മറ്റു സംസ്ഥാനങ്ങളില്‍ കൊല്ലുന്ന ഗോക്കളുടെ മാംസം മഹാരാഷ്ട്രയില്‍ ഭക്ഷിക്കാം

മുംബൈ: പശുക്കളെ കൊല്ലുന്നത് ഒരു തുടക്കം മാത്രമാണ്; ഉടനടി മറ്റു മൃഗങ്ങളെയും കൊല്ലുന്നത് തടയും മഹാരാഷ്ട്ര സര്‍ക്കാര്‍. ജനങ്ങള്‍ മഹാരാഷ്ട്രവിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുമെന്ന് ഭയന്ന് മറ്റു സംസ്ഥാനങ്ങളില്‍ കൊല്ലുന്ന പശുവിന്റെയും കാളയുടെയും മാംസം മഹാരാഷ്ട്രയില്‍ ഉപയോഗിക്കുന്നത് തടയരുതെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്‌ഥാനത്ത്‌ ബീഫ്‌ നിരോധിച്ചത്‌ ഒരു തുടക്കം മാത്രമെന്ന്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വരും ദിവസങ്ങളില്‍ മറ്റു മൃഗങ്ങളെ കൊല്ലുന്നതും നിരോധിക്കുന്ന കാര്യം പരിഗണിക്കുമെന്ന്‌ സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഗോക്കളെ കൊല്ലുന്നതും മാംസം ഉപയോഗിക്കുന്നതും തടഞ്ഞ മഹാരാഷ്‌ട്ര ആനിമല്‍ പ്രിസര്‍വേഷന്‍ ആക്‌ടിനെതിരെ ലഭിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ അഡ്വക്കേറ്റ്‌ ജനറല്‍ സുനില്‍ മനോഹറാണ്‌ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്‌.

Loading...

പശുവിനെയും കാളയേയും സംരക്ഷിക്കേണ്ടത്‌ അത്യാവശ്യമാണെന്ന നിലപാടാണ്‌ സര്‍ക്കാരിന്‌. ഗോവധനിരോധനം ഒരു തുടക്കം മാത്രമാണ്‌ അഡ്വക്കേറ്റ്‌ ജനറല്‍ വ്യക്‌തമാക്കി. എന്നാല്‍ പുതിയ നിയമം മഹാരാഷ്‌ട്രയ്ക്ക്‌ പുറത്ത്‌ പശുവിനേയും കാളയേയും കൊല്ലുന്നതിനെതിരല്ലെന്നും അതിനാല്‍ പുറത്തു നിന്ന്‌ കൊണ്ടുവരുന്ന ഇറച്ചി ഉപയോഗിക്കുന്നതോ സൂക്ഷിക്കുന്നതോ തടയേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു. പുതിയ നിയമം സംസ്‌ഥാനത്തിന്‌ പുറത്തേക്കുള്ള കുടിയേറ്റത്തിന്‌ കാരണമായേക്കുമെന്നും മത്സ്യ ഉപഭോഗം നിരോധിക്കരുതെന്നും കോടതി സര്‍ക്കാരിനെ കളിയാക്കി ആവശ്യപ്പെട്ടു.

പുതിയ നിയമം മൌലീകാവകാശ ലംഘനമാണെന്നും മഹാരാഷ്‌ട്രയിലെ കന്നുകാലികളെ സംരക്ഷിക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ഇറച്ചി ഇറക്കുമതി അനുവദിക്കേണ്ടതാണെന്നും ഹര്‍ജിക്കാര്‍ക്ക്‌ വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാരിനോട്‌ ഇക്കാര്യത്തില്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട കോടതി കേസ്‌ ഈ മാസം 20 ലേക്ക്‌ മാറ്റി.