ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ യുദ്ധക്കപ്പല്‍ ഐഎൻഎസ്‌ വിശാഖപട്ടണം നീറ്റിലിറക്കി

മുംബൈ: പ്രഹരശേഷിയിൽ ഇന്ത്യയുടെ ഏറ്റവും ശക്തിയേറിയ യുദ്ധക്കപ്പലായ ഐഎൻഎസ്‌ വിശാഖപട്ടണം നീറ്റിലിറക്കി. മുംബയിൽ നടന്ന ചടങ്ങിൽ ചീഫ്‌ ഒഫ്‌ നേവൽ സ്റ്റാഫ്‌ അഡ്മിറൽ ആർ കെ ധോവന്റെ ഭാര്യ മിനു ധോവനാണ്‌ കപ്പൽ നീറ്റിലിറക്കിയത്‌. 163 മീറ്റർ നീളവും 73,000 ടൺ ഭാരവുമുള്ള കപ്പലിന്റെ നിർമാണ ചെലവ്‌ 29,600 കോടി രൂപയാണ്‌. എട്ട്‌ ബ്രഹ്മോസ്‌ മിസെയിലുകൾ വഹിക്കാൻ കഴിയുന്ന കപ്പലിന്‌ പൂർണമായ അന്തരീക്ഷ നിയന്ത്രണ സംവിധാനവും (ടോട്ടൽ അറ്റ്മോസ്ഫിയർ കൺട്രോൾ, ടിഎസി) ഉണ്ട്‌.

ആണവ, ജൈവ, രാസായുധങ്ങൾ പ്രയോഗിക്കപ്പെടുന്ന അന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ കഴിവുള്ള കപ്പൽ, കൊൽക്കത്ത ക്ലാസ്‌ ഡിസ്ട്രോയർ കപ്പലുകളുടെ അടുത്ത ശ്രേണിയിലെ (പ്രോജക്ട്‌ 15 ബി) ആദ്യത്തെ കപ്പലാണ്‌. ഐഎൻഎസ്‌ കൊൽക്കത്ത, ഐഎൻഎസ്‌ കൊച്ചി, ഐഎൻഎസ്‌ ചെന്നൈ എന്നിവയാണ്‌ കൊൽക്കത്ത ക്ലാസ്‌ ഡിസ്ട്രോയർ ശ്രേണിയിലെ മറ്റു കപ്പലുകൾ. ഈ കപ്പലുകൾക്ക്‌ ടിഎസി സംവിധാനം ഇല്ലായിരുന്നു.

Loading...

ആകാശത്തേക്കും ഭൂമിയിലേക്കും മിസെയിലുകൾ അയയ്ക്കാം, ഇസ്രയേൽ നിർമിത മൾട്ടി ഫങ്ങ്ഷൻ നിരീക്ഷണ മൂന്നാര്റിയിപ്പ്‌, ഷിപ്നെറ്റ്‌വർക്ക്‌, ഓട്ടോമറ്റിക്‌ പവർ മാനേജ്മെന്റ്‌ സിസ്റ്റം, കോംബാറ്റ്‌ മാനേജ്മെന്റ്‌ സിസ്റ്റം എന്നിവയും കപ്പലിലുണ്ട്‌. രണ്ട്‌ ഹെലികോപ്ടറുകളെ വഹിക്കാനും ശേഷിയുണ്ട്‌. കടലിലെ പരീക്ഷണങ്ങൾക്കു ശേഷം, ഐ.എൻ.എസ്‌ വിശാഖപട്ടണം 2018 ജൂലായിൽ നാവികസേനയുടെ ഭാഗമാകും. ഐഎൻഎസ്‌ വിശാഖപട്ടണത്തിന്റെ 65 ശതമാനവും പ്രാദേശികമായി നിർമിച്ചതാണ്‌.