വനഭൂമി സംരക്ഷിക്കാന്‍ പുതിയ നിയമഭേദഗതിയുമായി സര്‍ക്കാര്‍

തിരുവനന്തപുരം. ലാന്‍ഡ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രയ സര്‍ട്ടിഫിക്കറ്റ് വനഭൂമിയിലെ അവകാശത്തിനു തെളിവാണെന്ന് അംഗീകരിക്കുന്നത് ഒഴിവാക്കാനുള്ള നിയമഭേദഗതി ബില്‍ ഈ സഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ നീക്കം. ഭേദഗതി വരുന്നതോടെ 6500 ഹെക്ടറോളം വനഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സംരക്ഷിക്കാനാകും. റവന്യു വകുപ്പ് എതിര്‍ത്തതിനാല്‍ ചില ഭേദഗതികളോടെയാണ് 1971ലെ കേരള സ്വകാര്യ വനങ്ങള്‍ ഭേദഗതി ബില്‍ അവതരിപ്പിക്കുന്നത്.

ക്രയസര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കെല്ലാം വനഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കണമെന്നായിരുന്നു സിപിഐ വാദം. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, ചെറിയ രീതിയില്‍ ഭൂമി ഉള്ളവര്‍ക്ക് ഉടമസ്ഥാവകാശം നല്‍കി ബില്‍ അവതരിപ്പിക്കാനാണ് തീരുമാനം. നിയമവകുപ്പിന്റെ അഭിപ്രായത്തിനുശേഷം അവകാശം അനുവദിക്കേണ്ട ഭൂമിയുടെ പരിധി നിശ്ചയിക്കും. സംസ്ഥാനത്തെ സ്വകാര്യ വനങ്ങള്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി അവയില്‍ കര്‍ഷകര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും കൃഷി ചെയ്യുന്നതിനു പതിച്ചു കൊടുക്കുന്നതിനും 1971ലെ കേരള സ്വകാര്യ വനങ്ങള്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നു.

Loading...

വനങ്ങള്‍ വലിയ തോതില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും 1971ലെ നിയമവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന 90 ശതമാനം കേസുകളും സംസ്ഥാനത്തിനെതിരായി മാറുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. തുടര്‍ന്നാണ് 1971ലെ നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്ത് റവന്യൂ വനം മന്ത്രിമാര്‍ സംസാരിച്ച് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നെങ്കിലും ബില്ലായി അവതരിപ്പിക്കാനായില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ റവന്യു വകുപ്പ് ഓര്‍ഡിനന്‍സിലെ നിര്‍ദേശങ്ങളെ എതിര്‍ത്തു. ക്രയസര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കെല്ലാം ഉടമസ്ഥാവകാശം നല്‍കണമെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ച് ഭേദഗതികള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.