കേരളത്തില്‍ നിയമവാഴ്ച തകര്‍ന്നു: സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്

തിരുവനന്തപുരം: സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനംചെയ്ത മന്ത്രിമാര്‍, യുഡിഎഫ് എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ നടത്തിയ പീഡനങ്ങളെ കുറിച്ച് സരിതയുടെ കത്തിലൂടെ വെളിപ്പെട്ട കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതും ലജ്ജിപ്പിക്കുന്നതുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എപ്പോഴും പറയാറുള്ള ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നു. നിയമാനുസൃതം പ്രവര്‍ത്തിക്കേണ്ട പൊലീസിനെയും നിഷ്ക്രിയമാക്കി.

സോളാര്‍ പദ്ധതിയുടെ മറവില്‍ നിരവധി വ്യക്തികളില്‍നിന്നായി കോടിക്കണക്കിന് രൂപയാണ് സരിതയും സംഘവും തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി സരിതയ്ക്കുള്ള അടുത്ത ബന്ധം ബോധ്യപ്പെടുത്തിയാണ് ഈ തട്ടിപ്പുകള്‍ നടത്തിയത്. കോന്നി സ്വദേശി മല്ലേല്‍ ശ്രീധരന്‍നായര്‍ പത്തനംതിട്ട മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ പരാതിയില്‍ താന്‍ സരിതയോടൊപ്പം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ഓഫീസില്‍വച്ച് കണ്ടെന്നും ടീം സോളാര്‍ എന്ന കമ്പനിയെക്കുറിച്ച് മുഖ്യമന്ത്രി, “നല്ല കമ്പനിയാണെന്ന്’ സംസാരിച്ചതായും പറയുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ കൂടി വിശ്വസിച്ചാണ് സരിതയ്ക്ക് പണം നല്‍കിയതെന്നായിരുന്നു ശ്രീധരന്‍നായരുടെ പരാതി. തട്ടിപ്പിനിരയായ മറ്റുള്ളവരും ഇതേ രീതിയില്‍ പൊലീസില്‍ പരാതികള്‍ നല്‍കുകയുണ്ടായി.

Loading...

മുഖ്യമന്ത്രിക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് വിവിധ പ്രക്ഷോഭങ്ങള്‍ നടത്തിയത്. സെക്രട്ടറിയറ്റ് ഉപരോധത്തെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതനുസരിച്ചുള്ള അന്വേഷണം നടന്നുവരികയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെ അന്വേഷണപരിധിയിലാണ്.സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിച്ച ആക്ഷേപങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.

തുടക്കംമുതലേ കേസന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ജയിലില്‍വച്ച് സരിത എഴുതിയ മൊഴി പുറത്ത് വരാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതായി ആരോപണം ഉയര്‍ന്നു. പരാതിക്കാര്‍ക്ക് പണം തിരികെനല്‍കി കേസുകളില്‍നിന്ന് രക്ഷപ്പെടാന്‍ സരിതയ്ക്ക് വന്‍തുക നല്‍കി. ഇതെല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്ന് വ്യക്തം. നേരത്തെ പുറത്തുവന്ന എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതാണ് സരിതയുടെ കത്ത്.

ഇത്രയും കാര്യങ്ങള്‍ പുറത്തുവന്നിട്ടും അഴിമതിയുടെ രേഖകള്‍ പിടിച്ചെടുക്കാനും കേസെടുത്ത് അന്വേഷിക്കാനും പൊലീസ് തയ്യാറാകാത്തത് ദുരൂഹമാണ്. ഒരു പൊതുയോഗത്തിലെ പ്രസംഗത്തിന്റെപേരില്‍ എം എം മണിയുടെപേരില്‍ കേസെടുക്കാന്‍ തിടുക്കംകാണിച്ച പൊലീസ് ഇപ്പോള്‍ നിഷ്ക്രിയമായതും മുഖ്യമന്ത്രിയുടെ നിര്‍ദേശം കാരണമാണ്. യുഡിഎഫ് നേതാക്കളുടെയും മന്ത്രിമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവരുടെയും ജീര്‍ണിച്ച മുഖമാണ് പുറത്തുവരുന്നത്. ഏതൊരു കേരളീയനും തലതാഴ്ത്തി നില്‍ക്കേണ്ട നാണക്കേടിലേക്കാണ് ഭരണം എത്തിയതെന്നും പ്രസ്താവനയില്‍ പറഞ്ഞു.