പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ സന്തോഷം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍

തിരുവനന്തപുരം. കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പോപ്പുലര്‍ ഫ്രണ്ട് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ നിരോധന ഉത്തരവില്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയതും, അഭിമന്യൂ, നന്ദു, സഞ്ജിത്ത് എന്നിവരുടെ കൊലപാതകങ്ങളും പരാമര്‍ശിക്കുന്നുണ്ട്. നിരോധനം ഒരു വര്‍ഷം മുമ്പ് വന്നിരുന്നുവെങ്കില്‍ തനിക്ക് തന്റെ മകനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സഞ്ജിത്തിന്റെ അമ്മ സുനിത പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടേണ്ട സംഘടനയാണെന്ന് അഭിമന്യുവിന്റെ സഹോദരന്‍ എം പരിജിത്ത് പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തില്‍ സന്തോഷുണ്ടെന്ന് വയലാറില്‍ കൊല്ലപ്പെട്ട നന്ദുവിന്റെ അമ്മ രാജേശ്വരി പറഞ്ഞു. നിരോധനം മറ്റ് ഒരു പാര്‍ട്ടിയായി പുനര്‍ജനിക്കാന്‍ അവരെ അനുവധിക്കരുതെന്നും നഷ്ടം ഞങ്ങള്‍ക്ക് തന്നെയാണ്. പ്രതികളെ ശിക്ഷിക്കണമെന്നാണ് ആഗ്രഹം. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും രാജേശ്വരി അഭിപ്രായപ്പെട്ടു.

Loading...

അതേസമയം നിരോധനത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് കൈവെട്ടുകേസില്‍ ഇരയായ പ്രഫസര്‍ ടിജെ ജോസഫ് പ്രതികരിച്ചു. നിരോധനത്തെക്കുറിച്ച് രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയട്ടെഎന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു. പ്രതിഷേധം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തി കേന്ദ്രങ്ങളിലാണ് കൂടുതല്‍ സുരക്ഷ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം ആഭ്യന്തര സെക്രട്ടറിയും ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പോലീസ് നിരീക്ഷണത്തിലാണ്.

അതേസമയം ആലുവയില്‍ കേന്ദ്ര സേന എത്തി. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ വ്യാപക ആക്രമണമാണ് ആലുവയില്‍ നടന്നത്. ആലുവയിലെ ആര്‍എസ്എസ് കാര്യാലയത്തിന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തു. പള്ളിപ്പുറം ക്യാപില്‍ നിന്നുള്ള സിആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് സുരക്ഷ ഒരുക്കുന്നത്. ഇതിനായി 15 അംഗ സംഘമാണ് എത്തിയത്. നിരോധനത്തിന് പിന്നാലെ സംഘടനയുടെ വിവിധ ഓഫീസുകള്‍ അടച്ചു പൂട്ടി സീല്‍ ചെയ്യുന്നതിലേക്ക് കടക്കുമെന്നും. ഇതിന് പിന്നാലെ ആക്രമം ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.