കര്‍ഷകന്റെ ആത്മഹത്യയല്ല പ്രശ്നം; കേജരിവാളിന്റെ പ്രസംഗം തന്നെ

ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ പ്രതിഷേധിച്ച് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തു, എന്നാല്‍ ആത്മഹത്യ കണ്ടില്ലെന്ന് നടിച്ചുകൊണ്ട് ജനനേതാവ് പ്രസംഗം തുടര്‍ന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്ദറിനടന്ന ആം ആദ്മി പാര്‍ട്ടിയുടെ കര്‍ഷക റാലിക്കിടെയാണ് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. രാജസ്ഥാനിലെ ദൗസയില്‍ നിന്നുള്ള കര്‍ഷകനായ ഗജേന്ദ്രയാണ് ആത്മഹത്യ ചെയ്തത്. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരായ റാലിയില്‍ അരവിന്ദ് കെജ്രിവാള്‍ സംസാരിച്ചു കൊണ്ടിരിക്കെയാണ് ഇയാള്‍ ആത്മഹത്യയ്ക്കൊരുങ്ങിയതെന്നും, എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ കേജരിവാള്‍ തന്റെ പ്രസംഗം തുടര്‍ന്നുവെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നീട് എപ്പോഴോ ഇയാളെ എഎപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചു, അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു. തുടര്‍ന്ന് കര്‍ഷകന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ ഡല്‍ഹി പോലീസിന്റെ പ്രവര്‍ത്തിയാണെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി.

ആത്മഹത്യയില്‍ ഡല്‍ഹി പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെയും ഭൂമിയേറ്റെടുക്കല്‍ നിയമഭേദഗതിക്കെതിരെയും ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സംഘടിപ്പിച്ച റാലിയുടെ ഉദ്ഘാടന വേദിക്ക് സമീപത്തെ മരത്തിലാണ് ഇയാള്‍ തൂങ്ങിമരിച്ചത്. അതേസമയം കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും എഎപി റാലി തുടര്‍ന്നതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി എന്തുകൊണ്ടാണ് ഒരു ജീവന്‍ പോയിട്ടും റാലി തുടര്‍ന്നതെന്ന് ബിജെപി ചോദിച്ചു. കര്‍ഷകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും രക്ഷപ്പെടുത്താന്‍ എഎപി പ്രവര്‍ത്തകര്‍ ശ്രമിച്ചില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കെജ്രിവാളാണ് റാലിക്ക് നേതൃത്വം നല്‍കുന്നത്. ജന്തര്‍മന്ദറില്‍ നിന്നും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് എഎപി നിശ്ചയിച്ചിരിക്കുന്നത്. റാലിക്ക് പോലീസ് അനുമതി നല്‍കിയിട്ടില്ല. പാര്‍ലമെന്റ് സമ്മേളിച്ചിരിക്കുന്ന സമയമായതിനാല്‍ ന്യൂഡല്‍ഹിയില്‍ ഇപ്പോള്‍ 144 നിലവിലുണ്ട്. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഭൂമിയേറ്റെടുക്കല്‍ കരിനിയമമാണെന്നും അതിനെതിരെ പ്രതിഷേധിക്കുമെന്നും മുതിര്‍ന്ന എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനല്ല തങ്ങളുടെ ശ്രമമെന്നും പ്രധാനമന്ത്രി ഇടപെട്ട് കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കണമെന്നും എഎപി നേതാവ് കുമാര്‍ വിശ്വാസ് പറഞ്ഞു. അതേസമയം റാലിക്കിടെ മാധ്യമങ്ങള്‍ കെജ്രിവാളിനടുത്തേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എഎപി ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രശാന്ത് ഭൂഷണെയും യോഗേന്ദ്ര യാദവിനെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും കെജ്രിവാളിനെ രക്ഷിക്കുക എന്നതാണ് എഎപിയുടെ ലക്ഷ്യം. ഇന്നലെ വൈകുന്നേരം അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ നിന്നും ഡല്‍ഹി പോലീസിനെ വിളിച്ച് ഈ ആവശ്യം ഉന്നയിച്ചെന്നാണ് റിപ്പോര്‍ട്ട്.

Loading...