മൊബൈല്‍ ജാമറുകള്‍ നമ്മുടെ ജയിലുകളിലും പരീക്ഷിച്ചുകൂടേ?

യര്‍വാദാ! മഹാത്മാഗാന്ധി മുതല്‍ അജ്മല്‍ കസബ് വരെ അന്തിയുറങ്ങിയ പൂനെയിലെ കാരാഗൃഹം. 19 ാം നൂറ്റാണ്ടില്‍ പണിതീര്‍ത്ത, 500ലേറെ ഏക്കര്‍ വിസ്തൃതിയുള്ള കുറ്റവാളികളുടെ ഈ കൊച്ചു സാമ്രാജ്യത്തിന്റെ ഓരത്തുകൂടിയാണ് പൂനെ വിമാനത്താവളത്തിലിറങ്ങുന്ന ഓരോരുത്തരും നഗരത്തിലെത്തുന്നത്. എതിരെ നദീതീരത്ത് കസ്തൂര്‍ബാഗാന്ധി അന്ത്യനിദ്ര കൊള്ളുന്ന ആഗാഖാന്‍ കൊട്ടാരം.

കഴിഞ്ഞ നൂറ്റാണ്ടില്‍ എത്രയോ സ്വാതന്ത്ര്യസമരസേനാനികളുടെ നെടുവീര്‍പ്പുകളുടെ ശബ്ദവീചികള്‍ യര്‍വാദയുടെ അന്തരീക്ഷത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കണം. ഇന്ന്, അവിടെ ഭീകരകുറ്റവാളികളുടെ ശബ്ദതരംഗങ്ങള്‍, മൊബീല്‍ഫോണുകളിലൂടെ കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പുറത്തുള്ള കൂട്ടാളികളുടെ ചെവിയിലെത്തുന്നതായി പോലീസ് കണ്ടെത്തി.

Loading...

പുതിയ സാങ്കേതിക വിദ്യ സമ്മാനിക്കുന്ന പുതിയ പ്രശ്‌നങ്ങള്‍!

മൊബീല്‍ഫോണ്‍ ഉപയോഗം എല്ലാ ജയിലുകളിലും നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ കുറ്റവാളികളേക്കാള്‍ ധൈര്യം കുറഞ്ഞ, പേടിപ്പിക്കലിനും പ്രലോഭനത്തിനും വഴങ്ങുന്ന നിയമപാലകന്മാര്‍ക്ക് ഇത് പൂര്‍ണമായും നടപ്പിലാക്കാന്‍ പല പരിമിതികളുമുണ്ട്. പക്ഷേ ആധുനിക സാങ്കേതിക വിദ്യകള്‍ക്കത്രയും പരിമിതികളില്ല. ടെക്‌നോളജിയുണ്ടാക്കുന്ന പ്രശ്‌നങ്ങളുടെ പ്രതിവിധി കണ്ടെത്തേണ്ടതും ടെക്‌നോളജിതന്നെ. ഉഷ്ണം ഉഷ്‌ണേന ശാന്തി! പറഞ്ഞുവരുന്നത് മൊബീല്‍ ഫോണ്‍ ജാമറുകളെപ്പറ്റിയാണ്. മൊബീല്‍ഫോണ്‍ സംസാരം ഒരു പ്രശ്‌നമായി മാറുന്നിടത്ത് അത് നിരോധിക്കാനുള്ള ഉപകരണമാണ് ജാമര്‍. ബേസ് സ്‌റ്റേഷനുകളില്‍ നിന്ന് പുറപ്പെടുന്ന ശബ്ദതരംഗങ്ങളെ സ്വീകരിക്കുന്നതില്‍ നിന്ന് മൊബീല്‍ ഫോണുകളെ തടയുന്ന സാങ്കേതികവിദ്യയാണിത്. ഇതിന്റെ പരിധിക്കുള്ളിലുള്ള ഫോണിലേക്ക് വിളിച്ചാല്‍ “നൊ സെര്വികെ, നൊ സിഗ്നല്’ സന്ദേശങ്ങളാവും സ്‌ക്രീനില്‍ തെളിയുക. സെല്‍ഫോണ്‍ ടവറുമായി ബന്ധപ്പെടാനാവില്ലെന്നര്‍ത്ഥം. വൈ-ഫൈ, ബ്ലൂടൂത്ത് എന്നിവയുള്‍പ്പടെയുള്ള എല്ലാ മൊബീല്‍ സംവിധാനങ്ങളും നിര്‍വീര്യമാക്കപ്പെട്ടിരിക്കും.

ഒരു ജാമറിന്റെ സ്വാധീന പരിധി 10 മുതല്‍ 100 മീറ്റര്‍ വരെയാകാം. സെല്‍ഫോണ്‍ പുറപ്പെടുവിക്കുന്ന അതേ ഫ്രീക്വന്‍സിയില്‍ സിഗ്നലുകള്‍ പുറപ്പെടുവിച്ചാണ് ജാമര്‍, ഫോണിനെ നിര്‍വീര്യമാക്കുന്നത്. ഇതുതന്നെ വീര്യംകൂടിയതും കുറഞ്ഞതുമുണ്ട്.

യര്‍വാദാ മോഡല്‍
യര്‍വാദാ ജയിലില്‍ 2005 മുതല്‍ മൊബീല്‍ ഫോണ്‍ ദുരുപയോഗം കണ്ടെത്തിയിരുന്നു. അതിനുശേഷം പലപ്പോഴായി ഫോണുകള്‍ പിടിച്ചെടുക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ കൊടുക്കുകയും ചെയ്തിട്ടുണ്ട്.. പക്ഷേ ഈ പ്രവണത വര്‍ധിക്കുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടാണ് വിസ്തൃതമായ ജയില്‍ വളപ്പിലെ തന്ത്രപ്രധാനമായ സ്ഥാനങ്ങളില്‍ മൊബീല്‍ ജാമറുകള്‍ സ്ഥാപിച്ചത്. അതിശക്തമായ 22 ജാമറുകള്‍ സ്ഥാപിച്ചതോടെ ജയില്‍പുള്ളികള്‍ക്ക് ഫോണുകളുണ്ടെങ്കില്‍ തന്നെ അവ വെറും കാഴ്ചവസ്തുക്കളായി മാറി. സംഗതി വിജയമെന്ന് കണ്ട് മഹാരാഷ്ട്രയിലെ മറ്റ് ജയിലുകളിലും ജാമറുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു. യര്‍വാദയില്‍ തന്നെ 10 എണ്ണംകൂടി ഉടന്‍ സ്ഥാപിക്കും. ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചുകഴിഞ്ഞു.

കേരളത്തിലും ജയിലുകളും ജയില്‍പുള്ളികളുമുണ്ട്. അവരുടെ കൈയില്‍ നിന്നും മൊബീല്‍ഫോണുകള്‍ പിടിച്ചെടുക്കാറുണ്ടെന്ന വാര്‍ത്തകളുമുണ്ട്. ജയിലില്‍ നിന്ന് പലര്‍ക്കും വന്ന ഫോണ്‍വിൡകളെപ്പറ്റിയും സംവാദങ്ങളുണ്ടാകാറുണ്ട്. എങ്കില്‍ യര്‍വാദയിലെ ജാമറുകള്‍ നമ്മുടെ ജയിലുകളിലും പരീക്ഷിച്ചുകൂടേ? യന്ത്രത്തിന് മറാത്തിയിലും ഹിന്ദിയിലും മലയാളത്തിലുമുള്ള ശബ്ദവീചികളോട് ഒരേ പ്രതികരണമാണുണ്ടാവുക. യന്ത്രം തിരിച്ചറിയുന്നത് ശബ്ദത്തിന്റെ ആവൃത്തി മാത്രമാണ്.

ചില കേരള ജയിലുകളില്‍ ജാമര്‍ പരീക്ഷണം നടത്തിയതായും തുടക്കത്തില്‍ തന്നെ അവ പ്രവര്‍ത്തനരഹിതമായതായും ആരോപണങ്ങള്‍ കേട്ടിരുന്നു. താഴ്ന്ന നിലവാരത്തിലുള്ള ജാമറുകള്‍ ചില ഫ്രീക്വന്‍സിയുള്ള തരംഗങ്ങളെ മാത്രമേ പ്രതിരോധിക്കുകയുള്ളൂ. യര്‍വാദയിലെപ്പോലെ എല്ലാത്തരം വീചികളെയും ഒരുപോലെ തടുക്കുന്ന ശക്തിയേറിയ ജാമറുകള്‍ സ്ഥാപിച്ചാലേ ഫലമുണ്ടാകൂ. ഇനി അവയേയും നശിപ്പിക്കുന്ന ജയില്‍പുള്ളികളോ ഉദ്യോഗസ്ഥരോ ആണിവിടെയുള്ളതെങ്കില്‍ നമുക്ക് ജയിലുകള്‍തന്നെ വേണ്ടെന്ന് വെക്കേണ്ടിവരും. അത്തരമൊരവസ്ഥ ഇവിടെ ഉണ്ടാകാതിരിക്കാന്‍ യര്‍വാദയുടെ മാതൃക, നമുക്കുമാകാം, അല്ലേ?