കൈയില്‍ നയാപൈസയില്ല; സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കാറുകള്‍ വാങ്ങാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം നട്ടം തിരിയുന്ന അവസ്ഥയിലും 8 പുതിയ കാറുകള്‍ വാങ്ങാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം ഏറ്റെചുക്കുമെന്നായിരുന്നു ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഡല്‍ഹി കേരളാഹൗസില്‍ അടക്കമാണ് പുതിയ കാറുകള്‍ വാങ്ങാന്‍ തീരുമാനമായത്.

നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥനയ്ക്കിടെയാണ് സര്‍ക്കാര്‍ ഇക്കാര്യം സമ്മതിച്ചത്. തന്ത്രപ്രധാന ആവശ്യങ്ങള്‍ക്ക് മാത്രമേ കാറുകള്‍ വാങ്ങുകയുള്ളുവെന്നായിരുന്നു ധനമന്ത്രിയുടെ വാദം. ചിലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ വാഹനങ്ങള്‍ വാങ്ങില്ലെന്നും പകരം കരാര്‍ അടിസ്ഥാനത്തില്‍ കാറുകള്‍ ഉപയോഗിക്കുമെന്നുമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബജറ്റ് അവതരിപ്പിച്ചതിനൊപ്പം സമര്‍പ്പിച്ച ഉപധനാഭ്യര്‍ഥനയില്‍ എട്ട് പുതിയ കാറുകള്‍ വാങ്ങാനാണ് തുക അനുവദിച്ചത്. റെഗുലേറ്ററി അതോറിറ്റികള്‍ക്ക് മാത്രമാണ് പുതിയ കാറുകള്‍ എന്നാണ് ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചത്.

Loading...

മറ്റുള്ളവര്‍ക്ക് കരാര്‍ അടിസ്ഥാനത്തിലാകും കാറുകള്‍ ഉപയോഗിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. നികുതി കമ്മീഷണര്‍, തദ്ദേശ ഓംബുഡ്‌സ്മാന്‍, ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണല്‍, ഡല്‍ഹി കേരളാ ഹൗസിലെ ഗുണഭോക്താവ്, കോട്ടയത്തെ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, നഗരകാര്യ ഡയറക്ടര്‍ എന്നിവര്‍ക്കായാണ് പുതിയ വാഹനങ്ങള്‍ വാങ്ങുന്നത്. ഇതില്‍ ആദ്യത്തെ മൂന്ന് പേര്‍ ഒഴികെ മറ്റുള്ളവര്‍ റെഗുലേറ്ററി അതോറിറ്റകളുടെ പരിധിയില്‍ എങ്ങനെ വരുമെന്ന് ധനവകുപ്പ് വിശദീകരിക്കേണ്ടി വരും. ഡല്‍ഹി കേരളാ ഹൗസിലേക്ക് വാങ്ങുന്ന വാഹനം സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി അഡ്വ. എ. സമ്പത്തിന് വേണ്ടിയാണെന്നാണ് ആരോപണം. അതേസമയം ഏതുതരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ വാങ്ങുന്ന വാഹനങ്ങള്‍ക്കായി ടോക്കണ്‍ തുക അനുവദിച്ചിട്ടുമുണ്ട്. വാഹനത്തിന്റെ വില അനുസരിച്ച് അധിക ഫണ്ട് ധനവകുപ്പ് അനുവദിക്കും.

അതിനിടെ ഇന്ത്യയില്‍ ജനങ്ങള്‍ ജാക്കറ്റുകളും പാന്റുകളും വാങ്ങുന്നുണ്ടെന്നും അതുകൊണ്ട് സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങളൊന്നും കാണാനാകുന്നില്ലെന്നും ബിജെപി നേതാവും എംപിയുമായ വീരേന്ദ്ര സിങ് മസ്ത്. ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ ഒരു പൊതുപരിപാടിയില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ അഭിപ്രായപ്രകടനം നടത്തിയത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടായിരുന്നെങ്കില്‍ ധോത്തിയും കുര്‍ത്തയും ധരിച്ചായിരിക്കും നാം ഇവിടെ വരിക, കോട്ടും ജാക്കറ്റും ധരിച്ചായിരിക്കില്ല.സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നെങ്കില്‍ നമുക്ക് പാന്റും പൈജാമയുമൊന്നും വാങ്ങാന്‍ സാധിക്കില്ലായിരുന്നു, വീരേന്ദ്ര സിങ് പറഞ്ഞു. ഗ്രാമങ്ങള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവ പോലുള്ള മെട്രോ നഗരങ്ങള്‍ മാത്രമല്ല ഇന്ത്യയിലുള്ളത്. ആറര ലക്ഷം ഗ്രാമങ്ങള്‍ ഇന്ത്യയിലുണ്ട്. ഗ്രാമീണരാണ് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുള്ളത് എന്നാണ് ബാങ്കുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും വീരേന്ദ്ര സിങ് പറഞ്ഞു.