മുംബൈയില്‍നിന്ന് കേരളത്തിലേക്ക് വണ്ടി കയറിയ മലയാളി യുവാവിനെ കാണാതായി

മുംബൈ: ട്രെയിനില്‍ മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് യാത്രതിരിച്ച മലയാളി യുവാവിനെ കാണാതായി. ലോക്മാന്യ തിലക് ടെര്‍മിനസ്സില്‍നിന്ന് ശനിയാഴ്ച രാത്രി തുരന്തോ എക്‌സ്പ്രസ്സില്‍ ഏറണാകുളത്തേക്ക് തിരിച്ച മലയാളി യുവാവിനെയാണ് കാണാതായിരിക്കുന്നത്. തൃശ്ശൂര്‍ കരിക്കാട് നോര്‍ത്ത് ക്വാര്‍ട്ടറില്‍ പുലിക്കോട്ടില്‍ വീട്ടില്‍ പി.എം. മോനിയുടെ മകനാണ് മെജോ ടി. മോനി(21).

തൃശ്ശൂരില്‍ സിപ്ല ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ മെഡിക്കല്‍ റപ്രസന്റേറ്റീവായ മെജോ കമ്പനിയുടെ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് മുംബൈയിലെത്തിയത്. ഇതേ ആവശ്യവുമായി കേരളത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നെത്തിയവരോടൊപ്പമാണ് ശനിയാഴ്ച വണ്ടിയില്‍ കയറിയത്. എന്നാല്‍ വണ്ടി പനവേലില്‍ എത്തുന്നതിന് മുമ്പ് അദ്ദേഹത്തെ കാണാതാകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

Loading...

മെജോയ്‌ക്കൊപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി ദീപക് പറയുന്നതിപ്രകാരമാണ്. ‘രാത്രി പത്ത് മണിക്കുശേഷം ഞങ്ങളെല്ലാവരും ഭക്ഷണം കഴിക്കാന്‍വേണ്ടി ഒരുങ്ങുകയായിരുന്നു. കൈകഴുകിയിട്ട് വരാമെന്നുപറഞ്ഞ് കുപ്പി വെള്ളവുമായി മെജോ ബാത്ത്‌റൂമിനടുത്തേക്ക് പോയി. കുറേകഴിഞ്ഞിട്ടും കാണാതായപ്പോഴാണ് തിരച്ചില്‍ തുടങ്ങിയത്. ആദ്യം ഞങ്ങള്‍ വിചാരിച്ചു മറ്റൊരുസീറ്റില്‍ ഇരിക്കുകയായിരുന്ന കൂട്ടുകാരന്റെ അടുക്കലാണെന്ന്. അവിടെ പോയിനോക്കിയപ്പോള്‍ കണ്ടില്ല. പിന്നെ ടി.ടി.ആറിനെ വിവരമറിയിച്ചു. അദ്ദേഹവും ഞങ്ങളും പരതി നോക്കിയപ്പോള്‍ വണ്ടിയില്‍ ഇല്ലെന്നുറപ്പിച്ചു. അപ്പോഴേക്കും വണ്ടി കോലാട് സ്റ്റേഷനില്‍ എത്താറായിരുന്നു. വണ്ടി അവിടെ പതുക്കെയാക്കി ഞങ്ങള്‍ മൂന്നുപേര്‍ അവിടെയിറങ്ങി. മറ്റൊരുവണ്ടിയില്‍ രാത്രി ഒരു മണിയോടെ തിരിച്ച് പനവേലിലെത്തി. പിന്നീട് ഇവിടത്തെ മലയാളി സംഘടനാ പ്രവര്‍ത്തകരുടെ സഹായത്തോടെ തിരച്ചില്‍തുടര്‍ന്നു. എന്നാല്‍ ഒരുവിവരവും ഇതുവരെ കിട്ടിയിട്ടില്ല.’

വണ്ടി പനവേലില്‍ എത്തുന്നതിനുമുമ്പ് പുറത്തേക്ക് തെറിച്ചുവീണതായിരിക്കുമോ എന്ന സംശയത്തില്‍ ഇതുവഴി കടന്നുപോകുന്ന വണ്ടികളുടെ ലോക്കോ പൈലറ്റ്മാരോട് അന്വേഷിച്ച് വിവരംതരാന്‍ റെയില്‍വേ അറിയിച്ചിരുന്നു. എന്നാല്‍ വഴിയിലാരെയും കണ്ടിട്ടില്ലെന്നാണ് ഇവര്‍ നല്‍കിയ വിവരമെന്ന് പനവേല്‍ കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹി മനോജ് കുമാര്‍ പറഞ്ഞു. ദീപകിനെ കൂടാതെ തിരുവനന്തപുരം സ്വദേശി വിനീത്, ചങ്ങനാശ്ശേരിയില്‍നിന്നുള്ള പ്രദീപ് എന്നിവരാണ് പനവേലില്‍ തിരച്ചില്‍ നടത്തുന്നത്.

മെജോയുടെ മൊബൈല്‍ ഫോണ്‍ അദ്ദേഹത്തിന്റെ ബാഗിലാണ് ഉണ്ടായിരുന്നത്. സ്റ്റേഷനില്‍ നേരത്തേനടന്ന മോഷണശ്രമത്തെ തുടര്‍ന്ന് എല്ലാവരും ഫോണുകള്‍ ബാഗില്‍ സൂക്ഷിക്കുകയായിരുന്നു. പനവേല്‍ റെയില്‍വേ സ്റ്റേഷനില്‍ പരാതിനല്‍കിയിട്ടുണ്ട്.

മെജോയെക്കുറിച്ച് എന്തെങ്കിലും വിവരംലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 09995258756(ദീപക്), 8424061095 (മനോജ് കുമാര്‍) എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

വാര്‍ത്ത: മാതൃഭൂമി