ഇത്തരക്കാരുടെ കാക്കിത്തൊപ്പി ഊരിയെറിയണം! പോലീസിന്റെ കള്ള കേസ് കൈയ്യോടെ പൊക്കിയ അഭിഭാഷകന്റെ കുറിപ്പ്

വീട്ടിൽ നിന്നും ബലമായി ഇറക്കി കൊണ്ടുപോയി. ഒരു പരാതിയും കേസും ഇല്ല. ഒടുവിൽ ഡി.ജി.പി ഇടപെട്ടപ്പോൾ പിടിച്ച് നില്ക്കാൻ പോലീസ് ഒരു കള്ള കേസ് ചുമത്തി എന്ന് പരാതി. മാത്രമല്ല എടുത്ത കേസാകട്ടേ ആധാരം വിലകുറച്ച് രജിസ്റ്റർ ചെയ്തു എന്ന കുറ്റം. പൂർണ്ണമായി സിവിൽ കേസ്. സർക്കാർ വാദിയായ സിവിൽ കേസിലും പോലീസ് ക്രിമിനൽ കേസെടുത്തിരിക്കുന്നു.പോലീസിനെ കൈയ്യോടെ പിടികൂടി കള്ള കേസ് പുറത്ത് കൊണ്ടുവന്നത് കൊല്ലത്തേ യുവ അഭിഭാഷകൻ കൈയ്യോടെ ബോറിസ് പോൾ എന്നയാളാണ്‌. എല്ലാവരും വായിച്ചിരിക്കേണ്ട വക്കീലിന്റെ കുറിപ്പ്, ശ്രദ്ധിക്കുക സിവിൽ കേസിൽ ഇടപെടാനും നടപടി എടുക്കാനും പോലീസിനു അധികാരമില്ല. സുപ്രീം കോടതിയുടെയും ഡി.ജി.പിയുടേയും വിലക്കുണ്ട്. ഈ സഭവം തെളിഞ്ഞാൽ കേസെടുത്ത പോലീസുകാരുടെ തൊപ്പി തെറിക്കും. അഡ്വ ബോറീസ് പോളിന്റെ കുറിപ്പ്

ഇന്നലെ വൈകീട്ട് 6 മണിയോടെ ഡിക്സൺ സൈറസ് എന്നയാളെ കൊല്ലം വെസ്റ്റ് പോലീസ് വീട്ടിൽ നിന്നും ബലമായി സ്റ്റേഷനിൽ കൊണ്ടുപോയി. അന്വേഷിച്ചു ചെന്ന സുഹൃത്തുക്കളോടും സഹോദരനോടും എസ്.ഐ കൈമലർത്തി. കേസൊന്നും ഇല്ല. അസിസ്റ്റൻറ് കമ്മീഷണർ പറഞ്ഞിട്ടാണ്. എറണാകുളത്തെ ആരോടോ ഉള്ള തർക്കം സെറ്റിൽ ചെയ്യാൻ അവർ രാവിലെ വരുമത്രേ! വിവരം വൈകി അറിഞ്ഞ ഞാൻ സിറ്റി കമ്മീഷണറുടെ ഫോണിൽ മൂന്ന് തവണ വിളിച്ചു. എടുത്തില്ല.

Loading...

എസ്.എം.എസ് സന്ദേശമയച്ചു. പ്രതികരിച്ചില്ല. ഞാൻ ഡി.ജി.പിയുടെ മൊബൈലിൽ സന്ദേശമയച്ചു. രണ്ടു മിനിട്ടിനുള്ളിൽ ഡി.ജി.പി ബെഹ്റ ഇങ്ങോട്ട് വിളിച്ചു. ഞാൻ വിവരം പറഞ്ഞു. കമ്മീഷണർക്ക് പരാതി ഫോർവേഡ് ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. ലോക്കൽ പോലീസിനെ വീണ്ടും ബന്ധപ്പെടാനും ഉപദേശിച്ചു. ഞാൻ എസ്.ഐയെ വിളിച്ചു. നേരത്തെ സഹോദരനോട് പറഞ്ഞത് അദ്ദേഹം എന്നോടും ആവർത്തിച്ചു. അദ്ദേഹത്തിന്റെ നിസ്സഹായത മനസ്സിലായി. തുടർന്ന് എ.സി.പിയെ വിളിച്ചു. കേസില്ലെന്നും എറണാകുളത്ത് കാരുടെ പരാതി കമ്മീഷണറുടെ കൈയിലാണെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത് ചെയ്യാമെന്നും പറഞ്ഞു. ഞാനും ഡിക്സന്റെ സഹോദരനും സുഹൃത്തുക്കളും രാത്രി സ്റ്റേഷനിലെത്തി. ഡിക്സൺ അവശനായിരുന്നു. ഇതിനിടെ സുഹൃത്തുക്കൾ രാഷ്ട്രീയ നേതാക്കളെ വിവരം വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഒന്നും നടന്നില്ല. 11:30ക്ക് പുറത്ത് നിൽക്കുന്ന എന്നെക്കണ്ട് “ഞാനിപ്പോൾ കുഴഞ്ഞ് വീഴും” എന്ന് ഡിക്സൺ വിളിച്ചു പറഞ്ഞു. ഞാനുടനെ എസ്.ഐയെ വിളിച്ചു വിവരം അറിയിച്ചു. അപ്പോൾ, ആ വൈകിയ വേളയിൽ അദ്ദേഹം പറയുകയാണ്… ഒരു കേസ് രജിസ്റ്റർ ചെയ്തു. 420 വകുപ്പ് പ്രകാരം! ക്രൈം 108/2019 !

അതിശയകരം മറ്റൊന്നുമല്ല. പറയപ്പെടുന്ന കുറ്റകൃത്യം നടന്നത് എറണാകുളത്ത്. വിലയാധാര കരാർ ലംഘനമാണ് കുറ്റം. തികച്ചും സിവിൽ തർക്കം. സിവിൽ കോടതിയിൽ പരാജയപ്പെടുമെന്ന് കണ്ട എതിർകക്ഷി സ്വാധീനിച്ചത് സിറ്റി പോലീസ് കമ്മീഷണറെ! മാന്യനായ വ്യക്തിയെ കേസ് ഒത്തുതീർപ്പാക്കാൻ സ്റ്റേഷനിൽ പിടിച്ചിരുത്തി. സംഗതി ഡി.ജി.പിയുടെ ശ്രദ്ധയിൽ പെട്ടെന്ന് മനസ്സിലായപ്പോൾ പാതിരാത്രി കള്ളക്കേസ് എടുപ്പ്! അതും പരാതിക്കാരൻ എറണാകുളത്ത് നിൽക്കുമ്പോൾ കൊല്ലത്ത് FIR!. ഇന്ന് രാവിലെ 4 മണി വരെയും ഈ കള്ള FIR പോലീസ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല!! സ്റ്റേഷനിൽ കുഴഞ്ഞ് വീണ ഡിക്സനെ രാത്രി ആശുപത്രിയിൽ കൊണ്ടുപോയി കാണിച്ച് വീണ്ടും സ്റ്റേഷനിൽ കൊണ്ടുവന്ന് ഇരുത്തിയിട്ടുണ്ട്. വീഡിയോ ദൃശ്യങ്ങൾ ഉടനെ പൊതുജന സമക്ഷം പ്രസിദ്ധീകരിക്കാം.
ഇത്തരം അധികാര ദുർവിനിയോഗം ചെയ്യുന്ന പോലീസുകാരാണ് കേരള പോലീസിന് നാണക്കേട് ഉണ്ടാക്കുന്നത്.
ഇവർ സർക്കാരിനെയും കളങ്കപ്പെടുത്തുന്നു.
ഇവരുടെ തൊപ്പികൾ ഊരിയെറിയാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അപേക്ഷ…..
അങ്ങ് ഇവരെ ചുമക്കരുത്…