സോളാര്‍ തട്ടിപ്പിന്റെ തലപ്പത്ത് ആന്റോ ആന്റണി ആണെന്നും സരിത വെറും ഏജെന്റ് മാത്രമായിരുന്നെന്നും പി.സി ജോര്‍ജ്

തിരുവനന്തപുരം: കേരളരാഷ്ട്രീയത്തെ മൊത്തം പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്ന സോളാര്‍ വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്. സോളാര്‍ ഇടപാടിലെ പ്രധാന സൂത്രധാരന്‍ ആന്റോ ആന്റണി ആണെന്നും സരിത വെറും ഏജെന്റ് മാത്രമായിരുന്നെന്നുമാണ് പി.സി ജോര്‍ജ് ആരോപിക്കുന്നത്.

കെ.കരുണാകരന്റെ വിശ്വസ്തനായിരുന്ന ‘പാവം പയ്യന്‍’ എന്നറിയപ്പെടുന്ന സി.എല്‍ ആന്റോ ആന്റണിയാണ് 1.6 ലക്ഷം കോടി രൂപയുടെ സോളാര്‍ പദ്ധതി തയ്യാറാക്കിയതെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സ്വാധീനിച്ചാണ് പദ്ധതിക്ക് അംഗീകാരം നേടിയതെന്നും ജോര്‍ജ് പറഞ്ഞു. കൂടാതെ മുഖ്യമന്ത്രി, മന്ത്രിമാരായ കെ.സി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.ബാബു എന്നിവരും ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സരിത നായര്‍ വെറും ഇടനിലക്കാരി മാത്രമാണെന്നും സോളാര്‍ ജുഡീഷ്യല്‍ കമ്മിഷനു മുമ്പാകെ മൊഴി നല്‍കുന്നതിനു മുന്‍പ് മാധ്യമങ്ങളോട് പി.സി ജോര്‍ജ് പറഞ്ഞു.

Loading...

ഒരു ലക്ഷത്തിഅറുപതിനായിരം കോടി രൂപയുടെ പദ്ധതിയില്‍ ഒരുലക്ഷം കോടി രൂപയുടെ പദ്ധതി മാലിന്യ നിര്‍മ്മാര്‍ജനത്തിനായി മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഏറ്റെടുത്തു. അറുപതിനായിരം കോടി രൂപ സോളാര്‍ പദ്ധതിക്കുമാണ് ലക്ഷ്യമിട്ടിരുന്നത്. അനെര്‍ട്ടില്‍ നിന്ന് ഇതിനുള്ള അനുമതിയും ഇവര്‍ നേടിയെടുത്തിരുന്നു. സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് ആന്റോ ആന്റണി സ്വന്തംനാട്ടില്‍ ഒരു ഫാക്ടറിയും തുറന്നു.
അതിനിടെ സരിതയുമായുണ്ടായ തര്‍ക്കമാണ് ഇടപാടിനു പിന്നിലെ തട്ടിപ്പ് പുറത്തുകൊണ്ടുവന്നതെന്നും ജോര്‍ജ് വ്യക്തമാക്കി. സരിത കമ്മീഷന്‍ വാങ്ങി സോളാര്‍ നല്‍കിയപ്പോള്‍ മന്ത്രിമാരെ പറ്റിച്ച് കമ്മീഷന്‍ സ്വന്തമാക്കി സ്വന്തം ഫാക്ടറിയില്‍ നിന്ന് സോളാര്‍ നിര്‍മ്മിച്ചു നല്‍കാന്‍ ആന്റോ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയതെന്നും ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.