കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം; മണിച്ചന്‍ മോചിതനായി 21 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം

തിരുവനന്തപുരം. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ ജയില്‍ മോചിതനായി. 21 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് മണിച്ചന്‍ പുറത്തെത്തുന്നത്. 31 പേരാണ് കല്ലുവാതുക്കല്‍ മദ്യദുരന്തത്തില്‍ മരിച്ചത്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന്റെ മോചനം. മകന്‍ അടക്കമുള്ള ബന്ധുക്കള്‍ സ്വീകരിക്കുവാന്‍ എത്തിയിരുന്നു. മദ്യദുരന്തം ഉണ്ടായ അതേ ദിവസമാണ് മണിച്ചന്റെ മോചനവും. 2000 ഒക്ടോബര്‍ 21നായിരുന്നു മദൃദുരന്തം.

മണിച്ചന്‍ അടക്കം 33 പേരെ മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പിഴത്തുക നല്‍കാത്തതിനാല്‍ മോചനം നീളുകയായിരുന്നു. മണിച്ചന്റെ ഭാര്യ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് മോചനം സാധ്യമായത്. പിഴയായി വിധിച്ച 30.45 ലക്ഷം ഈടാക്കാതെ തന്നെ ഉടന്‍ മോചിപ്പിക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു. രാവിലെ 11 മണിയോടെ മമിച്ചന്റെ മകന്‍ പ്രവീണും സഹോദരന്‍ കൊച്ചനിയും എസ്എന്‍ഡിപി ഭാരവാഹികളും ജയിലിലെത്തി മണിച്ചനെ സ്വീകരിച്ചു.

Loading...

പുറത്ത് ഇറങ്ങുന്ന മണിച്ചന്‍ മദ്യദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തുമോ എന്നകാര്യത്തില്‍ വ്യക്തതയില്ല. കൃഷി ചെയ്ത് മുന്നോട്ട് പോകുവനാണ് താല്പര്യമെന്ന് മണിച്ചന്‍ ജയില്‍ ജീവനക്കാരോട് പറഞ്ഞു. 1982ലെ വൈപ്പിന്‍ വിഷമദ്യദുരന്തത്തിന് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് കല്ലുവാതുക്കല്‍ മദ്യ ദുരന്തത്തിലാണ്. അപകടം സംഭവിച്ച് 35 ദിവസത്തിന് ശേഷം നാഗര്‍കോവില്‍ നിന്നാണ് മണിച്ചനെ പോലീസ് പിടികൂടുന്നത്. 2002ല്‍ 13 പ്രതികളെ കൊല്ലം സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക്് വിധിച്ചു.

2017 ഫെബ്രുവരിയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കൊപ്പം മണിച്ചനും ശിക്ഷയിലവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. 2020 ഏപ്രിലില്‍ മണിച്ചനടക്കം 33 തടവുകാരെ മോചിപ്പിക്കുവാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കി. എന്നാല്‍ നഷ്ടപരിഹാരത്തുക നല്‍കാത്തതാണ് മോചനം വൈകിയത്.