അമ്മ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളാടൊപ്പം പോയി ; മക്കളേയും പറഞ്ഞു പഠിപ്പിച്ച് സജീവൻ

കൊച്ചി: കൊച്ചി എടവനക്കാട് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇവർ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതാണെന്ന് പ്രതിയായ സജീവൻ തന്റെ മക്കളെയും പറഞ്ഞു വിശ്വസിപ്പിച്ചു. ഒൻപതും പതിനേഴും വയസുള്ള രണ്ട് മക്കൾ. മക്കൾക്ക് വേണ്ട ഭക്ഷണം ഉണ്ടാക്കുന്നതും അവർക്കുവേണ്ട എല്ലാകാര്യവും ചെയ്തുകൊടുക്കുന്നതും അച്ഛൻ. അമ്മ മക്കളെ ഉപേക്ഷിച്ച് മറ്റൊരാളാടൊപ്പം പോയെന്ന് അച്ഛൻ പറഞ്ഞ് പഠിപ്പിച്ചപ്പോൾ മക്കൾ അത് വിശ്വസിച്ചു.

തങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന അച്ഛനെ മക്കളും വിശ്വസിച്ചു. “അമ്മക്ക് ഞങ്ങളെ വേണ്ടാത്തത് കൊണ്ടല്ലേ ഞങ്ങളെ ഇട്ടിട്ട് പോയത്. ആ അമ്മയെ ഞങ്ങൾക്കും വേണ്ട” ഇതായിരുന്നു മക്കളുടെ മനസിൽ. അച്ഛനും മക്കൾക്കും അത് നാണക്കേടായതിനാൽ ആര് ചോദിച്ചാലും അമ്മ ബാംഗ്ലൂർ പോയതാണെന്ന് പറയണമെന്നും ആ മക്കളെ പഠിപ്പിച്ചു. ഒന്നര വർഷം മുൻപാണ് രമ്യയെ കാണാതായത്. രമ്യയുടെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.

Loading...

രമ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് വീട്ടിലെ തുണി വിരിക്കുന്ന കയർ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം വീട്ടുമുറ്റത്ത് കുഴിച്ചിടുകയായിരുന്നു സജീവൻ. അമ്മ മറ്റൊരാളോടൊപ്പം ഇറങ്ങിപ്പോയെന്ന് പറഞ്ഞ് മക്കളെ വിശ്വസിപ്പിച്ചു. ബാംഗ്ലൂരിൽ പഠിക്കാൻ പോയതാണെന്നും അവിടെനിന്നും വിദേശത്തേക്ക് പോയതാണെന്നും രമ്യയുടെ വീട്ടുകാരെയും നാട്ടുകാരേയും വിശ്വസിപ്പിക്കുകയായിരുന്നു സജീവൻ.

കൃത്യമായി തയാറാക്കിയ പദ്ധതിയിൽ കൊലനടത്തിയ ശേഷം കഴിഞ്ഞ ഒന്നര വർഷമായി നല്ലപിള്ള ചമഞ്ഞ് നടക്കുകയായിരുന്നു സജീവൻ.രമ്യയുടെ കൊലപാതകത്തിന് കുറച്ച് ദിവസം മുൻപാണ് അവസാനമായി വീട്ടിലേക്ക് പോയത്. രമ്യയെ കൊലപ്പെടുത്തുന്ന സമയത്ത് മക്കൾ രമ്യയുടെ വീട്ടിലായിരുന്നു. കോവിഡ് ആയിരുന്നതിനാൽ ക്വാറന്റൈനിലായിരുന്നു രമ്യയുടെ വീട്ടുകാർ. കോവി‍ഡ് ടെസ്റ്റ് ചെയ്യാൻ പോയി തിരികെ വന്നപ്പോൾ മക്കൾ വീട്ടിൽ ഇല്ലായിരുന്നു. സജീവനെ വിളിച്ചപ്പോൾ കൂട്ടിക്കൊണ്ട് പോയതാണെന്നും അവിടെ അവരുടെ വീട്ടിൽ ക്വാറന്റൈനിൽ ഇരുന്നോളാമെന്നും പറഞ്ഞു.

പിന്നീട് അവർക്ക് കോവിഡ് ആവുകയും ക്വാറന്റൈനുമെല്ലാം കഴിഞ്ഞ് ഏകദേശം ഒരു മാസം കഴിഞ്ഞ ശേഷമാണ് മക്കൾ പിന്നീട് രമ്യയുടെ വീട്ടിലേക്ക് എത്തുന്നത്. അതിനിടെ രമ്യയെ ഫോൺ ചെയ്യുമ്പോൾ സജീവൻ ഫോണെടുക്കുകയും കുളിക്കുകയാണെന്നും ഉറങ്ങുകയാണെന്നും തലവേദനയാണെന്നുമെല്ലാം പറഞ്ഞു. അമ്മയുടെ കൊലപാതകം മക്കൾ അറിയാതിരിക്കാൻ സജീവൻ ശ്രദ്ധിച്ചിരുന്നു.