മൊബൈൽഗെഡോൺ; ഇന്റർനെറ്റിലെ പുതിയ വിപ്ലവം ഏപ്രിൽ 21ന്

മൊബൈൽ ഫോണുകൾക്ക് അനുയോജ്യമായ രീതിയിൽ തയാറാക്കിയ സേർച്ച് എഞ്ചിന് അപ്‌ഡേറ്റ് ഗൂഗിൾ ഏപ്രിൽ 21-ന് പുറത്തിറക്കുന്നു. കാലത്തിനൊത്ത് കോലം മാറാതെ പറ്റുവോ? അതിനു തയാറാല്ലെങ്കിൽ പിന്നോട്ടു മാറിക്കോളൂ, എന്നാണ് ഇന്റർനെറ്റ് ഭീമൻ ഗൂഗിളിന്റെ മുന്നറിയിപ്പ്. ‘മൊബൈൽഗെഡോൺ’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഇന്റർനെറ്റ് രംഗത്തെ മൊബൈൽ ഫോൺ വിപ്ലവത്തിന് പുതിയ മാനം നൽകുകയാണ് ഏപ്രിൽ 21-ന് പുറത്തിറക്കുന്ന ‘മൊബൈൽ-സൗഹാർദ’ സേർച്ച് എഞ്ചിൻ അപ്‌ഡേറ്റിലൂടെ ഗൂഗിൾ.
വിരൽത്തുമ്പിൽ തുറക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വിപണിയുടെ അനന്ത സാധ്യതകൾ വളരെ നേരത്തെ തിരിച്ചറിഞ്ഞ ഗൂഗിൾ വിപണിയിലെ മത്സരാർത്ഥികൾക്ക് തങ്ങളുടെ പുതിയ ‘അപ്‌ഡേറ്റിനെ’ കുറിച്ച് നൽകിയ മുന്നറിയിപ്പ് ഇതായിരുന്നു; ‘ഒന്നുകിൽ നിങ്ങൾ മൊബൈൽ ഫോണുകൾക്ക് അനുയോജ്യമായ വൈബ്‌സൈറ്റുകൾ തയാറാക്കുക, അല്ലെങ്കിൽ സേർച്ച് റിസൾട്ട് മുൻഗണനയിൽ പിന്നോട്ടു മാറുക.’ ലളിതമായി പറഞ്ഞാൽ ഏപ്രിൽ 21-നു ശേഷം, ഗൂഗിളിൽ എന്തെങ്കിലും കാര്യങ്ങൾക്ക് തിരച്ചിൽ നടത്തുമ്പോൾ, മൊബൈൽ സൗഹാർദ്ദമായിട്ടുള്ള വൈബ്‌സൈറ്റുകൾ ആയിരിക്കും പട്ടികയിൽ ആദ്യം ഇടംപിടിക്കുക. കഴിഞ്ഞ രണ്ടു വർഷത്തോളമായി ‘മൊബൈൽ സൗഹാർദ്ദം’ എന്നത് സേർച്ച് റാങ്കിംഗിന്റെ ഒരു ഘടകമായിരുന്നെങ്കിലും ഇതിന് കുറച്ചുകൂടി പ്രാധാന്യം കൈവരുകയാണ് ഗൂഗിളിന്റെ പുതിയ അപ്‌ഡേറ്റിലൂടെ. മുമ്പ് ഗൂഗിൾ തന്നെ കൊണ്ടുവന്നിട്ടുള്ള പാണ്ട, പെൻഗ്വിൻ പോലുള്ള അപ്‌ഡേറ്റുകളേക്കാൾ വിശാലമായ പ്രതികരണമാണ് പുതിയ സംരംഭത്തിനു ലഭിച്ചേക്കുക എന്നാണ് വിദഗ്ധ മതം.

എന്തായാലും, ഗൂഗിളിന്റെ തീരുമാനം, ഇന്റർനെറ്റിനെ ഗണ്യമായി ആശ്രയിക്കുന്ന പുതുതലമുറ വിപണിയിൽ ഉണ്ടാക്കിയേക്കാവുന്ന ചലനങ്ങൾ ചെറുതായിരിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കാരണം, ഉപ്പു തൊട്ടു കർപ്പൂരം വരെ വാങ്ങാൻ നെറ്റിൽ തിരച്ചിൽ നടത്തിയിട്ട് കടയിലേക്ക് പോകുന്ന ആധുനിക തലമുറയിലെ ഉപഭോക്താക്കൾക്കിടയിൽ സേർച്ച് എഞ്ചിനിലെ റാങ്കിംഗ് നിർണായകമാണ് എന്ന കാര്യത്തിൽ സംശയമില്ല. വിശേഷിച്ചും മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വർദ്ധനവിന്റെ കണക്കുകൾ മനസ്സിലാക്കുമ്പോൾ. 2015 ഏപ്രിൽ 1-ന് പുറത്തുവന്ന ഒരു സർവേ ഫലം ഇതായിരുന്നു; അമേരിക്കയിൽ എട്ടിൽ ഏഴു പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നത് മൊബൈലിൽ ആണത്രേ. 2014-ൽ ഇതേ സർവേ നടത്തിയവർ കണ്ടെത്തിയിരുന്നത് ഡിജിറ്റൽ മീഡിയായിൽ വിനിയോഗിക്കപ്പെടുന്ന 60% സമയവും മൊബൈൽ ഫോണിലൂടെ ആണ് എന്നായിരുന്നു.

Loading...

‘ഗൂഗിളിന്റെ പുതിയ മൊബൈൽ-സൗഹാർദ്ദ പ്രോഗ്രാം, പേജിന് അനുസൃതമായ രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുംവിധം തയാറാക്കപ്പെട്ടിരിക്കുന്നതായിരിക്കും. അതിനർത്ഥം, ചില പേജുകൾ മൊബൈൽ-സൗഹാർദ്ദപരവും മറ്റുള്ളവ അങ്ങനെയല്ലാത്തതുമായിരിക്കും. ഈ സാഹചര്യത്തിൽ മൊബൈൽ-സൗഹാർദ്ദ രൂപകൽപനയോടു കൂടിയ പേജുകൾക്ക് മൊബൈൽ ഫോണിലെ തിരയലുകളിൽ മുൻതൂക്കം ലഭിക്കുന്നു,’ ഇന്റർനെറ്റ് രംഗത്തെ വിദഗ്ധർ പറയുന്നു.

മൊബൈൽ ഉപയോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദവും അനുയോജ്യകരവുമായ രീതിയിൽ വൈബ്‌സൈറ്റുകളിലേക്ക് വഴിയൊരുക്കുക എന്നതാണ് ഗൂഗിളിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെയാണ് വളരെ മുമ്പുതന്നെ തങ്ങളുടെ സാങ്കേതികവിദ്യയിൽ വരുത്താൻ പോകുന്ന മാറ്റത്തെ കുറിച്ച് അവർ പ്രഖ്യാപനം നടത്തിയതും വെബ്‌സൈറ്റ് ഉടമകളോട് അതിന്റെ ഘടനയിൽ മാറ്റം വരുത്താനുള്ള നിർദ്ദേശം നൽകിയതും. ലോകത്ത് ആകമാനം 150 കോടി മൊബൈൽ ഇന്റർനെറ്റ് ഉപയോക്താക്കൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. മാത്രമല്ല, ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 80 ശതമാനം പേരും സ്മാർട്‌ഫോൺ ഉളളവരത്രേ. മൊബൈൽ ഓപ്റ്റിമൈസ്ഡ് (മൊബൈൽ സൗഹാർദ്ദപരം) ആയി മാറാത്ത വെബ്‌സൈറ്റുകൾ സ്വാഭാവികമായും റാങ്കിങ്ങിൽ പിന്നാക്കം പോവുകയും അവരുടെ വരുമാനത്തെ ഇത് സാരമായി ബാധിക്കുമെന്നതും തർക്കമുള്ള കാര്യമല്ല.

അതുകൊണ്ടു തന്നെ മൊബൈൽ ഉപഭോക്താക്കൾക്കായി ഒരു സവിശേഷ വൈബ്‌സൈറ്റ് രൂപകൽപന ചെയ്‌തെടുക്കുക എന്നത് ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമർഹിക്കുന്നു. മൊബൈൽ ഫോണുകളുടെ സ്‌ക്രീൻ ചെറുതായതിനാൽ പരമ്പരാഗത വെബ്‌സൈറ്റുകൾ മൊബൈൽ ഫോണിൽ ശരിയാംവിധം ലഭിക്കുകയില്ല. വ്യത്യസ്തമായ ഉള്ളടക്കവും നാവിഗേഷൻ സംവിധാനവും, അല്ലെങ്കിൽ മൊബൈൽ ഫോണുകൾക്ക് മാത്രമായ മറ്റ് സവിശേഷ സംവിധാനങ്ങൾ അടങ്ങിയതായിരിക്കും ഇത്തരം മൊബൈൽ സൗഹാർദ്ദ വെബ്‌സൈറ്റുകൾ. മാത്രമല്ല, ഒരു റെസ്‌പോൺസീവ് വെബ്‌സൈറ്റ് ഉപയോഗിക്കുന്ന ഡിവൈസിന് അനുസൃതമായി (ഉദാ: ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ്, ടാബ്‌ലെറ്റ്, സ്മാർട്‌ഫോൺ) ഘടന വ്യത്യാസപ്പെടുത്തി പരമാവധി കാഴ്ചാ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന വസ്തുത, ഇന്നത്തെ ഉപയോക്താക്കൾ ഡെസ്‌ക്‌ടോപ്പിന്റെയോ ലാപ്‌ടോപ്പിന്റെയോ മുമ്പിൽ കുത്തിപ്പിടിച്ചിരുന്നത് തിരയൽ നടത്തിയതിനു ശേഷം കടകളിലേക്ക് പോകുന്നവരായിരിക്കില്ല, മറിച്ച് യാത്രാമദ്ധ്യേ, ഇന്റർനെറ്റിൽ കയറി വിവരം തിരയുന്ന സ്വഭാവക്കാരായിരിക്കും. അത് അടുത്തുള്ള റെസ്‌റ്റോറന്റിനെ കുറിച്ചോ, മെഡിക്കൽ സ്‌റ്റോറിനേയോ, സിനിമാ ടിക്കറ്റ് എടുക്കുന്നതോ എന്തുമാകട്ടെ. അതുകൊണ്ട്, പരമാവധി വേഗത്തിൽ ലോഡ് ചെയ്യുന്ന, അനായസകരമായ നാവിഗേഷനുള്ള, വിശാലമായ ഉള്ളടക്കവും ഉൽപന്നങ്ങളും നിറഞ്ഞ, ഒരു സ്ട്രീലൈൻഡ് സൈറ്റ് ഉപയോക്താക്കൾക്ക് നൽകി, നിങ്ങളുടെ ഉപഭോക്താക്കളെ പിടിച്ചു നിർത്തുന്നതിനുള്ള നടപടികൾ എത്രയും വേഗം തന്നെ ആരംഭിക്കുക. ഏപ്രിൽ 21 ന് മുമ്പായി നിങ്ങൾക്ക് ഫ്രീ ആയി മിനുട്ടുകൾക്കുള്ളിൽ മൊബൈൽ വെബ്സൈറ്റ് രൂപകല്പന ചെയ്യാൻ www.Migmobi.com- വെബ്സൈറ്റിലൂടെ സാധിക്കും.

മൊബൈൽ സൗഹാർദ്ദപരമായ വെബ്‌സൈറ്റുകൾ ഒരുക്കിയില്ലെങ്കിൽ നിങ്ങളുടെ സൈറ്റിന് പിഴ ഈടാക്കുന്ന കാര്യം ഗൂഗിൾ പരിഗണിക്കുകയാണത്രേ. കാരണം, മൊബൈൽ സൗഹാർദ്ദ വെബ്‌സൈറ്റുകളുടെ അഭാവത്തിൽ, ഗൂഗിളിലെ തിരയലുകളുടെ ഫലം കുറയും. അങ്ങനെ വരുമ്പോൾ, ഗൂഗിളിന്റെ ട്രാഫിക് കുറയും, ഫലം ഗൂഗിളും നഷ്ടം സഹിക്കേണ്ടിവരും. അതുകൊണ്ട് ഇരട്ട നഷ്ടം നേരിടാതിരിക്കാൻ എത്രയും വേഗം റെസ്‌പോൺസീവ് വെബ്‌സൈറ്റിലേക്ക് മാറുകയാവും നല്ലത്.