ഒരു കോടി പൊടിച്ച് ഒട്ടിച്ച പരസ്യങ്ങള്‍ പൊളിക്കണമെന്ന് തെര.കമ്മിഷൻ …കേട്ടഭാവം നടിക്കാതെ കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രത്തോടു കൂടി കെ.എസ്.ആര്‍.ടി.സി ബസുകളില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം ലഭിച്ചിട്ടും നടപടി എടുക്കാതെ സര്‍ക്കാര്‍.

ഒരുകോടി രൂപ ചെലവില്‍ 5000 കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയത് സംബന്ധിച്ച പരസ്യം പതിച്ചിട്ടുള്ളത്. ഇതിനിടെ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ഒരുകോടി മുടക്കിയ പരസ്യം ആഴ്ചകള്‍ക്കുള്ളില്‍ എടുത്തു മാറ്റേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്.

Loading...

‘പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു, ഇനി നവകേരള നിര്‍മ്മാണം’ എന്ന വാചകത്തോടൊപ്പം ആയിരം ദിവസങ്ങളില്‍ ഓരോ വകുപ്പും പൂര്‍ത്തിയാക്കിയ ശ്രദ്ധേയമായ പദ്ധതികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

ലോക്കല്‍ ബസ് ഒന്നിന് 2000 രൂപയും ഫാസ്റ്റിനും സൂപ്പര്‍ ഫാസ്റ്റിനും 2700 എന്ന നിരക്കിലുമാണ് പരസ്യം നല്‍കിയത്. പോസ്റ്ററുകള്‍ എത്തിയതോടെ ഫെബ്രുവരി 20 ന് ബസുകളില്‍ പരസ്യം സ്ഥാപിച്ചു തുടങ്ങി.

എത്ര ബസുകളില്‍ ബരസ്യം ഒട്ടിച്ചുവെന്ന കണക്ക് മാര്‍ച്ച് രണ്ടിന് ഉച്ചയ്ക്ക് മുന്‍പായി സോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമാരുടെ ഓഫീസില്‍ എത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. മാര്‍ച്ച് ആദ്യവാരത്തോടെ പോസ്റ്റര്‍ പതിപ്പിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി.

ഇതിനിടെ, മാര്‍ച്ച് 10 ന് തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഇതോടെ ബസുകളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നിര്‍ദേശം നല്‍കുകയായിരുന്നു.