കേന്ദ്രമന്ത്രിയുടെ സഹോദരന്‍ ഇരുമ്പയിരു കടത്തുകേസില്‍ അറസ്റ്റില്‍

ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്തുകേസില്‍ കേന്ദ്രസഹമന്ത്രിയുടെ സഹോദരന്‍ അറസ്റ്റില്‍. കേന്ദ്ര വന്‍കിടവ്യവസായ സഹമന്ത്രിയും ദാവന്‍ഗരയില്‍നിന്നുള്ള എം.പി.യുമായ ജി.എം. സിദ്ധേശ്വരയുടെ സഹോദരന്‍ ജി.എം. ലിംഗരാജുവിനെയാണ് ലോകായുക്ത പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ജെം ലബോറട്ടറീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറായ ലിംഗരാജു ബിലിക്കെരെ തുറമുഖം വഴി 12,500 ടണ്‍ ഇരുമ്പയിര് കയറ്റുമതി ചെയ്‌തെന്നാണ് ആരോപണം. കേസില്‍ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ലിംഗരാജുവിനെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു. ബി.ജെ.പി. എം.എല്‍.എ.യായ ബി. നാഗേന്ദ്ര, വിജയനഗര്‍ എം.എല്‍.എ. ആനന്ദ് സിങ് എന്നിവരെ നേരത്തേ ഇരുമ്പയിര് കടത്തുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തിരുന്നു.