ജീവിതത്തെയും മരണത്തെയും മുഖാമുഖം കണ്ട നിമിഷങ്ങള്‍ യമനില്‍ നിന്നെത്തിയ ലിസി പങ്കുവയ്ക്കുന്നു

പാലാ: യമനില്‍ ജീവിതത്തെയും മരണത്തെയും മുഖാമുഖം കണ്ട ചില നിമിഷങ്ങള്‍ ലിസി പങ്കുവയ്ക്കുന്നു. ബോംബുകള്‍ തീമഴയായി പെയ്യുന്ന യെമനില്‍നിന്നു പ്രാണനും കൈയ്യില്‍ പിടിച്ച് ലിസി മടങ്ങിയെത്തി. പാലാ കൊഴുവനാല്‍ ഉള്ളാത്തോട്ടത്തില്‍ ലിസി തോമസിന്‌ ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല, താന്‍ ഒരു കുഴപ്പവും കൂടാതെ നാട്ടില്‍ മടങ്ങിയെത്തിയെന്ന കാര്യം!

നഴ്സായ ലിസിക്ക്‌ എട്ടു വര്‍ഷം മുമ്പ്‌ അമ്മയുടെ ബന്ധുവാണു യെമനില്‍ ജോലി ശരിയാക്കിയത്‌. സ്വകാര്യാശുപത്രിയിലും ക്ലിനിക്കുകളിലുമായി ജോലി ചെയ്‌തുവരികയായിരുന്നു. ആറു വര്‍ഷം മുമ്പ്‌ ഭര്‍ത്താവ്‌ തോമസ്‌ മാത്യുവും ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള സനയിലെ റസ്റ്ററന്റില്‍ ജോലിക്കായി യെമനിലേക്കു വന്നു. സംഘര്‍ഷം മൂലം ജോലിക്കു പോകാനാവാതെ വന്ന ലിസി ഒരു മാസമായി ഭര്‍ത്താവിനെ സഹായിക്കുകയായിരുന്നു.

Loading...

രണ്ടു മാസങ്ങള്‍ക്കു മുമ്പാണു സനയില്‍ പ്രശ്‌നം തുടങ്ങിയത്‌. ഏതാനും ആഴ്‌ചകള്‍ക്കു മുമ്പു യുദ്ധം കനത്തു. എങ്ങും വെടിവയ്‌പും ബോംബിങ്ങും. രാത്രി ആറു മുതലാണ്‌ വിമതരുടെ ആക്രമണം ആരംഭിക്കുക. പുലര്‍ച്ചെ ആറോടെ അല്‌പം ശാന്തമാകും. എന്നാല്‍, കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ രാത്രിയും പകലും ഒരു പോലെ ആക്രമണം തുടങ്ങി.

വിദേശികള്‍ക്കു മടങ്ങാന്‍ യുദ്ധം നിര്‍ത്തിവച്ചപ്പോഴാണു താനടക്കം 340 ഇന്ത്യക്കാര്‍ നാട്ടിലേക്കു മടങ്ങിയതെന്നു ലിസി പറയുന്നു. സനയ്ക്കു സമീപമുള്ള പട്ടണങ്ങളിലെല്ലാം ഇന്ത്യന്‍ നഴ്സുമാര്‍ കുടുങ്ങിയിട്ടുണ്ട്. സനയില്‍നിന്ന്‌ യെമന്‍ എയര്‍വേസില്‍ ജിബൂട്ടിയിലെത്തിച്ചു അവിടെനിന്ന്‌ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ നാലിനു പുലര്‍ച്ചെ ഒന്നരയോടെ കൊച്ചിയിലെത്തി. ബന്ധുക്കളായ ചങ്ങനാശേരി സ്വദേശികളായ അഞ്ചു പേരും ഒപ്പമുണ്ടായിരുന്നു. 340 യാത്രക്കാരില്‍ ബഹുഭൂരിപക്ഷവും മലയാളികളാണ്‌. മറ്റുള്ളവര്‍ മുംബൈ സ്വദേശികളും. സഹായിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ എപ്പോഴും കൂടെയുണ്ടായിരുന്നെന്ന് അവര്‍ പറയുന്നു.

ലിസിയുടെ ഭര്‍ത്താവ്‌ തോമസ്‌ ഇപ്പോഴും യെമനിലാണ്‌. റസ്റ്ററന്റിലെ ജീവനക്കാരെ രക്ഷപ്പെടുത്താനാണ്‌ ഇദ്ദേഹം ഇവിടെ നില്‍ക്കുന്നത്‌. ഒരാഴ്‌ചക്കകം മടങ്ങിയെത്തുമെന്നും ലിസി പറഞ്ഞു. പണി തീരാത്ത വീടും മക്കളായ അഞ്‌ജുവിന്റെയും അലന്റെയും വിദ്യാഭ്യാസവും ഒക്കെ മടങ്ങിവരവോടെ പ്രതിസന്ധിയിലായിരിക്കുകയാണ്‌. തത്‌കാലം നാട്ടിലൊരു ജോലി തേടാനുള്ള ആലോചനയിലാണു ലിസി.