടു പൂട്ടുന്നതാണു കോക്‌പിറ്റ്‌ വാതില്‍. റാഞ്ചിയ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള 9/11 ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ഈ സുരക്ഷാ ക്രമീകരണം കൂടുതല്‍ ശക്‌തമാക്കിയിരുന്നു.

രഹസ്യ കോഡ്‌ അറിയാവുന്നവര്‍ക്കു പോലും ഉള്ളില്‍നിന്നുള്ള അനുമതിയുണ്ടെങ്കിലേ കോക്‌പിറ്റ്‌ വാതില്‍ തുറക്കാനാകൂ. ഉള്ളില്‍ കടക്കാനുള്ള പ്രധാന പൈലറ്റിന്റെ ശ്രമം പരാജയപ്പെട്ടത്‌ ഇതു മൂലമാണ്‌.രണ്ടു പൈലറ്റുമാരും മറ്റ്‌ നാലു ജീവനക്കാരും 144 യാത്രക്കാരുമാണു വിമാനത്തിലുണ്ടായിരുന്നത്‌. 16 സ്‌കൂള്‍ കുട്ടികളടക്കം 72 പേര്‍ ജര്‍മന്‍കാര്‍. 51 പേര്‍ സ്‌പെയിന്‍കാര്‍. ഓസ്‌ട്രേലിയ, അര്‍ജന്റീന, ബ്രിട്ടന്‍, ഇറാന്‍, വെനസ്വേല, യുഎസ്‌, നെതര്‍ലന്‍ഡ്‌സ്‌, കൊളംബിയ, മെക്‌സിക്കോ, ജപ്പാന്‍, ഡെന്മാര്‍ക്ക്‌, ഇസ്രയേല്‍ തുടങ്ങിയ 13 രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു മറ്റുള്ളവര്‍.

മാര്‍ച്ച്‌ 24ന്‌ പ്രാദേശിക സമയം രാവിലെ 9.01 നാണ്‌ വിമാനം ബാര്‍സലോണയില്‍ നിന്നു പറന്നുയര്‍ന്നത്‌. അര മണിക്കൂറിനുള്ളില്‍ 38,000 അടി ഉയരത്തിലെത്തി. പറക്കല്‍ സുഗമമാണെന്ന്‌ 9.30ന്‌ എയര്‍ ട്രാഫിക്‌ കണ്‍ട്രോളിലേക്കു വിമാനത്തില്‍നിന്നുള്ള സന്ദേശം എത്തി. 9.40ന്‌ വിമാനവുമായുള്ള സിഗ്‌നല്‍ ബന്ധം നിലച്ചു.

ഇതു സഹപൈലറ്റ്‌ ലൂബിറ്റ്‌സിന്റെ മനഃപൂര്‍വമായ പ്രവൃത്തിയുടെ ഫലമായിരുന്നു. പത്തു മിനിറ്റിനുള്ളില്‍ ദുരന്തം സംഭവിച്ചു.9.47 ന്‌ വിമാനത്തില്‍നിന്ന്‌ അപായസന്ദേശം ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അത്‌ റഡാര്‍ ബന്ധം വിച്‌ഛദിക്കപ്പെട്ടതോടെ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ പുറപ്പെടുവിച്ചതാണെന്നു പിന്നീട്‌ സ്‌ഥിരീകരിച്ചു.അതിവേഗത്തിലാണ്‌ വിമാനം പര്‍വതനിരയില്‍ ഇടിച്ചിറങ്ങിയത്‌. വിമാനം ഛിന്നഭിന്നമായി ചിതറിത്തെറിച്ചതില്‍നിന്നു ഇതു വ്യക്‌തം.

ലൂബിറ്റ്‌സിനു ഭീകരബന്ധമുള്ളതായി യാതൊരു തെളിവും ഇതുവരെയും ലഭിച്ചിട്ടില്ല. എന്നാല്‍ ലൂബിറ്റ്സിന്റെ വീട്ടില്‍ പരിശോധന നടത്തി അധികൃതര്‍ ധാരാളം തെളിവുകള്‍ ശേഖരിച്ചു. അദ്ദേഹത്തിന്റെ മാനസിക സ്ഥിതി അപ്പോള്‍ എപ്രകാരമായിരുന്നു എന്നതിനു പഠനങ്ങള്‍ നടക്കുന്നു. ലൂബിറ്റ്സിനെ എന്താണു പ്രകോപിപ്പിച്ചതെന്നു വ്യക്‌തമാകണമെങ്കില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നു ലുഫ്‌താന്‍സ മേധാവി കാസ്‌റ്റന്‍ സ്‌പോര്‍ പറഞ്ഞു.