കേരള കോണ്‍ഗ്രസ് സെക്കുലറിനു നവജീവന്‍: ടി.എസ് ജോണ്‍ പ്രസിഡന്റ്

കൊച്ചി: ചീഫ് വിപ്പ് സ്ഥാനം പോയ പി.സി ജോര്‍ജിന്റെ അനുഗ്രഹാശിസ്സുകളോടെ അനുയായികള്‍ കേരള കോണ്‍ഗ്രസ്‌–സെക്കുലര്‍ പുനരുജ്ജീവിപ്പിച്ചു. പഴയ സെക്കുലറിന്റെ ചെയര്‍മാന്‍ ടി.എസ്‌. ജോണാണ്‌ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച വിവരം അറിയിച്ചത്. ഇദ്ദേഹം തന്നെയാണു പാര്‍ട്ടിയുടെ പുതിയ ചെയര്‍മാന്‍. സെക്കുലര്‍ യുഡിഎഫില്‍ തുടരുമെന്നും സെക്കുലറിനോടനുഭാവമുള്ള ത്രിതല പഞ്ചായത്ത്‌ പ്രതിനിധികള്‍ യുഡിഎഫിന്റെ വിപ്പനുസരിച്ച്‌ വോട്ടു ചെയ്യുമെന്നും അദേഹം പറഞ്ഞു.

സെക്കുലറിന്റെ ആസ്ഥാനം കോട്ടയത്ത് ആയിരിക്കും. പത്തു ദിവസത്തിനകം എല്ലാ ജില്ലകളിലും ഓഫീസ്‌ തുറക്കുമെന്നും അദേഹം പറഞ്ഞു. പി.സി. ജോര്‍ജ്‌ സെക്കുലറില്‍ ഉണ്ടാവില്ല എന്നാണ് അറിയുന്നത്. പി.സി. ജോര്‍ജിനായി സെക്കുലറില്‍ ഒരു സ്ഥനവും നീക്കി വച്ചിട്ടില്ല. കേരള കോണ്‍ഗ്രസ്‌–എമ്മിനും കെ.എം. മാണിക്കുമെതിരേ രൂക്ഷവിമര്‍ശനമാണു ജോണ്‍ വാര്‍ത്താ സമ്മേളനത്തിലുടനീളം ഉന്നയിച്ചത്‌.

Loading...

കേരള കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല. മാണിയുടെ ഏകാധിപത്യമാണു നടക്കുന്നത്‌. പാര്‍ട്ടി യോഗങ്ങള്‍ കൂടാറില്ല. മാണി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നതാധികാര സമിതി യോഗത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മാണി അംഗീകരിച്ചില്ല. സെക്കുലര്‍ പാര്‍ട്ടിയുടെ 14ജില്ലാ പ്രസിഡന്റുമാരെയും പോഷക സംഘടനാ ഭാരവാഹികളേയും വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ ഗ്രൂപ്പില്‍ നിന്നും പുറത്തു വന്നായിരുന്നു പി.സി ജോര്‍ജ്‌ കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ രൂപീകരിച്ചത്‌. തുടര്‍ന്ന്‌ 2009ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ സെക്കുലര്‍ ഇല്ലാതായി. ജോര്‍ജും മാണിയും തമ്മില്‍ ഇടയുകയും ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്ഥാനത്തു നിന്നും പുറത്താക്കുകയും ചെയ്‌തതോടെയാണു വീണ്ടും കേരള കോണ്‍ഗ്രസ്‌ സെക്കുലര്‍ യാഥാര്‍ഥ്യമായിരിക്കുന്നത്‌.

പി.സി. ജോര്‍ജ്‌ പാര്‍ട്ടിയിലില്ലെങ്കിലും ജോര്‍ജിന്റെ അനുഗ്രഹാശിസുകളോടെയാണു പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്‌. കൂറുമാറ്റ നിരോധന നിയമം നിലനില്‍ക്കുന്നതിനാലാണു ജോര്‍ജ്‌ സെക്കുലറില്‍ നിന്നും വിട്ടുനില്‍ക്കുന്നത്‌.