എസ്.എസ്.എല്‍.സി ഫലം ഇന്ന് പുനഃപ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഗ്രേസ് മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ത്തും പരാതികള്‍ പരിഹരിച്ചുമുള്ള പുതിയ എസ്.എസ്.എല്‍.സി ഫലം ഇന്ന് വീണ്ടും പ്രഖ്യാപിക്കും. തെറ്റുകളും ന്യൂനതകളും പരിഹരിച്ചുകൊണ്ടുള്ള ഫലമാകും ഇന്നു രാത്രിയോടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പുനഃപ്രസിദ്ധീകരിക്കുകയെന്ന് ഡിപിഐ ഗോപാലകൃഷ്‌ണ ഭട്ട്‌ അറിയിച്ചു.

എസ്‌എസ്‌എല്‍സി പരീക്ഷാ ഫലത്തിലുണ്ടായ പിഴവ്‌ സംഭവിച്ചത്‌ മൂല്യനിര്‍ണയ ക്യാംപിലെന്ന്‌ ഡിപിഐ ഗോപാലകൃഷ്‌ണ ഭട്ട്‌. ഇതുമായി ബന്ധപ്പെട്ട വിശദ റിപ്പോര്‍ട്ട്‌ ഉടന്‍ സര്‍ക്കാരിനു കൈമാറും. സോഫ്‌റ്റ്‌വെയറില്‍ വലിയ പ്രശ്‌നങ്ങള്‍ ഉള്ളതായി തോന്നിയില്ല. ഡേറ്റ എന്‍ട്രിയില്‍ വന്ന തെറ്റാണ്‌ പരീക്ഷാ ഫലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കാരണം. സാങ്കേതിക പ്രശ്‌നമാണോ എന്നു പരിശോധിക്കുകയും ചെയ്യുമെന്ന്‌ ഡിപിഐ വ്യക്‌തമാക്കി. പിഴവുകള്‍ക്കു കാരണം സോഫ്‌റ്റ്‌വെയര്‍ തകരാറാണ്‌ എന്നായിരുന്നു വിദ്യഭ്യാസ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ അറിയിച്ചത്‌.

Loading...

അതോടൊപ്പം എസ്‌.എസ്‌.എല്‍.സി. ഫലപ്രഖ്യാപനത്തിലെ പിഴവുകള്‍ക്ക്‌ ഉദ്യോഗസ്‌ഥരെ പഴിചാരി രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ശ്രമത്തിനു തിരിച്ചടി. അബദ്ധങ്ങളുടെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ തുടര്‍ന്ന്‌ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. വിശ്വാസ്‌ മേത്ത സെക്രട്ടറി സ്‌ഥാനം ഒഴിഞ്ഞു. പകരം വി.എസ്‌.സെന്തിലിനാണ്‌ ചുമതല. പൊതുവിദ്യാഭ്യാസ ഡയറക്‌ടറും അവധിയില്‍ പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്‌. സെര്‍വര്‍ തകരാറാണ്‌ ഫലപ്രഖ്യാപനം താറുമാറാക്കിയതെന്നാണ്‌ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്‌ദുറബ്‌ പറഞ്ഞത്‌. ഉദ്യോഗസ്‌ഥരെ ബലിയാടാക്കി രക്ഷപ്പെടാനായിരുന്നു മന്ത്രിയുടെ നീക്കം.എന്നാല്‍ മന്ത്രിയുടെ സമ്മര്‍ദത്തിന്റെ ഫലമായാണ്‌ ഫലപ്രഖ്യാപനം നേരത്തെയാക്കേണ്ടിവന്നതെന്നാണ്‌ ഉദ്യോഗസ്‌ഥരുടെ വിശദീകരണം. മൂല്യനിര്‍ണയ ക്യാമ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന്‌ സര്‍ക്കാര്‍ പറഞ്ഞെങ്കിലും അതുണ്ടായില്ല. പകരം ക്യാമ്പുകളിലേക്ക്‌ കൂടുതല്‍ അധ്യാപകരെ നിയോഗിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്‌തത്‌. ഇവര്‍ക്ക്‌ പ്രാഥമിക ആവശ്യത്തിനുള്ള സൗകര്യം പോലും ഇല്ലായിരുന്നു.ഇതേതുടര്‍ന്ന്‌ ഓരോ കേന്ദ്രങ്ങളിലും വന്‍തോതില്‍ അധ്യാപകര്‍ വിട്ടുനിന്നു. ഇതേക്കുറിച്ച്‌ സര്‍ക്കാരിനെ അറിയിച്ചിട്ടും തുടര്‍നടപടി സ്വീകരിച്ചില്ല. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 16ന്‌ ഫലം പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷവും അതേ ദിവസം തന്നെ ഫലം പ്രഖ്യാപിക്കണമെന്ന നിര്‍ദേശമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രിയുടെ ഓഫീസില്‍ നിന്നും നല്‍കിയത്‌.എന്നാല്‍ ഒരു ദിവസം ഹര്‍ത്താല്‍ കൂടി വന്നതോടെ ഇത്‌ അപ്രായോഗികമാണെന്ന്‌ അറിയിച്ചു. ഓരോ അധ്യാപകര്‍ക്കും കൂടുതല്‍ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി നല്‍കാനായിരുന്നു സര്‍ക്കാരിന്റെ നിര്‍ദേശം.

തുടര്‍ന്നു മുഖ്യമന്ത്രി ഇടപെട്ടാണ്‌ ഫലപ്രഖ്യാപനം 20 ലേക്കു മാറ്റിയത്‌. ഇതും അപ്രായോഗികമാണെന്നും ഫലം മുഴുവനും വിശദമായി അവലോകനം ചെയ്‌ത്‌ 20ന്‌ ഫലപ്രഖ്യാപനം നടത്താന്‍ കഴിയില്ലെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. എന്നാല്‍ 20നു തന്നെ ഫലം പ്രഖ്യാപിക്കണമെന്ന നിര്‍ബന്ധമായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‌. തുടര്‍ന്ന്‌ ഉദ്യോഗസ്‌ഥര്‍ ഇതിനു വഴങ്ങി. ജില്ല തിരിച്ചുള്ള കണക്ക്‌, സ്‌കൂള്‍ തിരിച്ചുള്ള കണക്ക്‌, എ പ്ലസ്‌ ഗ്രേഡ്‌ നേടിയവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ തുടങ്ങിയ ഒന്നും തന്നെ ശേഖരിക്കാന്‍ കഴിയാതെയായിരുന്നു പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌ സെന്ററിന്റെ സോഫ്‌റ്റ്‌വേറാണ്‌ ഇത്തവണ ടാബുലേഷന്‌ ഉപയോഗിച്ചത്‌. ഇതില്‍ ജീവനക്കാര്‍ക്ക്‌ ആവശ്യത്തിന്‌ പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ സോഫ്‌റ്റ്‌വേറിലെ പ്രശ്‌നമാണു കുഴപ്പങ്ങള്‍ക്കു കാരണമെന്ന മന്ത്രിയുടെ പ്രസ്‌താവന ജീവനക്കാരെ കുറ്റക്കാരാക്കുന്നതാണെന്നാണ്‌ ആക്ഷേപം. വിശ്വാസ്‌ മേത്ത ഫലപ്രഖ്യാപനത്തിലുണ്ടായേക്കാവുന്ന പിഴവുകള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. എന്നിട്ടും പരിഹരിക്കാന്‍ നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ്‌ സെക്രട്ടറി സ്‌ഥാനത്തു നിന്നും മാറാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചത്‌. തുടര്‍ന്ന്‌ റവന്യൂ വകുപ്പ്‌ സെക്രട്ടറിയായി വിശ്വാസ്‌ മേത്തയെ നിയമിച്ചു.