ഇന്ത്യന്‍ മാതാവ് മുതലയുടെ വായില്‍ നിന്ന് കുട്ടിയെ രക്ഷിച്ച വാര്‍ത്ത ലോകശ്രദ്ധയാകര്‍ഷിക്കുന്നു

വഡോദര: മനസ്സാന്നിദ്ധ്യം കൈവിടാതെയുള്ള പോരാട്ടം കൊണ്ട്‌ ഗ്രാമീണസ്‌ത്രീ മകളെ രക്ഷിച്ചത്‌ മുതലയുടെ വായില്‍ നിന്നും. മുതല കാല്‍ വിഴുങ്ങിയ നിലയില്‍ നിന്നും 19 കാരിയായ മകളെ രക്ഷിച്ച്‌ ഗുജറാത്തിലെ ധീരവനിതയായി മാറിയത്‌ ദിവാലി എന്ന സ്‌ത്രീയാണ്‌. ഇവരുടെ മകള്‍ 19 കാരി കാന്താ വാങ്കര്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു. ധൈര്യം കൈവിടാതെയുള്ള സമയോചിതമായ ഇടപെടലാണ്‌ മകളെ മുതലയുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ കാന്തയെ സഹായിച്ചത്‌. ഈ വാര്‍ത്ത ഇന്ന് പാശ്ചാത്യമാധ്യമങ്ങള്‍ ശ്രദ്ധപിടിച്ചുകഴിഞ്ഞു.

പാദ്രാ നഗരത്തിന്‌ സമീപമുള്ള തികാര്യമുബാറക്ക്‌ ഗ്രാമത്തില്‍ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. രാവിലെ ഒമ്പത്‌ മണിയോടെ വിശ്വാമിത്രി നദിയില്‍ തുണിയലക്കാന്‍ പോയതാണ്‌ കാന്തയും മാതാവും. നദിയുടെ ഇറമ്പത്ത്‌ നിന്ന്‌ തുണി അലക്കുന്നതിനിടയില്‍ ഒരു കൂറ്റന്‍ മുതല വന്ന്‌ കാന്തയുടെ കാല്‍ വിഴുങ്ങി വലിച്ചു താഴ്‌ത്താന്‍ ശ്രമിച്ചു. എന്നാല്‍ മകളുടെ അലര്‍ച്ച കേട്ട്‌ ഓടിയെത്തിയ ദിവാലി താഴ്‌ന്നു പോകാതെ കാന്തയുടെ കയ്യില്‍ പിടിച്ച്‌ വലിക്കുകയും തുണി തല്ലുന്ന ബാറ്റ്‌ എടുത്ത്‌ മുതലയെ തല്ലിച്ചതയ്‌ക്കാനും തുടങ്ങി. 10 മിനിറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ മുതല കാന്തയുടെ കാലിലെ പിടി വിട്ടതോടെ രണ്ടു പേരും കരയില്‍ കയറി.

Loading...

പിന്നീട്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തയുടെ നില മെച്ചപ്പെട്ടു. ചീങ്കണ്ണി ആക്രമണത്തില്‍ നിന്നും മകളെ രക്ഷിച്ചത്‌ മാതാവ്‌ തന്നെയാണെന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. സംഭവം പുറത്തറിഞ്ഞതോടെ നദിയില്‍ ഇറങ്ങരുതെന്ന്‌ നാട്ടുകാര്‍ക്ക്‌ ഫോറസ്‌റ്റ് അധികൃതര്‍ കൃത്യമായ നിര്‍ദേശം നല്‍കിയിരിക്കുകയാണ്‌. വനം വകുപ്പ്‌ ജനുവരിയില്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ നദി 260 മുതലകളുടെ ആവാസകേന്ദ്രമാണ്‌. അതേസമയം നിര്‍ദേശം നല്‍കിയിട്ടും നാട്ടുകാര്‍ ഇപ്പോള്‍ അലക്കാനും കുളിക്കാനും ഈ നദി ഉപയോഗിക്കുന്നുണ്ടെന്നും വനം വകുപ്പ്‌ പറയുന്നു.