ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അല്‍ ബാഗ്ദാദി മരിച്ചതായി റിപ്പോര്‍ട്ട്?

ബാഗ്‌ദാദ്‌: പടിഞ്ഞാറന്‍ ഇറാക്കില്‍ കഴിഞ്ഞമാസം യുഎസ്‌ നടത്തിയ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഐഎസ്‌ നേതാവ്‌ അബുബേക്കര്‍ അല്‍ബാഗ്‌ദാദി മരിച്ചതായി റിപ്പോര്‍ട്ട്‌. അല്‍– ഹാദത്‌ ചാനലാണ്‌ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. സിറിയന്‍ അതിര്‍ത്തിക്കു സമീപം ഇറാക്കിലെ നിനവേയിലെ അല്‍ബാജ്‌ മേഖലയില്‍ മാര്‍ച്ച്‌ 18നു നടന്ന ആക്രമണത്തിലാണ്‌ ബാഗ്‌ദാദിക്കും കൂടെയുള്ളവര്‍ക്കും പരിക്കേറ്റത്‌. മൂന്നുപേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്‌തു. ബാഗ്‌ദാദിയുടെ പരുക്ക് മാരകമായിരുന്നു. തുടര്‍ന്ന് അപകടനില തരണം ചെയ്‌തെങ്കിലും സംഘടനയുമായി ബന്ധപ്പെട്ട ദൈനംദിന ജോലികളില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. മൊസൂളില്‍ ഡിസംബറില്‍ യുഎസ്‌ നടത്തിയ വ്യോമാക്രമണത്തില്‍നിന്നു ബാഗ്‌ദാദി കഷ്ടിച്ചാണു രക്ഷപ്പെട്ടത്‌. അന്ന്‌ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അബ്ദുള്‍ റഹ്‌്‌മാന്‍ അല്‍ എഫ്‌റി എന്ന നേതാവ്‌ കൊല്ലപ്പെട്ടു. ആഗോള ഭീകരനായി ബാഗ്‌ദാദിയെ പ്രഖ്യാപിച്ച യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ടുമെന്റ്‌ അദ്ദേഹത്തിന്റെ തലയ്ക്ക്‌ ഒരുകോടി ഡോളര്‍ വിലയിട്ടിരുന്നു.