ഗുണ്ട പോലീസ് സ്റ്റേഷനില്‍ ഉറഞ്ഞുതുള്ളി; അടിച്ചു തകര്‍ത്തു

വിഴിഞ്ഞം: വധശ്രമക്കേസില്‍ പോലീസ്‌ പിടികൂടിയ കുപ്രസിദ്ധ ഗുണ്ട പോലീസ്‌ സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. ഗുണ്ടയുടെ മര്‍ദ്ദനമേറ്റ്‌ നിലത്ത്‌ വീണ പോലീസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ്‌ സ്റ്റേഷനിലെ കംപ്യൂട്ടറുകളും ജനല്‍ ചില്ലുകളും മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകളും അടിച്ച്‌ തകര്‍ത്തു. ഫയലുകള്‍ വാരിയെറിഞ്ഞു. ഏറെ നേരം പോലീസ്‌ സ്റ്റേഷനെ വിറപ്പിച്ച ഗുണ്ടയെ മല്‍പ്പിടിത്തത്തിലൂടെ പോലീസ്‌ കീഴടക്കി. കുപ്രസിദ്ധ ഗുണ്ടയും നഗരത്തിലെയും മറ്റ്‌ ജില്ലകളിലെയും വിവിധ പോലീസ്‌ സ്റ്റേഷനുകളില്‍ 16–ല്‍പരം കേസുകളുള്ള കാഞ്ഞിരംകുളം ചാവടിനട മണല്‍തട്ട്‌ കാനാല്‍ കോട്ടേജില്‍ ഷിബു എസ്‌ നായര്‍(36) ആണ്‌ കാഞ്ഞിരംകുളം പോലീസ്‌ സ്റ്റേഷനെ വിറപ്പിച്ചത്‌.

ചാവടിനടയില്‍ കട നടത്തുന്ന എഴുപതുകാരനായ പ്രഭാകരന്‍ നായരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ്‌ ബുധനാഴ്‌ച രാത്രി കാഞ്ഞിരംകുളം എസ്‌ഐ ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഷിബുവിനെ പിടികൂടിയത്‌. പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ച്‌ പ്രതിയെ രണ്ടു പോലീസുകാരെ ഏല്‍പ്പിച്ചശേഷം എസ്‌ഐ. പട്രോളിംഗിന്‌ പുറത്ത്‌ പോയി. ഈ സമയത്താണ്‌ പ്രതി പരാക്രമം നടത്തിയത്‌. ഗുണ്ടയുടെ മര്‍ദ്ദനമേറ്റ്‌ വീണ സിപിഒ യാക്കൂബിനെ പുല്ലുവിള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Loading...

കോടതിയില്‍ വച്ച്‌ പോലീസിനെ ആക്രമിച്ച കേസ്‌, കൊലപാതക ശ്രമകേസ്‌, മോഷണം, തട്ടിപ്പ്‌, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന്‌ പോലീസ്‌ പറഞ്ഞു. ഇയാളെ ഗുണ്ട ആക്ട്‌ പ്രകാരം കരുതല്‍തടങ്കലില്‍ പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ്‌ പറഞ്ഞു.