കടക്കാരനോട് ആവശ്യപ്പെട്ടത് 500 ജോഡി ചെരുപ്പുകള്‍ ;നല്‍കാത്തതില്‍ കട ഉടമയ്ക്കുനേരം ആക്രമണം

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 500 ജോഡി ചെരുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ കടയുടമയെ ആക്രമിച്ചു. നാരകത്തറ ജങ്ഷനിലെ ലക്ഷ്മി ഫുട്ട് വെയറില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടാണ് സംഭവം.

ആക്രമണത്തില്‍ പരിക്കേറ്റ കടയുടമ കുമാരപുരം ലക്ഷ്മി നിവാസില്‍ ശിവന്‍കുട്ടി (ഉണ്ണി45) ഹരിപ്പാട് ഗവ. ആശുപത്രിയലില്‍ ചികിത്സയിലാണ്. കടയിലെ സി.സി.ടി.വി.യില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങളുണ്ട്.

Loading...

ചിങ്ങോലിയിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് പരിചയപ്പെടുത്തിയ അക്രമികള്‍ സംഘടനയുടെ ബാഡ്ജും ധരിച്ചിരുന്നു.

വെളളപ്പൊക്ക ദുരിതാശ്വാസത്തിനായി നേരത്തെ 50 ജോഡി ചെരുപ്പും 5,000 രൂപയും കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞ ശിവന്‍കുട്ടി 500 ജോഡി ചെരുപ്പ് കൊടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. കടയില്‍ എത്തുന്നതിന് മുന്‍പ് ഫോണിലും ചെരുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു.

ശിവന്‍കുട്ടിയെ ആക്രമിക്കുന്നത് കടയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞു. ദൃശ്യങ്ങള്‍ സഹിതം ഹരിപ്പാട് പോലീസില്‍ പരാതി നല്‍കി.