നെയ്റോബി: കെനിയയില്‍ 147 വിദ്യാര്‍ഥികളെ ഭീകരര്‍ വധിച്ചു. കെനിയയില്‍ സൊമാലിയ അതിര്‍ത്തിക്കു സമീപമുള്ള ഗാരിസ യൂണിവേഴ്സിറ്റി കോളജില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതു്‌. ആക്രമണത്തില്‍ 79 പേര്‍ക്കു പരുക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ക്രിസ്‌ത്യാനികളായ ഒട്ടേറെ വിദ്യാര്‍ഥികളെ ഭീകരര്‍ ബന്ദികളാക്കയും ചെയ്തു.

മണിക്കൂറുകളോളം നീണ്ടു നിന്ന ഏറ്റുമുട്ടലിനു ശേഷം സുരക്ഷാഭടന്മാര്‍ ഭീകരരെ കീഴ്‌പ്പെടുത്തിയതായി കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചു. നാലു ഭീകരരെ സേന വധിച്ചു. രണ്ടു സൈനികരും കൊല്ലപ്പെട്ടു. ഹോസ്‌റ്റലുകള്‍ ഉള്‍പ്പെടുന്ന ക്യാംപസില്‍ പുലര്‍ച്ചെ അഞ്ചിനാണു ഭീകരര്‍ ഇടിച്ചുകയറി വെടിവയ്‌പു ആരംഭിച്ചതു്‌. അഞ്ഞൂറിലേറെ കുട്ടികള്‍ ഉള്ളില്‍ കുടുങ്ങിയിട്ടുണ്ട്‌.

Loading...

അല്‍ ഖായിദ ബന്ധമുള്ള അല്‍ ഷബാബ്‌ സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്രിസ്‌ത്യന്‍ വിദ്യാര്‍ഥികളെ ബന്ദികളാക്കിയെന്ന്‌ അല്‍ ഷബാബ്‌ വക്‌താവ്‌ ഷെയ്‌ഖ്‌ അബ്‌ദിഅസീസ്‌ അബു മുസാബ്‌ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. മുസ്‌ലിം വിദ്യാര്‍ഥികളെ വിട്ടയച്ചെന്നും അറിയിച്ചു. 50 വിദ്യാര്‍ഥികള്‍ മോചിപ്പിക്കപ്പെട്ടതായി റെഡ്‌ക്രോസ്‌ അധികൃതര്‍ പറഞ്ഞു. കുറേ വിദ്യാര്‍ഥികള്‍ സ്വയം രക്ഷപ്പെട്ടിട്ടുമുണ്ട്‌.

മുഖംമൂടിയണിഞ്ഞെത്തിയ ആയുധധാരികള്‍ ഗ്രനേഡുകളെറിഞ്ഞ്‌ ഗേറ്റുകള്‍ തകര്‍ത്തതിനു ശേഷം അകത്തുകടക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളെയാണ്‌ ആക്രമിച്ചത്‌. സംഭവത്തെ തുടര്‍ന്നു സൊമാലിയന്‍ അതിര്‍ത്തിയിലെ ജില്ലകളില്‍ നിരോധനാജ്‌ഞ ഏര്‍പ്പെടുത്തി. 2013 നവംബറില്‍ നയ്‌റോബിയിലെ വെസ്‌റ്റ്‌ഗേറ്റ്‌ ഷോപ്പിങ്‌ മാളിലെ കൂട്ടക്കൊല നടത്തിയതും അല്‍ ഷബാബ്‌ ആണ്‌. അന്ന്‌ 67 പേരാണു കൊല്ലപ്പെട്ടത്‌.