കേന്ദ്ര ബജറ്റ് 2015: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കുമോ?

ഡ​ല്ഹി: 1991ല്‍ ഇന്ത്യ കണ്ടതുപോലൊരു ബജറ്റ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ അരുണ്‍ ജയ്റ്റ്‌ലി ഒരുങ്ങുമ്പോള്‍ രാജ്യം വീര്‍പ്പടക്കി കാത്തു നിന്നത് ഇതിനായിരുന്നോ? എന്തായാലും ഒരു വലിയ വിഭാഗം അത്തരത്തിലൊന്ന് പ്രതീക്ഷിച്ചിരുന്നു. അവരെ നിരാശയിലാഴ്ത്തുന്നതായി ഫെബ്രുവരി 28ന് അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. അടിമുടി പരിഷ്‌കരണത്തിന് ഉതകുന്ന വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും ജയ്റ്റ്‌ലി നടത്തിയിട്ടില്ല. പക്ഷേ സാമ്പത്തിക മേഖലയിലെ യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്ന പ്രായോഗിക വീക്ഷണം അതിലുണ്ടായിരുന്നു. ഇത് ഇപ്പോഴത്തെ സാഹചര്യത്തില്‍ മോശം കാര്യമേയല്ല.

Indian-union-budget-2015_290x445

Loading...

ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന ബജറ്റ് പ്രസംഗമായിരുന്ന ജയ്റ്റ്‌ലിയുടേത്. കാരണം പ്രതീക്ഷകള്‍ അത്രമാത്രം വലുതാണ്. ഇക്കാര്യത്തെ കുറിച്ച് ജയ്റ്റ്‌ലിയും ബോധവാനായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ കരുത്തുറ്റതാക്കി വളര്‍ച്ചാ പാതയിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയുള്ള ചുവടുവെപ്പ് തന്നെയാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. പക്ഷേ അവയെല്ലാം എങ്ങനെ ഫലപ്രദമായി നടപ്പാക്കുമെന്നതിലാണ് വെല്ലുവിളി ഒളിഞ്ഞിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച, നിക്ഷേപ പ്രോല്‍സാഹനം ഇവയ്ക്ക് രണ്ടിനുമാണ് ബജറ്റില്‍ ഊന്നല്‍ ലഭിച്ചിരിക്കുന്നത്. വമ്പന്‍ പരിഷ്‌കരണങ്ങള്‍ക്ക് പകരം സമ്പദ് വ്യവസ്ഥയില്‍ പണമെത്തുമെന്ന് ഉറപ്പാക്കുന്ന നടപടികളും സാമൂഹ്യ സുരക്ഷാ പദ്ധതികളുമാണ് ബജറ്റിന്റെ സവിശേഷതയെന്ന് പറയാം.

നികുതി നിരക്കുകള്‍ കുറയ്ക്കുന്നില്ലെന്ന സൂചന ബജറ്റ് നല്‍കുമ്പോള്‍ തന്നെ ഭാവിയില്‍ കാര്യങ്ങള്‍ എങ്ങോട്ട് പോകുമെന്നതിനെ കുറിച്ച് കൃത്യമായ ധാരണ തരുന്നുണ്ട്. നിക്ഷേപം പ്രോല്‍സാഹിപ്പിച്ച് ജനങ്ങളുടെ കൈവശം കൂടുതല്‍ പണമുണ്ടാക്കുക, ബിസിനസിന് അനുകൂലമായ കുറച്ചു കൂടി മെച്ചപ്പെട്ട സാഹചര്യം സൃഷ്ടിക്കുക, വ്യവസായ വളര്‍ച്ച ഉറപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കുക ഒപ്പം രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം താറുമാറാകാതെ കാക്കുക തുടങ്ങിയ വളരെ വ്യക്തമായ ധാരണകളോടെയുള്ളതാണ് ബജറ്റ്.

വിവിധ നിക്ഷേപങ്ങള്‍ക്കുള്ള ആദായ നികുതി ഇളവ് 4,44,200 രൂപ വരെയാക്കി ഉയര്‍ത്തിയതും നാല് വര്‍ഷം കൊണ്ട് കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചതുമെല്ലാം ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ അഭിമാന സാമൂഹ്യ സുരക്ഷാ പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ഉയര്‍ത്തുമെന്ന് ജയ്റ്റ്‌ലി പ്രഖ്യാപിച്ചതും അടിവരയിട്ട് പ്രഖ്യാപിക്കുന്നത് സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ വിട്ടുവീഴ്ചയില്ലെന്ന് തന്നെയാണ്.

വെല്ലുവിളികള്‍ നിരവധി
എണ്ണവില നിലവിലുള്ള ബാരലിന് 50-60 ഡോളര്‍ എന്ന നിലയില്‍ നില്‍ക്കുകയും സബ്‌സിഡി ബില്‍ കുറഞ്ഞ തലത്തില്‍ എത്തുകയും ചെയ്യുമ്പോള്‍ നിക്ഷേപചക്രം പുനരുജ്ജീവിക്കുമെന്ന് അരുണ്‍ ജയ്റ്റ്‌ലി പ്രതീക്ഷിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ പരസ്പര ബന്ധിതമാണ്. പക്ഷേ ചില വിദഗ്ധര്‍ ഇപ്പോഴത്തെ എണ്ണ വില ദീര്‍ഘകാലത്തേക്ക് പ്രതീക്ഷിക്കാനാവില്ലെന്ന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എണ്ണ വിലയിലെ ചാഞ്ചാട്ടം ഒരു ഘട്ടത്തില്‍ വില വര്‍ധനയിലേക്കും മാറിയേക്കാം. അതായത് കുറഞ്ഞ എണ്ണ വിലയിലൂന്നിയുള്ള ജയ്റ്റ്‌ലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റാന്‍ സാധ്യതയുണ്ട്. ഏഴാം ശമ്പള കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കൂടി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വന്നാല്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുടെയും വകയിലുള്ള ചെലവ് ഉയരും.

കേന്ദ്ര നികുതിയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം 42 ശതമാനമായി ഉയര്‍ത്തിയ ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ബജറ്റില്‍ അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ നികുതി വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കില്‍ ചില സംസ്ഥാനങ്ങളിലെങ്കിലും സാമൂഹ്യ സേവന പദ്ധതി നിര്‍വഹണ രംഗത്ത് അത് പ്രതിഫലിച്ചേക്കാം.

Union-Budget-2015

ബജറ്റ് പ്രത്യക്ഷത്തില്‍ മോശമല്ലെങ്കില്‍ പോലും യഥാര്‍ത്ഥ വെല്ലുവിളി മറഞ്ഞുകിടക്കുന്നത് അതിലെ നിര്‍ദേശങ്ങള്‍ ഫലപ്രദമായ വിധത്തില്‍ നടപ്പാക്കുന്നതിലാണ്. ഡെല്‍ഹി തെരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാര്‍ മറക്കാനിടയില്ല. ബീഹാര്‍, പശ്ചിമ ബംഗാള്‍ അടക്കമുള്ള അഞ്ച് നിര്‍ണായക സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് വരാന്‍ പോകുകയാണ്. ഇതോടൊപ്പം കോര്‍പ്പറേറ്റ് സാരഥികളും അവരുടെ അസ്വസ്ഥതകള്‍ തുറന്നു പ്രകടിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അതായത് കേന്ദ്ര സര്‍ക്കാരിനും അരുണ്‍ ജയ്റ്റ്‌ലിക്കും മുന്നില്‍ ഘടികാരം ഓടിത്തുടങ്ങി. ബജറ്റിലെ ഉള്‍ക്കാഴ്ച ഇനി കാണേണ്ടത് പ്രവൃത്തിയിലാണ്.

കേരളത്തിന് തിരിച്ചടി
വാക് വൈഭവം കൊണ്ട് ജനലക്ഷങ്ങളെ ആകര്‍ഷിക്കാന്‍ പ്രാപ്തനായ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ വിഖ്യാതമായ തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് നല്‍കിയ വാഗ്ദാനങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു, എല്ലാ സംസ്ഥാനങ്ങള്‍ക്കും എെഎഎംഎസ്, ഐ.െഎ.റ്റി, ഐ.െഎ.എം അനുവദിക്കും. പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നടപ്പാക്കുമെന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടായില്ല. എന്നാല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളെയെല്ലാം വെറുതെ തൊട്ടു തലോടി പോകുക മാത്രമാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഈ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണ വേളയില്‍ ചെയ്തത്. കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരനും 15 ലക്ഷം രൂപ നല്‍കുമെന്ന തമാശയുടെ ഗതി തന്നെയായി ഈ വാഗ്ദാനങ്ങള്‍ക്കും.

കഴിഞ്ഞ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കാലത്ത് എട്ടു കേന്ദ്രമന്ത്രിമാരുണ്ടായിരുന്ന കേരളത്തിന് നിലവില്‍ ഒരു ഭരണ കക്ഷി അംഗം പോലും കേന്ദ്രത്തിലില്ല. ഇവിടത്തെ രാഷ്ട്രീയ നേതൃത്വം കൃത്യസമയത്ത് വേണ്ടവിധം കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ വരുത്തുന്ന വീഴ്ചയാണ് കേരളത്തിന് സഹായം നല്‍കുന്നതില്‍ തടസമെന്നാണ് കേന്ദ്രം പറയുന്നത്.

ഏറെ വാഗ്ദാനങ്ങളും നിശബ്ദമാക്കപ്പെട്ടെങ്കിലും കേരളത്തിനായി ചുരുക്കം ചില പ്രഖ്യാപനങ്ങളുണ്ടായി. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിനെ സര്‍വകലാശാലയായി ഉയര്‍ത്തുമെന്ന പ്രഖ്യാപനവും കൊച്ചി മെട്രോയ്ക്ക് അനുവദിച്ച 599.08 കോടി രൂപയുമാണ് അതില്‍ പ്രമുഖം.

മുമ്പ് കേരളത്തിന്റെ ജനപ്രതിനിധികള്‍ക്കും ഭരണനേതൃത്വത്തിനും കേന്ദ്രമന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങളുടെയും ഉറപ്പിന്റെയും കണക്കു പരിശോധിക്കുമ്പോഴാണ് ഈ അവഗണനയുടെ ആഴം വ്യക്തമാകുന്നത്.ലോക്‌സഭയിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ കേരളത്തിന് ഉടന്‍ തന്നെ എഐഎംഎസ് പോലൊരു സ്ഥാപനം ഉണ്ടാകുമെന്ന് ഉറപ്പുനല്‍കിയത്. ഇതിന് സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും വിവിധ എംപിമാരുമായെല്ലാം ചര്‍ച്ച നടത്തിയെന്നും ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കിയിരുന്നു.

റബര്‍: പ്രശ്‌ന പരിഹാരമുണ്ടായില്ല
റബറിന്റെ വിലയിടിവ് സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ മുന്തിയ പരിഗണന നല്‍കുമെന്ന് വാഗ്ദാനം നല്‍കിയത് കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ആണ്. ചെറുകിട റബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസം നേരിട്ടു മനസിലാക്കിയതായി കേരള സന്ദര്‍ശന വേളയില്‍ അവര്‍ വ്യക്തമാക്കി. ഡിമാന്‍ഡിനേക്കാള്‍ കൂടുതലാണ് റബറിന്റെ ഇറക്കുമതി എന്നും തിരിച്ചറിഞ്ഞതായി പറഞ്ഞ മന്ത്രി പ്രകൃതിദത്ത റബറിനായി ഒരു ദേശീയ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും വാഗ്ദാനം നല്‍കിയിരുന്നു. ഫാക്റ്റ് പുനരുദ്ധാരണം സംബന്ധിച്ച് കേന്ദ്ര രാസ വള മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അവര്‍ ഉറപ്പു പറഞ്ഞു. ഗ്വാട്ടിമാലയിലേക്കുള്ള കയറ്റുമതി സംബന്ധിച്ച ഏലം കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കും, കൊച്ചി എല്‍ എന്‍ ജി ടെര്‍മിനല്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന് പരിശോധനകള്‍ നടത്തും എന്നിവയും മന്ത്രിയുടെ വാഗ്ദാനങ്ങളായിരുന്നു. എന്നാല്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ല.

200 കോടി രൂപ ആവശ്യപ്പെട്ട റബര്‍ ബോര്‍ഡിന് ലഭിച്ചത് 150 കോടി രൂപയാണ്. ഒരു വര്‍ഷമായി കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുന്നതില്‍ കുടിശികയുള്ള റബര്‍ ബോര്‍ഡിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നതിനു സാധിച്ചില്ലായെന്നതും ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതിരിക്കാന്‍ കാരണമായി. റെയ്ല്‍വേ ബജറ്റിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല, കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്റ്ററിക്ക് ലഭിച്ചത് വെറും പത്തു ലക്ഷം രൂപ. സ്വകാര്യ സംരംഭകരില്‍ നിന്ന് ഈ വര്‍ഷം 144.983 കോടി രൂപയും പദ്ധതിക്കായി സമാഹരിക്കാനാകുമെന്ന് ബജറ്റ് പ്രത്യാശിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു കൈമാറി കഴിഞ്ഞിട്ടുള്ള പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 158 കോടി രൂപ പാത ഇരട്ടിപ്പിക്കലിനും അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ കോട്ടയം റെയ്ല്‍ പാത ഇരട്ടിപ്പിക്കലിന് ആവശ്യമായ 600 കോടി രൂപയുടെ കാല്‍ ഭാഗം പോലുമാകുന്നില്ലാ അത്. കൊല്ലത്ത് മറ്റൊരു റെയ്ല്‍വേ ടെര്‍മിനല്‍ സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപിച്ചു. തിരുവനന്തപുരം-കന്യാകുമാരി പാതയ്ക്കായി 20.56 കോടി രൂപയും അനുവദിച്ചു.

സാമൂഹ്യ വികസനത്തില്‍ ഏറെ മുന്നിലുള്ള കേരളത്തിന് സാമ്പത്തിക വികസനവും സാധ്യമാക്കാനായാല്‍ രാജ്യത്തിനു തന്നെ നിര്‍ണായകമായേക്കാവുന്ന ഒട്ടേറെ സംഭാവനകള്‍ നല്‍കാനാകും. ഇത് തിരിച്ചറിയുമോ പ്രധാനമന്ത്രി?