കുട്ടനാട്ടില്‍ നിന്നും നാട്ടുകാര്‍ പാലായനം ചെയ്യുന്നു… ഒരു വര്‍ഷത്തിനിടെ പോയത് 30 കുടുംബങ്ങള്‍

അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയവും കടല്‍കയറ്റവും മൂലം മറ്റൊരു മണ്‍റോതുരുത്തായി മാറുമെന്ന ഭീതിയെ തുടര്‍ന്ന് കുട്ടനാട്ടില്‍ നിന്നും നാട്ടുകാര്‍ പാലായനം ചെയ്യുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ കൈനകരിയിലും ആര്‍ ബ്‌ളോക്കിലുമായി വീട് ഉപേക്ഷിച്ചു പോയത് 30 കുടുംബങ്ങള്‍.

1450 ഏക്കര്‍ വരുന്ന ആര്‍ ബ്ലോക്കില്‍ 250-ല്‍ ഏറെ കുടുംബങ്ങള്‍ വസിച്ചിരുന്നു. ഇപ്പോഴുള്ളതു 30 കുടുംബങ്ങള്‍ മാത്രം. കൃഷിഭൂമിയില്‍ വലിയൊരുപങ്കും ഇന്നു ടൂറിസം മാഫിയയുടെ പക്കലാണ്.

Loading...

കാലാവസ്ഥാ വ്യതിയാനത്തേത്തുടര്‍ന്നുള്ള കടല്‍കയറ്റ ഭീഷണി ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്നാണ് ഐക്യരാഷ്ട്ര സംഘടനാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടറസ് വെളിപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. ഗട്ടറസിന്റെ ഈ മുന്നറിയിപ്പിനെക്കുറിച്ചൊന്നും അറിയാതെതന്നെ, സമുദ്രനിരപ്പിനു താഴെയുള്ള കുട്ടനാട്ടില്‍നിന്ന് നാട്ടുകാര്‍ പലായന പാതയിലാണ്.

ഇവിടെ ഭൂമി താഴുന്നതും പതിവായി വെള്ളം കയറുകയും ചെയ്യുന്നതിനാല്‍ പലരും കുട്ടനാട് ഉപേക്ഷിച്ചു പോകുകയാണ്.
പലരും വീടും പുരയിടവും വിറ്റു. ചിലര്‍ വാടകയ്ക്കു നല്‍കി.

മുട്ടാര്‍, നെടുമുടി, പുളിങ്കുന്ന്, ചമ്പക്കുളം പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിലുള്ളവരെല്ലാം നാടുവിടേണ്ടിവരുമെന്ന ആശങ്കയിലാണ്. മഹാപ്രളയാനന്തരം ജീവിതം ദുഷ്‌കരമായതുതന്നെ കാരണം. മഹാപ്രളയത്തിനുശേഷം കുട്ടനാടിന്റെ കരഭൂമി കൂടുതല്‍ താഴുകയും ചെയ്തു.

സമുദ്രനിരപ്പ് ഉയരുന്നത് ആഗോള പ്രതിഭാസമാണെങ്കിലും അതേറ്റവും ഭീഷണി ഉയര്‍ത്തുന്ന പ്രദേശങ്ങളിലൊന്ന് കേരളത്തിന്റെ സ്വന്തം കുട്ടനാടാണ്. അപ്രത്യക്ഷമാകുമെന്ന ആശങ്ക ഏറെക്കാലമായി ചര്‍ച്ചചെയ്യപ്പെടുന്ന കൊല്ലത്ത് അഷ്ടമുടിക്കായലിനും കല്ലടയാറിനുമിടയില്‍ സ്ഥിതിചെയ്യുന്ന മണ്‍റോ തുരുത്തിന്റെ സമാന അവസ്ഥയിലാണു കുട്ടനാട്ടിലെ പല പ്രദേശങ്ങളും.

അമിത ലവണസാന്നിധ്യവും ജലവിതാനം ഉയരുന്നതും മൂലം താഴ്ന്നപ്രദേശങ്ങളില്‍ ജനവാസം അസാധ്യമാകുകയും കൃഷിനാശം പതിവാകുകയുമാണ്.

കൈനകരി പഞ്ചായത്തിലെ തന്നെ തോട്ടുവാത്തല, പരുത്തിവളവ്, ആറുപങ്ക്, വലിയതുരുത്ത്, കുട്ടമംഗലം എന്നിവിടങ്ങളില്‍നിന്ന് ഒരുവര്‍ഷത്തിനിടെ ഏകദേശം 30 കുടുംബങ്ങള്‍ മറ്റിടങ്ങളിലേക്കു മാറിയതായി ബ്ലോക്ക് പഞ്ചായത്തംഗം മധു സി. കൊളങ്ങര ചൂണ്ടിക്കാട്ടി.

മഹാപ്രളയത്തില്‍ കുട്ടനാട്ടിലെ വീടും സര്‍വസമ്പാദ്യവും ഒലിച്ചുപോയ കൈനകരിക്കാരി. പാടത്തു മടവീണ് വെള്ളം ഇരച്ചുകയറിയതോടെ പ്രാണരക്ഷാര്‍ഥം മകള്‍ക്കൊപ്പം ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ ശശിയമ്മ ആഴ്ചകള്‍ക്കുശേഷമാണു മടങ്ങിയെത്തിയത്. അപ്പോള്‍ കണ്ടതാകട്ടെ, മൂന്നരവര്‍ഷം മുമ്പു മാത്രം നിര്‍മിച്ച വീട് തകര്‍ന്നടിഞ്ഞു കിടക്കുന്നതും. പുരയിടത്തിന്റെ ഭൂരിഭാഗവും പ്രളയം കവര്‍ന്നു.

വിദേശത്തുള്ള മൂത്തമകളുടെ അടുത്തേക്കു പോകാന്‍ സൂക്ഷിച്ചുവച്ച പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ രേഖകളെല്ലാം നഷ്ടപ്പെട്ടു. കൈനകരി പുതുപ്പറമ്പില്‍ചിറ ശശിയമ്മയുടെ ദുരവസ്ഥ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ കാരുണ്യഹസ്തങ്ങള്‍ നീണ്ടു. ആലപ്പുഴ സബ് കലക്ടറായിരുന്ന വി.ആര്‍. കൃഷ്ണതേജ മുന്‍കൈയെടുത്ത്, ”ഐ ആം ഫോര്‍ ആലപ്പി” പദ്ധതിപ്രകാരം ശശിയമ്മയ്ക്കും കുടുംബത്തിനും ഹട്ട് മാതൃകയിലുള്ള വീടൊരുങ്ങി. എന്നിട്ടും ശശിയമ്മ കുട്ടനാടിനോടു വിടപറയാന്‍ ഒരുങ്ങുകയാണ്.

ഈവര്‍ഷം ഇതുവരെ എട്ടുതവണയാണു വെള്ളപ്പൊക്കമുണ്ടായതെന്നു ശശിയമ്മയുടെ സഹോദരി കൃഷ്ണകുമാരി പറഞ്ഞു. കുട്ടനാടിനു പുറത്ത്, മുഹമ്മ പഞ്ചായത്തില്‍ സ്ഥലം വാങ്ങി നിര്‍മിച്ച വീട്ടിലേക്കു മാറാനൊരുങ്ങുകയാണു ശശിയമ്മയുടെ കുടുംബം. ജനിച്ച നാടുവിട്ടുപോകാന്‍ വിഷമമുണ്ടെങ്കിലും പോകാതെവയ്യ.