ലൂസന്നെ (സ്വിറ്റ്സര്‍ലന്‍ഡ്): ആണവ വിഷയത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ലോക വന്‍ശക്തികളും ഇറാനും തമ്മില്‍ കഴിഞ്ഞ എട്ടു ദിവസമായി തുടരുന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ ഒടുവില്‍ വെളിച്ചം. ഇറാന്‍െറ ഭാവി ആണവ പദ്ധതികളെക്കുറിച്ചുള്ള കരട് രൂപരേഖ സംബന്ധിച്ച് ആറ് ലോക വന്‍ശക്തികളും ഇറാനും തമ്മില്‍ ധാരണയിലത്തെി. അന്തിമ കരാര്‍ ജൂണ്‍ 30നകം ഒപ്പുവെക്കും.

ആണവ പദ്ധതികളില്‍നിന്ന് തല്‍ക്കാലം പിന്തിരിപ്പിക്കാന്‍ ഉദ്ദേശിച്ച് ഇറാനുമായി അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിവന്ന ചര്‍ച്ചയാണ് സുപ്രധാന പുരോഗതി കൈവരിച്ചത്. യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ ഇറാനുമായി സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിവന്ന എട്ടു ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് ധാരണ.

Loading...

നിര്‍ണായകമായ കാല്‍വെപ്പ് എന്നാണ് യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊകേറീനി ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ‘പരിഹാരമായി’ എന്ന് ചര്‍ച്ചയെക്കുറിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് പ്രതികരിച്ചു. പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന കാര്യത്തില്‍ പൊതുധാരണയിലത്തെിയെന്നും കരാറിന്‍െറ കരട് എല്ലാവരുടെയും പിന്തുണയോടെയും ബഹുമുഖ പ്രക്രിയയിലൂടെയുമാണ് തയാറാക്കേണ്ടതെന്നും ശരീഫ് പറഞ്ഞു.

ഈ കരാറിലൂടെ ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയത്തിന്റെ അളവ് 15 വര്‍ഷം കൊണ്ട് 98 ശതമാനം കുറയ്ക്കുകയും അതോടൊപ്പം കൈവശമുള്ള സെന്‍ട്രിഫ്യൂജുകളുടെ 2/3 ഭാഗത്തില്‍ കൂടുതല്‍ അടുത്ത പത്തുവര്‍ഷം കൊണ്ട് ഇല്ലാതാക്കുകയും ചെയ്യും. കൂടാതെ അന്താരാഷ്ട്ര ആണവ ഏജെന്‍സികളുടെ നിരീക്ഷകര്‍ ഇറാന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

ഇതിലൂടെ ഇറാന്റെ മേല്‍ പാശ്ചാത്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം ക്രമാനുഗതമായി എടുത്തുമാറ്റും. ഇറാന്റെ കഴുത്തുമുറുക്കിയിരുന്ന ഈ സാമ്പത്തിക ഉപരോധം എടുത്തുമാറ്റുന്നതിലൂടെ ഇറാന് കൂടുതല്‍ വികസനപ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്താന്‍ കഴിയും. എന്നാല്‍ ഇറാന്‍ ഈ കരാറില്‍ നിന്ന് വ്യതിചലിക്കുന്ന പക്ഷം കൂടുതല്‍ ശക്തമായ സാമ്പത്തിക ഉപരോധം ഇറാന്റെമേല്‍ വന്നുചേരും.

പ്രസിഡന്റ് ഒബാമയും മറ്റ് ലോക നേതാക്കളും ഈ കരാറിനെ സ്വാഗതം ചെയ്തു. എന്നാല്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള അമേരിക്കന്‍ കോഗ്രസ്സിന് ഈ കരാര്‍ സ്വീകാര്യമല്ല. അതോടൊപ്പം ഇസ്രായേല്‍ ഈ കരാറിനെ ശക്തമായി അപലപിച്ചു.

ജൂണ്‍ 30-ന് ഈ കരാറില്‍ ഒപ്പുവയ്ക്കുന്ന കാലം തൊട്ട് ആണവരംഗത്ത് സമാധാനം ഉറപ്പാക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.