കര്‍ഷകന്റെ ആത്മഹത്യ: മരത്തിനു മുകളില്‍ നടന്നത് കണ്ടില്ല: കേജരിവാള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍െറ ഭൂമിയേറ്റെടുക്കല്‍ നിയമത്തിനെതിരെ എ.എ.പി നടത്തിയ പ്രതിഷേധ സമരത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു ശേഷവും പ്രസംഗം തുടര്‍ന്നതില്‍ ഖേദിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സംഭവം തന്നെ ഏറെ വേദനിപ്പിച്ചു. മരത്തിനു മുകളില്‍ സംഭവിച്ചത് കാണാന്‍ സാധിച്ചിരുന്നില്ലെന്നും സംഭവത്തിനു ശേഷവും റാലി തുടര്‍ന്നതില്‍ ഖേദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങനെയൊരു സമയത്ത് താന്‍ ഒരിക്കലും പ്രസംഗിക്കരുതായിരുന്നു. പ്രസംഗം തുടര്‍ന്നത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. കര്‍ഷകന്‍െറ ആത്മഹത്യ പാര്‍ലമെന്‍റിലടക്കം ചര്‍ച്ചയായി രണ്ടു ദിവസത്തിനകമാണ് കെജ്രിവാള്‍ ഇക്കാര്യത്തില്‍ ഖേദം പ്രകടപ്പിക്കുന്നത്. സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തരുതെന്ന് അദ്ദേഹം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.

ഡല്‍ഹി ജന്ദര്‍മന്ദിറില്‍ എ.എ.പി സംഘടിപ്പിച്ച കര്‍ഷക റാലിക്കിടെയായിരുന്നു സമരത്തില്‍ പങ്കെടുക്കാനത്തെിയ കര്‍ഷകന്‍ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. രാജസ്ഥാന്‍ സ്വദേശി ഗജേന്ദ്രസിങായിരുന്നു ജീവനൊടുക്കിയത്. പൊലിസിനോ എ.എ.പി പ്രവര്‍ത്തകര്‍ക്കോ ഇയാളെ രക്ഷിക്കാനായില്ല. മരത്തില്‍ നിന്നിറക്കി ഇയാളെ തൊട്ടടുത്ത ആശുപത്രിയിലത്തെിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. എന്നാല്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനു ശേഷവും ചടങ്ങ് തുടരുകയും കെജ്രിവാള്‍ 10 മിനിറ്റോളം പ്രസംഗിക്കുകയും ചെയ്തു. ചടങ്ങ് തുടര്‍ന്നത് വ്യാപക വിമര്‍ശത്തിനിടയാക്കിയിരുന്നു.

Loading...