ടെക്‌സസ്: സ്വര്‍ഗ്ഗത്തില്‍ ചെന്ന് ക്രിസ്തുവിനെ കാണുകയും ദൈവത്തിന്റെ മടിയില്‍ ഇരുന്നുവെന്നും ഒരു ടെക്‌സസ് കാരി പെണ്‍കുട്ടി അവകാശപ്പെടുന്നു. ഇപ്പോള്‍ പന്ത്രണ്ടുവയസ്സുള്ള അനബെല്‍ ആണ് ദൈവത്തെ നേരിട്ടുകണ്ട ഈ സൗഭാഗ്യവതി.

2011-ല്‍ ആയിരുന്നു സംഭവം. അന്ന് 9 വയസ് പ്രായമുണ്ടായിരുന്ന അനബെല്ലും, സഹോദരി അബിഗേയിലും കൂടി അവരുടെ തൊടിയില്‍ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയില്‍ തൊടിയിലുണ്ടായിരുന്ന അകം പൊള്ളയായ ഒരു കോട്ടണ്‍വുഡ് മരത്തിലേക്ക് അനബെല്‍ കയറി. അതിന്റെ മുകളില്‍ ഉണ്ടായിരുന്ന ഒരു ദ്വാരത്തില്‍ തലയിട്ട് നോക്കുന്നതിനിടയില്‍ അനബെല്‍ മരപ്പൊത്തിലൂടെ തലകുത്തി താഴേക്ക് വീണു. 30 അടി ആഴമുണ്ടായിരുന്നു ആ മരപ്പൊത്തിന്.

വീഴ്ചയില്‍ മരത്തിന്റെ ഉള്ളില്‍ മൂന്നിടത്ത് തലയിടിച്ചു. ബോധം നഷ്ടപ്പെട്ട അനബെലിനെ മരത്തിന്റെ ഉള്ളില്‍ നിന്ന് പുറത്തെടുത്ത് ഫോര്‍ട്ട് വര്‍ത്തിലുള്ള കുക്ക് ചില്‍ഡ്രന്‍സ് ആശുപത്രിയിലാക്കി. അത്ഭുതമെന്ന് പറയട്ടെ അനബെല്ലിന് ബോധം നഷ്ടപ്പെട്ടതല്ലാതെ യാതൊരു പരുക്കും സംഭവിച്ചില്ല. അവള്‍ക്ക് തിരികെ ബോധം ലഭിച്ചപ്പോഴാണ് എല്ലാവരെയും കോരിത്തരിപ്പിച്ചുകൊണ്ട് ഈ സംഭവം അനബെല്‍ വിശദീകരിച്ചത്.

അവള്‍ അബോധാവസ്ഥയില്‍ ആയിരുന്ന സമയം യേശുവിനോടൊപ്പം സ്വര്‍ഗത്തില്‍ ആയിരുന്നെന്നും യേശു അവളെ എടുത്ത് മടിയില്‍ വച്ച് പരിലാളിച്ചുവെന്നും അവള്‍ പറഞ്ഞു. കൂടാതെ യേശുവിന് സാന്താക്ലോസിന്റെ രൂപമായിരുന്നുവെന്നും അവള്‍ പറഞ്ഞു.
അനബെല്‍ 2008 മുതല്‍ സൂഡോ-ഒബ്സ്ട്രക്ഷന്‍ മോബിലിറ്റി ഡിസോര്‍ഡര്‍ എന്നൊരു അസുഖം ഉള്ളവള്‍ ആയിരുന്നു. ഈ സംഭവത്തിനു ശേഷം ആ അസുഖവും അവളെ വിട്ടുമാറിയതായി മാതാപിതാക്കള്‍ പറയുന്നു.
തുടര്‍ന്ന് ആ മരത്തില്‍ ഒരു കുരിശടയാളം തീര്‍ത്ത് ആ കുടുംബം എന്നും അതിനു ചുവട്ടില്‍ പ്രാര്‍ഥന കഴിക്കുന്നു.
