യെമനില്‍ അഭയാര്‍ഥിക്യാമ്പിനു നേരെ വ്യോമാക്രമണം; അനേക മരണം.

സനാ: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലേക്ക് ഏതു സമയത്തും സൗദി അറേബ്യന്‍ പട്ടാളം കടന്നേക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് കൂടുതല്‍ രക്തച്ചൊരിച്ചിലുകള്‍ക്ക് ഇടയാക്കാന്‍ ആണ് സാധ്യതെയെന്നും കണക്കാക്കപ്പെടുന്നു. അതോടൊപ്പം യെമനിലെ അഭയാര്‍ഥി ക്യാമ്പില്‍ സൗദി അറേബിയ നടത്തിയ വ്യോമാക്രമണത്തില്‍ നാല്പതില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്കു പരുക്കേറ്റു. അഭയാര്‍ഥി ക്യാംപിനു സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട സൈനികരില്‍ മൂന്നുപേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

എന്നാല്‍ തങ്ങള്‍ അവിടെ  വ്യോമാക്രമണം നടത്തിയിട്ടെല്ലെന്ന് സൗദി അറേബ്യ പറഞ്ഞു. ഹൂതികള്‍ നടത്തിയ ആക്രമണത്തിലാണ് അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടതെന്നാണ് അവരുടെ വാദം. സനാ നഗരത്തിലെ ആയുധപ്പുരയ്ക്കു നേരെ ഇന്നലെ ആക്രമണമുണ്ടായി. സംഘര്‍ഷം രൂക്ഷമായതോടെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്.
_82012827_airstrikes
അതേസമയം, യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലേക്ക് എത്തിക്കാനുള്ള ദൌത്യത്തിനു കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയാറാക്കി. ഇതിനായി പ്രാദേശിക കപ്പല്‍ തയാറാക്കിയതായി കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു. 400 പേരെ കയറ്റാവുന്ന കപ്പലാണിത്. ഏഡന്‍ – ജിബൂട്ടി കടല്‍പ്പാതയില്‍ കപ്പല്‍ ഒന്നിലധികം തവണ സര്‍വീസ് നടത്തി പരമാവധി ഇന്ത്യക്കാരെ സുരക്ഷിതസ്ഥാനത്തെത്തിക്കാന്‍ കഴിയുമോ എന്നാണു ശ്രമിക്കുന്നത്. ശ്രമങ്ങള്‍ ഏകോപിപ്പിക്കാനായി വിദേശകാര്യസഹമന്ത്രി വി.കെ.സിങ്   ഇന്നു ജിബൂട്ടിയിലെത്തും. ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് സ്‌പോണ്‍സറുടെ കൈവശമാണെങ്കില്‍ പകരം രാജ്യംവിടാനുള്ള അടിയന്തിര അനുമതിപത്രം നല്‍കാന്‍ ഉടന്‍നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ യെമനിലെ ഇന്ത്യന്‍ എംബസിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Loading...

ഇറാന്റെ പിന്തുണയുമായി ഹൂതികള്‍ നടത്തുന്ന ഈ ആക്രമണം മറ്റുള്ള അറേബ്യന്‍ രാജ്യങ്ങളിലേക്കും പടരുവാന്‍ സാധ്യതയുള്ളതായി കണക്കാക്കുന്നു. കൂടാതെ സൗദി പട്ടാളം യെമനില്‍ കടക്കുന്ന പക്ഷം ഗറില്ലാ ആക്രമികളായ ഹൂതികള്‍ സൗദിയിലേക്ക് കടന്ന് ആക്രമണം നടത്തുവാനുള്ള സാധ്യതയും സൗദി ഗവണ്മെന്റ് കണക്കിലെടുക്കുന്നതായി വക്താവ് അറിയിച്ചു. സൗദിയും ഒന്‍പത് സഖ്യരാജ്യങ്ങളും ചേര്‍ന്നാണ് യെമനില്‍ വ്യോമാക്രമണം ഇപ്പോള്‍ നടത്തുന്നത്.