ന്യൂജേഴ്സി: അനുരജ്ഞനത്തിന്റെയും, ത്യാഗത്തിന്റെയും സ്മരണകളുണര്‍ത്തിയ വിശുദ്ധ വാരാചരണത്തിനു ശേഷം മാനവരാശിയെ പാപത്തിന്റെ കൈകളില്‍ നിന്ന് മോചിപ്പിച്ച് മോക്ഷത്തിന്റെ പാത കാണിച്ചുതന്ന നിത്യരക്ഷകന്റെ സഹനത്തിന്റെയും സ്നേഹത്തിന്റെയും ഓര്‍മ്മകള്‍ സോമര്‍സെറ്റ് സെന്റ് തോമസ് ഫെറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടത്തപ്പെട്ടു.

ഏപ്രില്‍ 4-ന് വൈകിട്ട് ഉയിര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. കപ്പൂച്ചന്‍ സഭാംഗമായ പ്രമുഖ പ്രഘോഷകന്‍ അലെക്സ് വാച്ചാപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളില്‍, പോട്ട ഡിവൈന്‍ മേഴ്സി ഹിലിങ് സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് സുനില്‍, ഫാ. പീറ്റര്‍ അക്കനത്ത് എന്നിവര്‍ സഹകാര്‍മ്മികരായി പ്രവര്‍ത്തിച്ചു.

Loading...

കൈകളില്‍ കത്തിച്ച മെഴുകുതിരികളുമായി ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം നടന്നു. ദിവ്യബലിമദ്ധ്യേ പോട്ട ഡിവൈന്‍ മേഴ്സി ഹിലിങ് സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് സുനില്‍ ഉയിര്‍പ്പുതിരുനാളിന്റെ സന്ദേശം നല്‍കി. പീഡാനുഭവങ്ങളെ അതിജീവിച്ച് ഉത്ഥാനത്തിന്റെ സന്ദേശം ലോകത്തിനു പ്രദാനം ചെയ്ത ക്രിസ്തു എല്ലാ സഹനത്തിനും, ത്യാഗത്തിനും, കഷ്ടപ്പാടുകള്‍ക്കും രോഗപീഡകള്‍ക്കും മീതെ നവോത്ഥാനത്തിന്റെ മറ്റൊരു ഏടുകൂടി ഉണ്ടെന്നുള്ള പ്രതീക്ഷയാണ് മാനവര്‍ക്ക് നല്‍കുന്നതെന്ന് ഓര്‍മിപ്പിച്ചു. പാപങ്ങള്‍ ഏറ്റുപറഞ്ഞ് കര്‍ത്താവിന്റെ തിരുശരീരങ്ങളെ പ്രാപിച്ച് അവന്റെ കഷ്ടാനുഭവങ്ങളെ ഓര്‍ത്ത് ഉയിര്‍പ്പു ദിനത്തിലൂടെ പുതിയ സൃഷ്ടിയായി തീരാന്‍ ഇടവ ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

തുടര്‍ന്ന് തിരുസ്വരൂപ വണക്കം, നേര്‍ച്ച സമര്‍പ്പണം എന്നിവ നടന്നു. ഇടവകയിലെ ഗായകസംഘത്തിന്റെ ശ്രുതിമധുര ഗാനങ്ങള്‍ ചടങ്ങുകള്‍ ഭക്തി സാന്ദ്രമാക്കി. ഓശാന തിരുനാള്‍ മുതല്‍ ഉയിര്‍പ്പുവരെയുള്ള എല്ലാ തിരുകര്‍മ്മങ്ങളിലും, ആഘോഷങ്ങളിലും സജീവമായി പങ്കെടുത്ത ഇടവക സമൂഹത്തിനും, വൈദികര്‍ക്കും, ദേവാലയത്തിലെ ഭക്തസംഘടന ഭാരവാഹികള്‍ക്കും വികാരി ഫാ. തോമസ് കടുകപ്പള്ളില്‍, ട്രസ്റ്റിമാരായ തോമസ് ചെറിയാന്‍ പടവില്‍, ടോം പെരുമ്പായില്‍, മേരി ദാസന്‍ തോമസ്, മിനേഷ് ജോസഫ് എന്നിവര്‍ നന്ദി പറഞ്ഞു. സ്നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ പര്യവസാനിച്ചു