ഗുവാഹത്തി: ബാറിന്റെ പശ്‌ചാത്തലത്തില്‍ ബിക്കിനിയിട്ട ഗോപികമാര്‍ക്കൊപ്പം ഭഗവാന്‍ കൃഷ്‌ണന്‍ പ്രണയസല്ലാപം നടത്തുന്നതായി ചിത്രീകരിച്ചിട്ടുള്ള പെയ്‌ന്റിംഗ്‌ വിവാദമാകുന്നു. ഗുവാഹത്തി സ്‌റ്റേറ്റ്‌ ആര്‍ട്ട്‌ ഗാലറിയിലെ രവീന്ദ്രഭവനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ചിത്രത്തിനെതിരേ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്‌തമായി.

അക്രം ഹുസൈന്‍ എന്നയാളുടേതാണ്‌ പെയ്‌ന്റിംഗ്‌. കൃഷ്‌ണലീലയുടെ ആധുനിക മുഖം സൃഷ്‌ടിക്കാനുള്ള ചിത്രകാരന്റെ ശ്രമം ട്വിറ്റര്‍ പോലെയുള്ള സാമൂഹ്യസൈറ്റുകളില്‍ വലിയ പ്രതിഷേധത്തിന്‌ കാരണമായിരിക്കുകയാണ്‌. വിവാദം ശക്‌തമായതോടെ രവീന്ദ്രഭവന്‍ അധികൃതര്‍ പെയ്‌ന്റിംഗ്‌ എടുത്തു മാറ്റിയെങ്കിലും മതവികാരം വൃണപ്പെടുത്തുന്നു എന്ന്‌ കാണിച്ച്‌ ഹിന്ദു സംഘടനകള്‍ കലാകാരനെതിരേ അസമിലെ സില്‍ചാര്‍ പോലീസ്‌ സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Loading...

ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്നാണ്‌ പരാതിയില്‍ പറഞ്ഞിരിക്കുന്നത്‌. പോലീസ്‌ കലാകാരനെതിരേ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട്‌ പെയ്‌ന്റിംഗുകള്‍ ഇന്ത്യയില്‍ വിവാദം ഉയര്‍ത്തുന്നത്‌ ഇതാദ്യമല്ല. നേരത്തേ ഇന്ത്യന്‍ പിക്കാസോ എംഎഫ്‌ ഹുസൈനും ഹിന്ദു ദേവതകളെ വിവാദമായി വരച്ചതിന്റെ പേരില്‍ ഹിന്ദു സംഘടനകളുടെ എതിര്‍പ്പിന്‌ ഇരയായിട്ടുണ്ട്‌.