വിദ്യാർഥികൾക്കുള്ള യാത്ര ഇളവിന് നിയന്ത്രണവുമായി കെഎസ്ആർടിസി

തിരുവനന്തപുരം. വിദ്യാര്‍ഥികളുടെ യാത്ര ഇളവ് പുനപരിശോധിക്കുവാന്‍ കെഎസ്ആര്‍ടിസി. യാത്ര ഇളവിനായി അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കുന്നതിനാലാണ് നടപടി. ഒരു ബസിന് പരമാവധി 25 വിദ്യാര്‍ഥികള്‍ എന്ന കണക്കിലേ ഇനി ഇളവ് അനുവദിക്കുവെന്നാണ് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നത്. കെഎസ്ആര്‍ടിസിക്ക് വരുമാനം കുറയുന്നത് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഇതില്‍ കൂടുതല്‍ സൗജന്യം അനുവദിക്കുവാന്‍ കഴിയില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ നിലപാട്.

ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചല്‍ കൊട്ടിയം റൂട്ടില്‍ യാത്ര സൗജന്യം നിയന്ത്രിച്ചു. ഓരോ റൂട്ടിലുള്ള ബസുകള്‍ കണക്കിലെടുത്താകും യാത്ര ഇളവ് നല്‍കുക. നിയന്ത്രണം നടപ്പാകുമ്പോള്‍ ബസുകള്‍ കുറവള്ള റൂട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് യാത്ര ഇളവ് ലഭിക്കാതെ വരും. എന്നാല്‍ സ്വകാര്യ ബസ് ഈ റൂട്ടുകളില്‍ ഉള്ളതിനാല്‍ യാത്ര സൗകര്യത്തിന് കുറവ് ഉണ്ടാകില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.

Loading...

പ്ലസ്ടൂ വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്രയാണ്. സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്ന റൂട്ടുകളില്‍ യാത്ര പൂര്‍ണമായും സൗജന്യമായ കെഎസ്ആര്‍ടിസിയിലെക്ക് വിദ്യാര്‍ഥികള്‍ വര്‍ധിച്ചു. കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുവാന്‍ വിദ്യാര്‍ഥികളെ സ്വകാര്യ ബസ് ജീവനക്കാര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നാണ് വിവരം. ഇത് മൂലം യാത്രക്കാര്‍ സ്വകാര്യബസിലേക്ക് മാറി. ഇത് വലിയ വരുമാന നഷ്ടത്തിന് കാരണമായതായി കെഎസ്ആര്‍ടിസി പറയുന്നു.

വലിയതോതില്‍ വരുമാന നഷ്ടം ഉണ്ടായപ്പോഴാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തതെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കുന്നു. നിയമപ്രകാരം യാത്രസൗജന്യങ്ങള്‍ നിയന്ത്രിക്കുവാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് അധികാരമുണ്ട്. നിലവില്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവധിക്കുന്നത്. ഇതില്‍ മാറ്റം വരുത്തണമെന്ന് കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്.