കരിപ്പൂരിലേക്ക് ഏപ്രിലിനു ശേഷം ആറുമാസത്തേക്ക് വലിയ വിമാനങ്ങള്‍ ഉണ്ടാവില്ല

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്ന പ്രവാസി മലയാലികളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കി ഏപ്രിലിനു ശേഷം അടുത്ത ആറുമാസത്തേക്ക് കരിപ്പൂരിലേക്ക് വലിയ വിമനങ്ങളുടെ സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല. ഓണം, പെരുന്നാള്‍, ഹജ്ജ് സീസണിലെ തിരക്ക് പരിഗണിച്ച് അറ്റകുറ്റപ്പണിയുടെ സമയക്രമം പുനക്രമീകരിക്കണമെന്നുള്ള കേരളത്തിന്റെ അംഗീകരിക്കപ്പെട്ട ആവശ്യത്തിനു വിരുദ്ധമായാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ഈ തീരുമാനം.

റണ്‍വേ ബലപ്പെടുത്താനായി കോഴിക്കോട് വിമാനത്താവളം മേയ് ഒന്നുമുതല്‍ ആറു മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്നാണ് അറിയുന്നതു്‌. ഇതനുസരിച്ച് കൂടുതല്‍ സീറ്റുകളുള്ള എയര്‍ബസ് 330, 200, ബോയിങ് 777, 747 തുടങ്ങിയ വലിയ വിമാനങ്ങള്‍ക്ക് ഏപ്രിലിനുശേഷം കരിപ്പൂരില്‍ ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Loading...

വലിയ വിമാനങ്ങള്‍ക്ക് വിലക്കുവരുന്നതോടെ കരിപ്പൂരില്‍നിന്നുള്ള എയര്‍ ഇന്ത്യ, എമിറേറ്റ്സ്, സൗദി എയര്‍ലൈന്‍സ് എന്നിവയുടെ ജിദ്ദ, റിയാദ്, ദുബൈ സര്‍വിസുകള്‍ മുടങ്ങും. 350യാത്രക്കാരെ കൊണ്ടുപോകാവുന്ന ജംബോ വിമാന സര്‍വിസുകള്‍ നിലക്കുന്നത് മലബാറില്‍നിന്നുള്ള ഗള്‍ഫ് പ്രവാസികളുടെ യാത്രാദുരിതം ഇരട്ടിയാകും. നിര്‍ത്തലാക്കുന്ന ജംബോ സര്‍വിസുകള്‍ക്ക് പകരം 200നടുത്ത് യാത്രക്കാരെ കൊണ്ടുപോകാവുന്ന ബോയിങ് 757, 767, 737, എയര്‍ബസ് 310, 320 എന്നീ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വിസ് നടത്താനാണ് വ്യോമയാന മന്ത്രാലയം നല്‍കുന്ന നിര്‍ദേശം.

റണ്‍വേ മേയ് ഒന്നുമുതല്‍ ഭാഗികമായി അടച്ചിടുമെങ്കിലും മണ്‍സൂണ്‍ സീസണ്‍ കഴിഞ്ഞ് സെപ്റ്റംബറിനുശേഷം മാത്രമേ അറ്റകുറ്റപ്പണികള്‍ ആരംഭിക്കൂ. ഇക്കാര്യം വ്യോമയാന മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. റണ്‍വേയുടെ മോശം അവസ്ഥ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പണി തുടങ്ങുന്നതിനു ആറുമാസം മുമ്പേ റണ്‍വേ അടച്ചിടുന്നതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

82 ആഭ്യന്തര സര്‍വിസ് ഉള്‍പ്പെടെ ആഴ്ചയില്‍ 324 സര്‍വിസുകളാണ് കരിപ്പൂരില്‍ നിന്നുള്ളത്. റണ്‍വേ ഭാഗികമായി അടക്കാനുള്ള തീരുമാനം ഇവയില്‍ 52 സര്‍വിസുകളെ മാത്രമേ ബാധിക്കൂവെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ തുടര്‍ന്നു.

റണ്‍വേയുടെ വിവിധഭാഗങ്ങളില്‍ ബലക്ഷയം ഉണ്ടായെന്ന സെന്‍ട്രല്‍ റോഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് വ്യോമയാന മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്.

റണ്‍വേ അപകടാവസ്ഥയിലാണെന്ന് കണ്ടത്തെിയതിനാലാണ് റീ കാര്‍പറ്റ് ചെയ്ത് ബലപ്പെടുത്താന്‍ തീരുമാനിച്ചത്. ഗള്‍ഫ് യാത്രക്കാര്‍ക്ക് ഉണ്ടാകാവുന്ന പ്രശ്നം കേരളം കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍പെടുത്തി. മന്ത്രി കെ. ബാബു, എം.കെ. രാഘവന്‍ എം.പി എന്നിവര്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ ചര്‍ച്ചയില്‍ പ്രയാസം ലഘൂകരിക്കാന്‍ സമയം പുനക്രമീകരിക്കാമെന്നാണ് ഉറപ്പു നല്‍കിയിരുന്നതു്‌.

ഇതു്‌ ഉത്തരേന്ത്യന്‍ ലോബിയുടെ പ്രത്യേകതാല്പര്യ പ്രകാരമാണ് വ്യോമയാന മന്ത്രാലയത്തിന്റെ ഈ നടപടിയെന്നും, അറ്റകുറ്റപ്പണികള്‍ക്ക് മാസങ്ങള്‍ക്കു മുമ്പേ ഒരു എയര്‍പ്പോര്‍ട്ട് അടച്ചിടുന്ന ആവശ്യമില്ലെന്നും പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തി.